ടോപ്‌
ഗിയറിൽ
മലയോരം

മലയോര ഹൈവേയിലെ 
ചെറുപുഴ– 
മഞ്ഞക്കാട് ഭാഗം
avatar
എൻ കെ സുജിലേഷ്‌

Published on May 08, 2025, 03:00 AM | 1 min read

കണ്ണൂർ

മലയോരജനതയുടെ യാത്രകൾക്കിപ്പോൾ സ്വപ്‌നവേഗമാണ്‌. പൊതുഗതാഗത സൗകര്യങ്ങളിൽ വന്ന മാറ്റം അവരുടെ ജീവിതത്തിൽ തൊട്ടറിയാനാകും. കാർഷികോൽപ്പന്നങ്ങളുടെയും മലഞ്ചരക്ക്‌ –- സുഗന്ധ ദ്രവ്യങ്ങളുടെയും വ്യാപാരത്തിൽ വന്ന മാറ്റത്തിന്‌ മലയോര ഹൈവേയുടെ വരവ്‌ വഹിച്ച പങ്കും വിവരണാതീതമാണ്‌. കല്ലിലൊതുങ്ങിയ പദ്ധതിക്ക്‌ നാടിനോട്‌ പ്രതിബദ്ധതയുള്ള സർക്കാർ അധികാരത്തിലെത്തിയപ്പോൾ ജീവൻവച്ചു. അധികാരത്തിലെത്തി നാലുവർഷത്തിനുളളിൽ ആദ്യഘട്ടം പൂർത്തിയാക്കിയതിൽത്തന്നെ ഈ പ്രതിബദ്ധത വ്യക്തമാണ്‌. തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട് ഫണ്ടുപോലും അനുവദിക്കാതെ യുഡിഎഫ്‌ സർക്കാർ അവസാന കാലത്ത്‌ തട്ടിക്കൂട്ടി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു മലയോര ഹെെവേ. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് വാരലായിരുന്നു ലക്ഷ്യം. ഒരിക്കലും നടപ്പാകില്ലെന്ന്‌ കരുതിയ ആ പദ്ധതിക്കായി എൽഡിഎഫ്‌ സർക്കാർ ഇറങ്ങിയതോടെ മലയോരജനതയുടെ സ്വപ്‌നങ്ങൾക്ക്‌ ചിറകുമുളച്ചു. ഇതിനെ പിന്നോട്ടുവലിക്കാൻ പദ്ധതിക്ക്‌ എൽഡിഎഫ്‌ തുരങ്കംവയ്‌ക്കുന്നെന്ന്‌ ആരോപിച്ച്‌ യുഡിഎഫ്‌ മലയോര ഹർത്താൽ ഉൾപ്പെടെയുള്ള സമരകോലാഹലങ്ങളും നടത്തി. 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ എൽഡിഎഫ്‌ സർക്കാർ ആദ്യഘട്ടത്തിൽത്തന്നെ ഏറ്റെടുത്ത പദ്ധതികളിലൊന്നായിരുന്നു മലയോര ഹൈവേ. ചെറുപുഴമുതൽ വള്ളിത്തോടുവരെയും (69 കിലോമീറ്റർ) വള്ളിത്തോടുമുതൽ മണത്തണവരെയും രണ്ട്‌ റീച്ചുകളായാണ്‌ ഹൈവേ യാഥാർഥ്യമായത്‌. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലെ ചെറുപുഴ, ആലക്കോട്, നടുവിൽ, ഏരുവേശി, പയ്യാവൂർ, ഉളിക്കൽ, പായം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഹൈവേക്ക്‌ ജില്ലയിൽ 126 കിലോമീറ്ററാണ്‌ ദൈർഘ്യം. 12 മീറ്ററാണ്‌ വീതി. ആദ്യ റീച്ചിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കും രണ്ടാംറീച്ചിൽ ഇരിക്കൂർ കൺസ്‌ട്രക്ഷൻസിനുമായിരുന്നു നിർമാണച്ചുമതല. വിമാനത്താവള റോഡിന്റെ നിലവാരത്തിലേക്കുയരുന്നതിനാൽ മണത്തണമുതൽ അമ്പായത്തോടുവരെ അറ്റകുറ്റപ്പണി നടത്തി മെച്ചപ്പെടുത്തി. ഏഴുമീറ്റർ വീതിയിൽ ബിഎം ബിസി ടാർ ചെയ്തു. ശാസ്‌ത്രീയ ഓവുചാലുകളും തെരുവു വിളക്കുകളും സൂചനാബോർഡുകളും ഒരുക്കി. മലയോര മേഖലയുടെ മുഖച്ഛായ മാറ്റുന്നതായിരുന്നു പദ്ധതി. കാസർകോട് - നന്ദാരപ്പടവുമുതൽ തിരുവനന്തപുരം പാറശാലവരെ നീളുന്ന 793.68 കിലോമീറ്ററാണ്‌ മലയോര ഹൈവേ. മലയോര ഹൈവേയുടെ നിർമാണത്തിനായി 2017ലാണ് കിഫ്ബി ഭരണാനുമതി നൽകിയത്. ഹൈവേ പൂർണമായും പണി തീർക്കാൻ 3600 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home