പോരാളികൾക്ക് ആദരം

തലശേരി
ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുമായി കീഴടങ്ങാതെ പൊരുതിയ ധീരന്മാർക്ക് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ നാടിന്റെ ആദരം. കേരളം തടവറയായി മാറിയ ഇരുണ്ട കാലത്തെ പ്രതിരോധിച്ചവരെ ജനാധിപത്യ സംരക്ഷണ സംഗമത്തിൽ കണ്ണൂർ പാട്യം ഗോപാലൻ പഠന ഗവേഷണകേന്ദ്രം ആദരിച്ചു. അടിയന്തരാവസ്ഥയിൽ പൊലീസ്–-ഗുണ്ടാ മർദനവും ജയിൽവാസവും അനുഭവിച്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 360 പേർ ആദരം ഏറ്റുവാങ്ങി. കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ടൗൺഹാളിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. അർധഫാസിസ്‌റ്റ് ഭീകരവാഴ്‌ച കാലത്തെ പീഡാനുഭവങ്ങളുടെ തീക്കടൽ കടന്നുവന്നവരായിരുന്നു ആദരമേറ്റുവാങ്ങിയവരെല്ലാം. മർദനമേറ്റ് ശരീരം ക്ഷയിച്ചവർ, ജയിൽവാസത്തിന്റെ കഠിനകാലം താണ്ടിയവർ...ഓരോരുത്തർക്കും പറയാൻ ഒരുപാട് പൊള്ളുന്ന ഓർമകൾ. ഒരിക്കലും അവസാനിക്കില്ലെന്ന് കരുതിയ അടിയന്തരാവസ്ഥയെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞ ജനകീയ പ്രതിരോധത്തിന്റെ കരുത്ത് 21 മാസവും കേരളം കണ്ടതാണ്. അടിയന്തരാവസ്ഥയിൽ മിസ തടവുകാരനായിരുന്ന മുതിർന്ന സിപിഐ എം നേതാവ് കെ പി സഹദേവൻ, ടി കൃഷ്‌ണൻ എന്നിവരും ആദരം ഏറ്റുവാങ്ങി. അടിയന്തരാവസ്ഥയിൽ പീഡനം അനുഭവിച്ചവരുടെ ഓർമയും അനുഭവവും കോർത്തിണക്കി പുസ്‌തകം പ്രസിദ്ധീകരിക്കുമെന്ന് പാട്യം ഗോപാലൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ പി ഹരീന്ദ്രൻ പറഞ്ഞു. പ്രസംഗം സംസ്ഥാന കമ്മിറ്റി അംഗം എം പ്രകാശൻ പരിഭാഷപ്പെടുത്തി. എം സുരേന്ദ്രൻ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കാരായി രാജൻ സ്വാഗതം പറഞ്ഞു. എം സി പവിത്രൻ, സി കെ രമേശൻ, കെ ശശിധരൻ, കെ ധനഞ്ജയൻ, കെ മനോഹരൻ, മുഹമ്മദ് അഫ്‌സൽ, ടി ശബ്‌ന എന്നിവരും പങ്കെടുത്തു.
കാണാം, കറുത്തകാലത്തിന്റെ ഭീകരത
തലശേരി
പൊലീസും ഗുണ്ടകളും വേട്ടയാടിയ ഗ്രാമങ്ങൾ, ചോര തളംകെട്ടിയ ലോക്കപ്പുകൾ, ചാമ്പലാക്കപ്പെട്ട ഗ്രന്ഥശാലകൾ, കത്തിയമർന്ന പണിശാലകൾ.... അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതയുടെ ഓർമപ്പെടുത്തലാണ് ഇവയോരോന്നും. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം ടൗൺഹാളിൽ ഒരുക്കിയ ചരിത്ര ചിത്രപ്രദർശനം നാട് നടുങ്ങിയ ആ കറുത്ത നാളുകളെ അടയാളപ്പെടുത്തുന്നതായി. രാജ്യം തടവറയായി മാറിയ കാലത്തെ ഭരണകൂടത്തിന്റെ ഭീകരതാണ്ഡവവും നേതാക്കളുടെ അറസ്‌റ്റുമെല്ലാം പ്രദർശനത്തിലുണ്ട്. അർധ ഫാസിസ്‌റ്റ് ഭരണകൂട ഭീകരതയുടെ ചോരമണക്കുന്ന ചരിത്രം വീണ്ടും വായിക്കുകയാണ് പ്രദർശനത്തിലൂടെ. രാജ്യത്തെ അർധഫാസിസത്തിന്റെ ഇരുൾക്കയങ്ങളിലേക്ക് തള്ളിയിട്ട ഇന്ദിരാഗാന്ധി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തലും മർദനവുമെല്ലാം കാഴ്‌ചക്കാരുടെ ഓർമയെ തട്ടിയുണർത്തും. ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ അണിചേരുകയും കൊടിയ മർദനം ഏറ്റുവാങ്ങുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌ത ധീരരുടെ സ്‌മരണകളിലൂടെയാണ് ഓരോ കാഴ്‌ചയും കടന്നുപോകുന്നത്. അക്കാലത്ത് നടന്ന കണ്ണില്ലാത്ത ക്രൂരതകളും അടിച്ചമർത്തലുകളും പൗരാവകാശ ലംഘനങ്ങളുമെല്ലാം വരികളിലൂടെയും വരകളിലൂടെയും ചിത്രങ്ങളിലൂടെയും ആവിഷ്‌കരിക്കുന്നു. ഭീഷണി വകവയ്‌ക്കാതെ അതിശക്ത കവിതകളിലൂടെയും കഥകളിലൂടെയും സർഗാത്മക പ്രതിരോധം തീർത്ത എഴുത്തുകാരുടെ സൃഷ്‌ടികളുമുണ്ട്. സച്ചിദാനന്ദന്റെ നാവുമരം, വൈലോപ്പിള്ളിയുടെ മാവേലി നാടുവാണീടും കാലം, അയ്യപ്പപ്പണിക്കരുടെ പൂജ്യം എന്നിവയും പ്രദർശനത്തിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പീഡനം അനുഭവിച്ച ടി പി ശ്രീധരൻ, ചുണ്ടങ്ങാപൊയിലെ എം ശ്രീധരൻ, അഡ്വ. പി കെ വിജയൻ എന്നിവർ ചേർന്ന് ചരിത്രചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ഹരീന്ദ്രൻ, ഏരിയാ സെക്രട്ടറി സി കെ രമേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം സി പവിത്രൻ, മുഹമ്മദ് അഫ്സൽ, ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.









0 comments