കരുണേട്ടൻ കരുനീക്കിയാൽ വേറെ ലെവലാ

പി ദിനേശൻ
Published on Feb 22, 2025, 02:30 AM | 1 min read
തലശേരി
ചെസ്സിലെ 64 കളങ്ങളിലേക്ക് കരുക്കൾ നീക്കുന്നതുപൊലെ കറുപ്പും വെളുപ്പം നിറഞ്ഞതായിരുന്നു മേലൂർ ‘ഷീന’ നിവാസിൽ പി കരുണന്റെ ജീവിതവും. ചെസ്സിനെയും കളിയെയും ഇത്രമേൽ സ്‌നേഹിച്ച മറ്റൊരാളുണ്ടാവില്ല. ചെത്തുതൊഴിലാളിയായ കരുണൻ ബാല്യത്തിലെ ഒപ്പം കൂട്ടിയതാണ് ചെസ്സിനെ. മൂന്ന് മക്കളെയും ചെസ് കളിയിലേക്ക് നയിച്ചതും ചെസ്സിനോടുള്ള അഭിനിവേശമായിരുന്നു. മക്കളിലൂടെ ദേശീയ–-സംസ്ഥാനതലത്തിൽ അംഗീകാരം നേടുമ്പോൾ ആദരിക്കപ്പെട്ടത് കരുണേട്ടന്റെ ചെസ്‌ഭ്രമംകൂടിയാണ്. പതിറ്റാണ്ടുകളോളം ചെസ് മത്സരങ്ങളുടെ പ്രധാന സംഘാടകനായിരുന്നു. സംസ്ഥാന–-ജില്ലാ മത്സരങ്ങൾ പലത് സംഘടിപ്പിച്ചു. ജില്ലയ്‌ക്കകത്തും പുറത്തുമായി നൂറുകണക്കിന് കുട്ടികളെ ചെസ് പഠിപ്പിച്ചു. കുട്ടികളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെസ് മത്സരത്തിൽ പങ്കെടുത്തു. നാലാം ക്ലാസുകാരനായ കരുണന് ഭാഷയോ ദേശമോ ഒന്നും ചെസ്സിന് തടസ്സമായില്ല. പാലയാട് സർവകലാശാലാ സെന്റർ കേന്ദ്രീകരിച്ച് ആനന്ദ് ചെസ് അക്കാദമി തുടങ്ങിയത് കരുണേട്ടനായിരുന്നു. കളികൾ സംഘടിപ്പിക്കുന്നതിൽ മാത്രംഒതുങ്ങുന്നതായിരുന്നില്ല ചെസ്സിനോടുള്ള താൽപ്പര്യം. വാർത്ത പത്രങ്ങളിൽ നൽകുന്നത് മുതൽ പ്രസിദ്ധീകരിക്കുന്നത് വരെ അതിനുപിന്നാലെ കരുണേട്ടനുണ്ടായി. പത്രങ്ങളിൽ ചെസ് മത്സരവാർത്തകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നതായിരുന്നു പ്രധാന പരാതി. ചെസ്‌പോലെ വൃക്ഷങ്ങളെയും കരുണേട്ടൻ സ്‌നേഹിച്ചു. കാറ്റുവീഴ്‌ച ബാധിച്ച തെങ്ങിനും കരിഞ്ഞുണങ്ങിയ ചെടികൾക്കും അദ്ദേഹം ജീവൻ പകർന്നു. ‘ചികിത്സ’യിലൂടെ ഇദ്ദേഹം രക്ഷിച്ചെടുത്ത തെങ്ങും ചെടികളും ഏറെ. പാലയാട് ക്യാമ്പസായിരുന്നു വൃക്ഷ പരിപാലനത്തിലെ അനൗദ്യോഗിക പരീക്ഷണശാല. ക്യാമ്പസിൽ രോഗംബാധിച്ച് നശിക്കുന്ന തൈകൾക്കെല്ലാം പുതുജീവൻ നൽകിയത് ഈ പഴയ ചെത്തുതൊഴിലാളി. കാർഷിക മേഖലയുടെ വളർച്ചക്കായി വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. കൃഷിമന്ത്രിയെ കണ്ട് തന്റെ കാർഷികാനുഭവങ്ങളും നിർദേശങ്ങളും സമർപ്പിച്ചതുമാണ്.









0 comments