കോൺഗ്രസ്‌ ലിസ്‌റ്റിട്ടു;
പൊലീസ്‌ വേട്ടയാടി

അടിയന്തരാവസ്ഥ
avatar
പി ദിനേശൻ

Published on Jun 26, 2025, 03:00 AM | 2 min read

തലശേരി

ബോംബും സൈക്കിൾചെയിനും കത്തിയുമായി കോൺഗ്രസ്‌ ഗുണ്ടാസംഘം തെരുവുകൾ അടക്കിവാണ കാലംകൂടിയായിരുന്നു അടിയന്തരാവസ്ഥ. സിപിഐ എമ്മിന്‌ സ്വാധീനമുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്‌ അടിച്ചമർത്തലിന്‌ പ്രത്യേക പദ്ധതിതന്നെ കോൺഗ്രസ്‌ തയ്യാറാക്കി. ഇന്ന്‌ ചുവന്ന ഗ്രാമങ്ങളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിലെല്ലാം പ്രത്യേക പൊലീസ്‌ ക്യാമ്പുകൾ സ്ഥാപിച്ചായിരുന്നു അടിച്ചമർത്തൽ. തൊഴിൽസ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പൊലീസ്‌ നിരന്തരം കടന്നുചെന്നു. എങ്ങും ഭീകരമായ അന്തരീക്ഷം. എസ്‌എഫ്‌ഐക്കാരെ കെഎസ്‌യുവിൽ ചേരാനും സിഐടിയുക്കാരെ ഐഎൻടിയുസിയിൽ ചേരാനും നിർബന്ധിച്ചു. പണിയെടുക്കാൻ അനുമതി വേണമെങ്കിൽ ഐഎൻടിയുസിയിൽ ചേരണമെന്ന്‌ തിട്ടൂരം. അത്‌ നടപ്പാകാതെ വന്നപ്പോൾ കൊടിയ അക്രമം. മമ്പറം, ഏഴിലോട്‌ തുടങ്ങിയ കേന്ദ്രങ്ങളിൽ യൂത്ത്‌കോൺഗ്രസ്‌ സ്ഥിരംക്യാമ്പ്‌ തുറന്ന്‌ അക്രമത്തിനും കൊള്ളക്കും പരിശീലനം നൽകി. എണ്ണിയാലൊടുങ്ങാത്ത അക്രമപരമ്പരകൾക്കാണ്‌ കണ്ണൂർ ജില്ല അന്ന്‌ സാക്ഷ്യംവഹിച്ചത്‌. എല്ലാത്തിനും കൂട്ടായി പൊലീസും. നിരോധനം ലംഘിച്ച്‌ 
ആയിരങ്ങൾ തെരുവിൽ പിണറായിയിലും പെരളശേരിയിലും പരിസരങ്ങളിലും 1976 ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ സമയബന്ധിത പദ്ധതി തയ്യാറാക്കിയാണ്‌ കോൺഗ്രസ്‌ അക്രമം അഴിച്ചുവിട്ടത്‌. 1976 ജൂൺ അഞ്ചിന്‌ പന്തക്കപ്പാറ ദിനേശ്‌ബീഡി കമ്പനിക്ക്‌ ബോംബെറിഞ്ഞശേഷം കമ്പനിയിൽ കയറി കോൺഗ്രസ്‌ ഗുണ്ടകൾ കൊളങ്ങരേത്ത്‌ രാഘവനെ വെട്ടിക്കൊന്നു. 1976 ഡിസംബർ 30ന്‌ കാവുമ്പായി രക്തസാക്ഷിദിനത്തിൽ നടുവിൽ പതാക ഉയർത്തി മടങ്ങുകയായിരുന്ന കണാരംവയലിലെ സി എ ജോസിനെ കുത്തിക്കൊന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ ഡിസംബർ 31ന്‌ ജില്ലയിലാകെ നടന്ന പണിമുടക്ക്‌ അധികാരികളെയാകെ ഞെട്ടിച്ചു. നിരോധനം ലംഘിച്ച്‌ കരിവെള്ളൂരിൽ 500, വെള്ളൂരിൽ 300, പാപ്പിനിശേരിയിൽ നൂറുപേർ പങ്കെടുത്ത പ്രകടനങ്ങൾ നടന്നു. പ്രതിഷേധപ്രക്ഷോഭങ്ങൾക്കൊപ്പം അവകാശസമരങ്ങൾക്കും കണ്ണൂർ സാക്ഷ്യംവഹിച്ചു. കൈത്തറിത്തൊഴിലാളികൾ 19 ആവശ്യങ്ങളുന്നയിച്ച്‌ ചിറക്കൽ താലൂക്ക്‌ ഹാൻഡ്‌ലൂം വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ സമരം ചെയ്‌തു. 1976 ഡിസംബർ ഒന്നിന്‌ കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി മിച്ചഭൂമി സരമവും നടന്നു. പിണറായിയിൽമാത്രം മുപ്പത്തിയെട്ടോളം ആളുകളെയാണ്‌ ഡിഐആർ പ്രകാരം ജയിലിലടച്ചത്‌. പിണറായി ദിനേശ്‌ ബീഡി സൊസൈറ്റി പ്രസിഡന്റ്‌ പാണ്ട്യാല ഗോപാലൻ മാസ്‌റ്ററെയും ഡയറക്‌ടർ എ ടി രാജനെയും മിസയനുസരിച്ച്‌ ജയിലിലടച്ചു. 1976 ഒക്‌ടോബർ 20ന്റെ സി എച്ച്‌ ദിനത്തിൽ പ്രകടനം നടത്തിയെന്ന കുറ്റം ചുമത്തി തലശേരിയിലെ 11 പേരെ ഡിഐആർ പ്രകാരം അടിയന്തരാവസ്ഥ പിൻവലിക്കുന്നതുവരെ ജയിലിലടച്ചു. കരുത്തോടെ 
വിദ്യാർഥികളും അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയർത്താൻ വിദ്യാർഥികളും മുന്നിലുണ്ടായി. സംസ്ഥാനവ്യാപക പഠിപ്പുമുടക്കിന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആഹ്വാനം ചെയ്‌തത്‌ തലശേരി ചിറക്കര സ്‌കൂളിന്‌ മുന്നിൽവച്ചാണ്‌. വിദ്യാലയ കവാടങ്ങളിൽ പൊലീസ്‌ ലാത്തിയും തോക്കുമായി കാവൽനിന്നിട്ടും വമ്പിച്ച വിദ്യാർഥിപ്രകടനങ്ങളും പഠിപ്പുമുടക്കും നടന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ തലശേരിക്കടുത്ത ടെമ്പിൾഗേറ്റിൽവെച്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി പി ജയരാജനെ കോടതി പരിസരത്തുവെച്ച്‌ ഗുണ്ടകൾ മർദിച്ചുപരിക്കേൽപിച്ചതടക്കം ഒരുപാട്‌ സംഭവങ്ങൾ. എസ്‌എൻ കോളേജ്‌ ക്യാമ്പസിൽ പ്രകടനം നടത്തിയ എസ്‌എഫ്‌ഐ നേതാവ്‌ പി ശശി ഉൾപ്പെടെയുള്ളവരെ അറസ്‌റ്റുചെയ്‌ത്‌ ജയിലിലടച്ചു. തലശേരി ബ്രണ്ണൻ, തളിപ്പറമ്പ്‌ സർസയ്യിദ്‌, പയ്യന്നൂർ കോളേജ്‌, നിർമലഗിരി, കാസർകോട്‌ ഗവ. കോളേജ്‌ തുടങ്ങി വിവിധ കലാലയങ്ങളിൽ വലിയ പ്രതിഷേധമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home