കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റോഡുകൾക്ക് ഭൂമിയേറ്റെടുക്കുന്നത് വേഗത്തിലാക്കും: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
Published on Oct 01, 2025, 02:00 AM | 1 min read
മട്ടന്നൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബന്ധിപ്പിക്കുന്ന മൂന്നു റോഡുകൾ നാലുവരിപ്പാതയാക്കാനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ കെ ശൈലജ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തലശേരി –മാഹി ബൈപ്പാസിൽ ബാലത്തിൽനിന്ന് തുടങ്ങി പിണറായി- മമ്പറം- അഞ്ചരക്കണ്ടി വഴി മട്ടന്നുർ വായാന്തോടിൽ അവസാനിക്കുന്ന റോഡിന്റെ സർവേ പ്രവൃത്തികൾ പുരോഗമിച്ചുവരികയാണ്. 21.976 കിലോമീറ്റർ നീളവും 24 മീറ്റർ വീതിയുമുള്ള പാതക്ക് 39.93 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കിഫ്ബിയിൽനിന്ന് ഫണ്ട് അനുവദിക്കുന്ന മുറക്ക് നഷ്ടപരിഹാരത്തുക കൈമാറി പ്രവൃത്തിയുടെ ടെൻഡറിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുറ്റ്യാടി -–നാദാപുരം -–പെരിങ്ങത്തൂർ –മേക്കുന്ന്– -പാനൂർ -–കൂത്തുപറമ്പ് -–മട്ടന്നൂർ എയർപോർട്ട് റോഡിന് 28.55 കിലോമീറ്റർ നീളമാണുള്ളത്. കൂത്തുപറമ്പ്, തലശേരി, മട്ടന്നൂർ മണ്ഡലങ്ങളിലൂടെയാണ് പാത കടന്നുവരുന്നത്. ഇതിന് 39.863 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റെ സാമൂഹ്യാഘാത പഠനം പൂർത്തിയാക്കിയിട്ടുണ്ട്. വിഞ്ജാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ട്. സർവേ നടപടികൾ പൂർത്തിയാക്കി കെട്ടിടങ്ങളുടെയും മറ്റും മൂല്യനിർണയം നടത്തും. പേരാവൂർ –-മട്ടന്നൂർ– എയർപോർട്ട് റോഡ് മാനന്തവാടി മുതൽ അമ്പായത്തോടുവരെ 18 കിലോമീറ്റർ നീളത്തിൽ മലയോര ഹൈവേ പ്രവൃത്തിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ 40 കിലോമീറ്റർ നീളത്തിലുള്ള നിർദിഷ്ട എയർപോർട്ട് കണക്ടിവിറ്റി റോഡ് നിലവിൽ നാലുവരിപ്പാതയായാണ് വികസിപ്പിക്കുന്നത്. ഇതിനായി 84.906 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനുള്ള നടപടികളും നടന്നുവരുന്നുണ്ട്. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.









0 comments