ഭരണഘടന തകർക്കാനുള്ള ചർച്ചകൾക്ക് ആർഎസ്എസ് തുടക്കമിട്ടു: സി എസ് സുജാത

ചടയൻ ഗോവിന്ദൻ ദിനാചരണത്തിന്റെ ഭാഗമായി കമ്പിൽ ടൗണിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Sep 10, 2025, 02:00 AM | 1 min read
മയ്യിൽ
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ മുൻനിർത്തി രാജ്യത്തിന്റെ ഭരണഘടന തകർത്ത് മനുസ്‌മൃതി ഉയർത്തികാട്ടാനുള്ള ചർച്ചകൾക്ക് ആർഎസ്എസ് തുടക്കമിട്ടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. കമ്പിൽ ടൗണിൽ ചടയൻ ഗോവിന്ദൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുജാത. അധികാരം ഉപയോഗിച്ച് കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന ബിജെപിയെ ജനങ്ങൾ തിരിച്ചറിഞ്ഞു. ഇതിനാലാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് ഭരിക്കാമെന്ന ബിജെപിയുടെ വ്യാമോഹം പൊലിഞ്ഞത്. രാജ്യത്തെ കോർപ്പറേറ്റുകൾക്ക് വിറ്റ് പാവപ്പെട്ട ജനതയെ കൂടുതൽ ദരിദ്രരാക്കുകയാണ് ബിജെപി. കേരളത്തിൽ എല്ലാവിഭാഗം ജനതയെയും ചേർത്ത്പിടിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിനാൽ ജനങ്ങളിൽ ഇടതുപക്ഷത്തിന്റെ സ്വീകാര്യത വർധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞാലും കേരള ജനതയെ കൈവിടാതെ ചേർത്തുപിടിക്കുന്ന സർക്കാർ നമുക്ക് അഭിമാനമാണ്. ഈ സ്വീകാര്യത വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കും– സി എസ് സുജാത പറഞ്ഞു.









0 comments