എന്റെ കേരളം മേള കൊടിയിറങ്ങി


സ്വന്തം ലേഖകൻ
Published on May 15, 2025, 02:30 AM | 2 min read
കണ്ണൂർ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന എന്റെ കേരളം പ്രദർശന വിപണനമേള സമാപിച്ചു. വി ശിവദാസൻ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിൽപ്പെട്ട മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിച്ചു.കെ വി സുമേഷ് എംഎൽ എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കലക്‌ടർ അരുൺ കെ വിജയൻ, തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്‌ടർ ടി ജെ അരുൺ, ജില്ലാപഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്‌റ്റന്റ് എഡിറ്റർ സൗമ്യ മത്തായി എന്നിവർ സംസാരിച്ചു. മികച്ച സ്റ്റാളുകൾക്കും മാധ്യമങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ഇ വി പ്രേമരാജൻ, കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ, ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ എന്നിവരടങ്ങുന്ന ജൂറിയാണ് വിവിധ വകുപ്പുകളും ഏജൻസികളും ഒരുക്കിയ സ്റ്റാളുകളുടെ മൂല്യ നിർണയം നടത്തിയത്.
മികച്ച വരുമാനം നേടി സ്റ്റാളുകൾ
കണ്ണൂർ എന്റെ കേരളം മേളയിലെ 78 വാണിജ്യ സ്റ്റാളുകളിൽനിന്നായി 36,51,539 രൂപ വരുമാനം ലഭിച്ചു. എട്ടുമുതൽ 13 വരെയുള്ള വരുമാനമാണിത്. ഫുഡ് കോർട്ടിൽനിന്നുള്ള ആകെ വരുമാനം 12,23,905 രൂപ. വിവിധ സർക്കാർ വകുപ്പുകളിൽനിന്നായി ആകെ 1,069,063 വരുമാനം നേടി. 52000 ചതുരശ്ര അടിയിലേറെ വിസ്തീർണത്തിൽ നിർമിച്ച പവിലിയനിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളുടെയും 255ലധികം സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാൻ വൻജനാവലിയാണ് മേളക്കെത്തിയത്.
സമഗ്ര കവറേജ് പുരസ്കാരം ദേശാഭിമാനിക്ക്
കണ്ണൂർ രണ്ടാം പിണറായി സർക്കാർ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമഗ്ര കവറേജ് പുരസ്കാരം ദേശാഭിമാനിക്ക്. മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം സീനിയർ റിപ്പോർട്ടർ എൻ കെ സുജിലേഷിനും ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം സുമേഷ് കോടിയത്തിനുമാണ്. ദൃശ്യമാധ്യമ പുരസ്‌കാരം മനോജ് മയ്യിൽ (റിപ്പോർട്ടർ, കണ്ണൂർ വിഷൻ), വി പി - ലിജിൻ (ക്യാമറാമെൻ, മനോരമ ന്യൂസ്), സിറ്റി വിഷൻ ചാനൽ (സമഗ്ര കവറേജ്) എന്നിവയ്‌ക്ക് ലഭിച്ചു. പ്രൈം 21 ചാനൽ, മലബാർ വിഷൻ, ക്ലബ് എഫ്എം എന്നിവയ്‌ക്കും വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരം ലഭിച്ചു.









0 comments