സ്‌മാർട്ട് ഓഫീസിൽ ഫുൾ സ്‌മാർട്ട് മീറ്ററും


സ്വന്തം ലേഖകൻ
Published on Oct 11, 2025, 02:00 AM | 1 min read
കണ്ണൂർ
ജില്ലയിലെ സർക്കാർ ഓഫീസുകളിൽ പഴയ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പരിപാടി സജീവം. ആദ്യഘട്ടത്തിൽ 10,833 സിംഗിൾ ഫേസ് മീറ്ററുകളാണ് സ്‌മാർട്ട് മീറ്ററാകുന്നത്. കെഎസ്ഇബി ജീവനക്കാർ നേരിട്ടെത്തിയാണ് മീറ്റർ മാറ്റിസ്ഥാപിക്കുന്നത്. മീറ്റർ മാറ്റുന്നതിന് വലിയ കമ്പനികൾക്ക് കരാർ നൽകി ടോട്ടക്സ് മാതൃകയിൽ നടപ്പാക്കാനുള്ള കേന്ദ്ര പദ്ധതിയാണിത്. എന്നാൽ, ഇതിന് ബദലായി കേരളത്തിൽ കെഎസ്‌ഇബി നേരിട്ട് ക്യാപക്സ് മാതൃകയിൽ പൊതുമേഖലയിൽ തന്നെ സ്ഥാപിക്കുകയാണ്. രാജ്യത്ത് ആദ്യമായാണിത്. ജില്ലയിലെ എല്ലാ സെക്ഷൻ ഓഫീസിലും മീറ്ററുകൾ എത്തിച്ചു. ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകി. പ്രത്യേക വെബ് ആപ്ലിക്കേഷൻ വഴിയാണ് സ്‌മാർട്ട് മീറ്ററുകളെ ബിൽ സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കുന്നത്. മീറ്റർ മാറ്റിസ്ഥാപിക്കുന്ന ജോലിയേറ്റെടുത്ത ജീവനക്കാർക്ക് ഫീൽഡിൽനിന്നും തത്സമയം വിവരങ്ങൾ നൽകാനാവുന്ന വിധത്തിൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് എന്ന മൊബൈൽ ആപ്പും ഉണ്ട്. ഈ ആപ്പിൽ പുതിയ മീറ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്‌ത് പഴയ മീറ്ററിന്റെ വിവരവും നൽകിയാൽ പ്രവർത്തന ക്ഷമമാകും. റീഡിങ് വിവരങ്ങൾ മീറ്ററിലെ സിം കാർഡുവഴി സന്ദേശമായി ബിൽ സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കും. അവിടെനിന്നും സന്ദേശമായി ഉപഭോക്താക്കളിലുമെത്തും. മൊബൈലിൽ തന്നെ ക്ലിക്ക് ചെയ്‌താൽ ബില്ലുമടക്കാനാകും.









0 comments