ആർഎസ്‌എസ് കൊലക്കത്തിയെ അതിജീവിച്ച പോരാളി

കെ ചന്ദ്രന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പുഷ്‌പചക്രം അർപ്പിക്കുന്നു.

സ്വന്തം ലേഖകൻ
Published on Sep 07, 2025, 02:00 AM | 1 min read
ന്യൂമാഹി
ആർഎസ്‌എസ് കൊലക്കത്തിയെ ധീരതയോടെ നേരിട്ട് പൊരുതിക്കയറിയ കമ്യൂണിസ്‌റ്റാണ് ന്യൂമാഹി കിടാരൻ കുന്നിൽ അന്തരിച്ച കെ ചന്ദ്രൻ. കല്ലായിചുങ്കത്തെ ഓഫീസിൽ ബ്രാഞ്ച് യോഗത്തിൽ പങ്കെടുക്കാൻ പോകുന്പോൾ 1979 ലാണ് ആർഎസ്‌എസ് ചന്ദ്രനെ വധിക്കാൻ ശ്രമിച്ചത്. ശരീരമാസകലം വെട്ടേറ്റ് മരിച്ചെന്ന് കരുതി അക്രമിസംഘം ഉപേക്ഷിച്ചുപോയതാണ്. തക്കസമയത്ത് ആശുപത്രിയിലെത്തിക്കാനായതുകൊണ്ടുമാത്രമാണ് ജീവൻ രക്ഷിക്കാനായത്. സിപിഐ എം പ്രവർത്തകരായ എം കെ വസന്തൻ, രാമചന്ദ്രൻ എന്നിവർക്കും അന്ന് അക്രമത്തിൽ പരിക്കേറ്റിരുന്നു. ന്യൂമാഹി പഞ്ചായത്ത് രൂപീകരിച്ചശേഷം 1980ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആശുപത്രിയിൽ കിടന്നാണ് ചന്ദ്രൻ ജനവിധി തേടിയത്. എന്നിട്ടും കരീക്കുന്ന് വാർഡിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തു. പ്രഥമ ന്യൂമാഹി പഞ്ചായത്തിന്റെ വൈസ്‌പ്രസിഡന്റായും പ്രവർത്തിച്ചു. 1973ൽ പതിനെട്ടാം വയസിൽ സിപി ഐ എം അംഗമായതാണ് ചന്ദ്രൻ. അടിയന്തരാവസ്ഥക്കാലത്ത് അറസ്‌റ്റ്‌ചെയ്യാൻ ശ്രമിച്ചെങ്കിലും ഒളിവിൽപോയി. ആർഎസ്‌എസ് ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ എന്നും മുന്നിലുണ്ടായി. മാഹി, ന്യൂമാഹി, കോടിയേരി പ്രദേശങ്ങൾ ഉൾപ്പെട്ട അവിഭക്ത കോടിയേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ന്യൂമാഹി ലോക്കൽ കമ്മിറ്റി രൂപീകരിച്ചപ്പോൾ പ്രഥമ സെക്രട്ടറിയായി. ന്യൂമാഹിയിലെ ഓട്ടോറിക്ഷ തൊഴിലാളികളെ സംഘടിപ്പിക്കാനും മുന്നിലുണ്ടായിരുന്നു. ഏത് ആവശ്യത്തിനും ജനങ്ങൾക്ക് ആശ്രയിക്കാനാവുന്ന പൊതുപ്രവർത്തകനെയാണ് കെ ചന്ദ്രന്റെ വേർപാടിലൂടെ നഷ്‌ടമായത്. സ്പീക്കർ എ എൻ ഷംസീർ, സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.









0 comments