ജയിലെന്ന പാഠശാല; കോളേജെന്ന പോരാട്ട ഭൂമി

പി ദിനേശൻ
Published on Jun 20, 2025, 02:30 AM | 2 min read
തലശേരി
‘‘കൈയാമം വച്ച് തലശേരി ടൗണിലൂടെ നടത്തിച്ചാണ് വിദ്യാർഥികളായ ഞങ്ങളെ കൽതുറുങ്കിലടച്ചത്. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് ഡിഐആർ പ്രകാരമായിരുന്നു അറസ്‌റ്റ്. രണ്ടാഴ്‌ചക്കുശേഷം മോചിതനായെങ്കിലും നീതികേടിനെതിരെ പൊരുതാനുള്ള ഊർജം നിറച്ചത് കണ്ണൂർ സെൻട്രൽ ജയിലിലെ ആ ജീവിതമാണ് ’’–-അടിയന്തരാവസ്ഥയെ ചെറുത്ത് മുന്നേറിയ സമരോത്സുകമായ കാലത്തിന്റെ തീപിടിപ്പിക്കുന്ന ഓർമയാണ് അമ്പതാണ്ടിനിപ്പുറവും ബാലവകാശകമ്മീഷൻ മുൻ ചെയർമാൻ അഡ്വ. പി സുരേഷിന്റെ മനസ്സിൽ ജ്വലിക്കുന്നത്. ജനാധിപത്യവും പൗരാവകാശങ്ങളും ചവിട്ടിമെതിച്ച അർധഫാസിസ്‌റ്റ് വാഴ്ചക്കെതിരെ വിദ്യാർഥികളുടെ കരുത്തൻ പ്രതിരോധമുയർന്ന ആദ്യ ക്യാമ്പസുകളിലൊന്നാണ് ധർമടം ബ്രണ്ണൻ കോളേജ്. അക്കാലത്ത് രണ്ടാംവർഷ ബിഎ വിദ്യാർഥിയും എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു പി സുരേഷ്. ‘‘ജനാധിപത്യവും പൗരാവകാശങ്ങളും ചവിട്ടിമെതിച്ച ഏകാധിപത്യവാഴ്‌ചക്കെതിരായ പ്രതിഷേധത്തിനിടെ കെഎസ്‌യു നടത്തിയ ആക്രമണത്തിൽ ഞങ്ങൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് എന്നെയും സി ഒ അബ്ദുള്ളയെയും അറസ്‌റ്റ് ചെയ്‌തത്. സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ സി ഐ മുതുകത്ത് ആഞ്ഞുകുത്തി. അബ്ദുള്ളയുടെ ബന്ധുവായ ഡിവൈഎസ്‌പി ഇടപെട്ടതിനാൽ മറ്റ് ഭേദ്യമുറകളിൽ നിന്ന് രക്ഷപ്പെട്ടു.’’–- പി സുരേഷ് ആ ദിവസം ഓർത്തെടുത്തു. അടിയന്തരാവസ്ഥയിലെ രണ്ടാം അറസ്‌റ്റ് അടിയന്തരാവസ്ഥക്കെതിരെ എരഞ്ഞോളിയിൽ പ്രകടനം നടത്തിയതിന് സിഐടിയു നേതാവ് ടി പി ശ്രീധരനൊപ്പം വീണ്ടും അറസ്‌റ്റ് ചെയ്യപ്പെട്ടു. രണ്ടാഴ്‌ചക്ക് ശേഷം ജയിൽ മോചിതനായി ക്യാമ്പസിൽ എത്തിയപ്പോൾ കെഎസ്‌യുക്കാരുടെ ഒറ്റതിരിഞ്ഞുള്ള ആക്രമണം. ജീപ്പിലാണ് ഗുണ്ടാസംഘങ്ങൾ ക്യാമ്പസിലെത്തുക. കീഴടങ്ങാതെ ആവുന്നതുപോലെ ചെറുത്തു. പഠനം ഉപേക്ഷിച്ച് പോകാനൊന്നും തയാറായില്ല. ദിവസവും കോളേജിലെത്തി. അടിയന്തരാവസ്ഥ അവസാനിക്കില്ലെന്നായിരുന്നു പലരും കരുതിയത്. അടിയന്തരാവസ്ഥയെ ധീരമായി ചെറുത്ത് എസ്‌എഫ്‌ഐ കരുത്തുകാട്ടി. ദേശാഭിമാനി ബാലസംഘം അവിഭക്ത കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നു പി സുരേഷ്, പതിനഞ്ചാംവയസിൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ആദ്യ ജയിൽവാസം. എസ്‌എഫ്‌ഐ കണ്ണൂർ ജില്ലാക്കമ്മിറ്റിയംഗവും തിരുവനന്തപുരം ജില്ലാ ജോ. സെക്രട്ടറിയുമായിരുന്നു. 1972ൽ സിപിഐ എം അംഗമായി. തിരുവനന്തപുരം ലോ കോളേജിൽനിന്ന് നിയമബിരുദമെടുത്ത ശേഷം മാനന്തവാടിയിൽ ലോക്കൽ സെക്രട്ടറിയായും കൂത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. ഹൈക്കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന പി സുരേഷ് എരഞ്ഞോളി കൊടക്കളം സ്‌കൂളിനടുത്ത പാലോട്ട് ഹൗസിലാണ് താമസം. ഭാര്യ അഡ്വ. വി പി രജിത.









0 comments