വോട്ട് നീക്കാൻ അപേക്ഷിച്ച കൗൺസിലർക്ക് വധഭീഷണി

തലശേരി
വാർഡിൽ സ്ഥിരതാമസമില്ലാത്തവരുടെ വോട്ട് നീക്കാൻ അപേക്ഷിച്ച തലശേരി നഗരസഭാ കൗൺസിലർ തബസത്തിന് വധഭീഷണി. കോൺഗ്രസ്, മുസ്ലിംലീഗ്, ബിജെപി പ്രവർത്തകർ ചേർന്ന് കൈയേറ്റം ചെയ്യാനും ശ്രമിച്ചു. നഗരസഭാ ഓഫീസിൽ ആക്ഷേപം സംബന്ധിച്ച തെളിവെടുപ്പിനിടെയായിരുന്നു സംഭവം. ഒടുവിൽ പൊലീസ് സംരക്ഷണയിലാണ് ഇവരെ നഗരസഭാ ഓഫീസിൽനിന്ന് പുറത്തെത്തിച്ചത്. തലശേരി ടൗണിലെ മാരിയമ്മ വാർഡിൽ താമസമില്ലാത്തവരുടെ വോട്ട് നീക്കാൻ അപേക്ഷിച്ചതാണ് കോൺഗ്രസിനെയും ബിജെപിയെയും ലീഗിനെയും പ്രകോപിപ്പിച്ചത്. കുത്തിക്കൊല്ലുമെന്നും പച്ചക്ക് കത്തിക്കുമെന്നുമടക്കം ഭീഷണിയുണ്ടായി. മഹിളാ കോൺഗ്രസ് നേതാവടക്കമുള്ളവരാണ് കൈയേറ്റത്തിന് മുതിർന്നത്. എൽഡിഎഫ് വാർഡ് കൺവീനർ നിയാസ് പിലാക്കണ്ടിക്ക് നേരെയും വെല്ലുവിളിയുണ്ടായി. തട്ടിക്കളയുമെന്നും വെറുതെവിടില്ലെന്നുമായിരുന്നു ആക്രോശം. ആലമ്പത്ത് വളപ്പ് പ്രദേശത്താണ് വൻതോതിൽ വ്യാജവോട്ടുള്ളത്. കുയ്യാലിയിൽ താമസിക്കുന്ന ബിജെപി നേതാവായ മുൻ കൗൺസിലറുടെ ഒറ്റുമുറിയിൽ മാത്രം 15 വോട്ടാണ് ചേർത്തത്. ആൾതാമസമില്ലാത്ത കെട്ടിട നമ്പർ ഉപയോഗിച്ചാണ് തൃശൂർ മോഡലിൽ വ്യാപകമായി വോട്ട് ചേർത്തത്. ആവശ്യമായ മുഴുവൻ രേഖകളും ഉൾപ്പെടുത്തി അപേക്ഷ നൽകിയതിനാൽ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. ഫോണിലൂടെയും ഭീഷണിയുണ്ടായതായി തബസം പറഞ്ഞു. കൗൺസിലറുടെ വീട്ടിലേക്ക് ബിജെപി മാർച്ച് അനധികൃതമായി വോട്ട് ചേർക്കാനുള്ള നീക്കം ചോദ്യംചെയ്ത നഗരസഭാ കൗൺസിലറുടെ വീട്ടിലേക്ക് ബിജെപിയുടെ ഭീഷണി മാർച്ച്. മാരിയമ്മ വാർഡ് കൗൺസിലർ തബസത്തിന്റെ പിലാക്കൂലിലെ വീട്ടിലേക്കാണ് വെള്ളി രാത്രി മാർച്ച് നടത്തിയത്. വാർഡിൽ താമസമില്ലാത്തവരുടെ വോട്ട് നീക്കം ചെയ്യാൻ അപേക്ഷിച്ചതിന് കഴിഞ്ഞ ദിവസം ഇവർക്ക് നേരെ കൈയേറ്റ ശ്രമവും വധഭീഷണിയുമുണ്ടായിരുന്നു. എന്നിട്ടും പിന്മാറാതെ അനധികൃത വോട്ട് തടയാൻ ശ്രമിച്ചതോടെയാണ് കൗൺസിലറുടെ വീട്ടിലേക്ക് തിരിഞ്ഞത്. പൊലീസ് എത്തിയാണ് മാർച്ച് തടഞ്ഞത്. ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള 40 പേരുടെ വോട്ട് അനധികൃതമായി ചേർക്കാൻ ബിജെപി ശ്രമിച്ചത് കൗൺസിലർ ചോദ്യം ചെയ്തിരുന്നു. വോട്ട് ചേർക്കാനെത്തിയവരോട് വനിതാ കൗൺസിലർ ഹിന്ദിയിൽ സംസാരിച്ചപ്പോൾ നാട്ടിലാണ് വോട്ടും ആധാറുമുള്ളതെന്ന് അവർ തുറന്നു പറഞ്ഞു. ഇതോടെ തൃശൂർ മോഡലിൽ വോട്ട് ചേർക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു. ഇതിന്റെ ജാള്യം മറയ്‌ക്കാനാണ് കൗൺസിലറുടെ വീട്ടിലേക്കുള്ള വഴിവിട്ട പ്രതിഷേധം.









0 comments