ശുചിത്വ സുന്ദരമാകും ഈ മനോഹര തീരം

അഴീക്കോട് കടലിലും തീരത്തും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കി മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശ സൗന്ദര്യവും ഉറപ്പാക്കാൻ അന്താരാഷ്ട്ര തീരദേശ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഡിടിപിസിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്ലൂ ഫ്ലാഗ് പദവി നേടിയ അഴീക്കോട് പഞ്ചായത്തിലെ ചാൽ ബീച്ചിൽ മെഗാ ശുചീകരണം നടത്തി. അസി. കലക്ടര്‍ എഹ്‌തെദ മുഫസിര്‍ ഉദ്ഘാടനംചെയ്തു. തീരദേശത്ത് വർധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ച് അവബോധം വളർത്തുക, പരിസ്ഥിതിയുടെ പരിപാലനം ജനങ്ങളിൽ എത്തിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ലക്ഷ്യം. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ശുചീകരണം. ഒറ്റത്തവണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും ഒപ്പും ശേഖരിച്ചു. മലിനീകരണ ബോധവൽക്കരണ പ്രതിജ്ഞചൊല്ലി. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷനായി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഓഫീസർ സൗരഭ്കുമാർ മൗര്യ മുഖ്യാതിഥിയായി. ഡിടിപിസി സെക്രട്ടറി പി കെ സൂരജ്, മാനേജർ പി ആർ ശരത്കുമാർ, കൃഷ്ണമേനോൻ വനിതാ കോളേജ് എൻഎസ്എസ് കോ ഓഡിനേറ്റർ കെ പി നിധീഷ്, അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എഎസ്ഐമാരായ മനോജ്കുമാർ, രാജു പോത്തൻ എന്നിവര്‍ സംസാരിച്ചു.









0 comments