കലയുടെ കൈതൊട്ടു 
തെളിഞ്ഞു വർണചിത്രങ്ങൾ

 വി പി രാജൻ

വി പി രാജൻ

avatar
ജസ്‌ന ജയരാജ്‌

Published on Apr 04, 2025, 03:00 AM | 1 min read

കണ്ണൂർ

ഇരുകൈപ്പത്തികളും മുറിച്ചുമാറ്റേണ്ടിവരുമെന്ന്‌ വൈദ്യശാസ്‌ത്രം വിധിയെഴുതിയ മനുഷ്യന്റെ വിരലുകൾ തീർക്കുന്നത്‌ വർണചിത്രങ്ങൾ. അവിശ്വസനീയമെന്നു തോന്നുമെങ്കിലും എഴുപതുകാരനായ വി പി രാജന്റെ ജീവിതമാണിത്‌. ഏകാന്തതയെ അതിജീവിക്കാൻ കുട്ടിക്കാലത്തെങ്ങോ മറന്നുവച്ച ചിത്രരചന കൂടെ കൂട്ടിയപ്പോൾ പിറന്നത്‌ അതിമനോഹര ചിത്രങ്ങളാണ്‌. മാങ്ങാട്ടെ വീട്ടിൽ ഒരുക്കിയ ആർട്ട്‌ ഗ്യാലറിയിൽ രാജൻ വരച്ച ചുവർചിത്രങ്ങളുടെ പ്രദർശനം ശനി രാത്രി ഏഴിന്‌ എം വിജിൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. 35 ചുവർചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനം തിങ്കളാഴ്‌ചവരെയുണ്ടാകും. ബിഎസ്‌എഫ്‌ സൈനികനായി കശ്‌മീരിൽ ജോലി ചെയ്യവേ മുപ്പതാം വയസിലാണ്‌ രാജൻ അപകടത്തിൽപ്പെട്ടത്‌. മഞ്ഞുമലയിറങ്ങി വരുമ്പോൾ രാജനുൾപ്പടെയുള്ള സൈനികരുടെ സംഘം താഴേക്കുവീണു. മൂന്നുപേർ മരിച്ചെങ്കിലും ധരിച്ചിരുന്ന കോട്ട്‌ മരക്കൊമ്പിൽ കുടുങ്ങിയതിനാൽ രാജൻ രക്ഷപ്പെട്ടു. ഹെലികോപ്‌റ്റർ സേവനമില്ലാതിരുന്നതിനാൽ രണ്ട്‌ ദിവസം കഴിഞ്ഞാണ്‌ ശ്രീനഗറിലെ സൈനിക ആശുപത്രിയിലെത്തിയത്‌. കൈപ്പത്തിയിലെ മുറിവുകളിൽ മഞ്ഞുകട്ടകൾ കയറി രക്തം കട്ടപിടിച്ച നിലയിലായിരുന്നു. പഴുപ്പ്‌ ബാധിച്ചപ്പോൾ ഇരുകൈപ്പത്തികളും മുറിച്ചുകളയണമെന്നാണ്‌ ഡോക്ടർമാർ വിധിയെഴുതിയത്‌. അത്‌ ഉൾക്കൊള്ളാനാവാത്തതിനാൽ അവധിയെടുത്ത്‌ നാട്ടിൽ വന്നു. ആയുർവേദ ചികിത്സ നടത്തി അൽപം ഭേദമായപ്പോൾ വീണ്ടും കശ്‌മീരിലേക്ക്‌ തിരിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ വർധിച്ചതോടെ ജോലിയിൽനിന്ന്‌ സ്വയം വിരമിച്ച്‌ നാട്ടിലേക്ക്‌ തിരിച്ചു. വർഷങ്ങളുടെ ചികിത്സയിൽ രോഗം ഭേദമായി. പിന്നീട്‌ പൊടിക്കുണ്ട്‌ മിൽമ ഡെയ്‌റിയിൽ വർഷങ്ങളോളം സെക്യൂരിറ്റി ജോലിചെയ്‌തു. കെൽട്രോൺ ജീവനക്കാരിയായിരുന്ന ഭാര്യ സി ഗീത 11 വർഷംമുമ്പ്‌ അർബുദം ബാധിച്ച്‌ മരിച്ചു. മക്കളായ ബിജോയിയും ബിനോയിയും ചെറുപ്പം മുതൽ ചിത്രകലയിൽ പ്രതിഭകളായിരുന്നു. ബിജോയ്‌ ദുബായിൽ പരസ്യകമ്പനിയിൽ ഡയറക്ടറും ഇളയമകൻ ബിനോയ്‌ റൂർക്കി ഐഐടിയിൽ ഉദ്യോഗസ്ഥനുമാണ്‌. ഇതോടെ രാജൻ വീട്ടിൽ ഒറ്റയ്‌ക്കായി. കോവിഡ്‌ കാലം ഏകാന്തതയുടെ ആഴം കൂട്ടിയപ്പോൾ കണ്ടെത്തിയ വഴിയാണ്‌ ചുവർ ചിത്രരചന. പയ്യന്നൂരിലെ ശ്രീജിത്‌ അരിയിലിനുകീഴിൽ ചുവർചിത്രരചന പഠിച്ചു. കണ്ണൂരിലും പയ്യന്നൂരിലും നടന്ന പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home