ഭീതിവിതച്ച് ചേരക്കുന്നിൽ മണ്ണിടിച്ചിൽ ഉള്ളുലഞ്ഞ് 16 കുടുംബങ്ങൾ

മോറാഴ ചേരക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി. നിരവധി കുടുംബങ്ങൾ ഭീതിയിൽ. ആന്തൂർ നഗരസഭയിലെ ചേര പൊതുകിണറിന് സമീപത്തെ കുന്നാണ് കനത്ത മഴയിൽ ഇടിയുന്നത്. കുന്നിൽ 200 മീറ്റർ നീളത്തിലും ഒരുമീറ്റർ വീതിയിലും വിള്ളൽ രൂപപ്പെട്ടു. പ്രദേശത്തെ കുടുംബങ്ങൾ ഭീഷണിയിലാണ്. രണ്ടുദിവസം മുമ്പാണ് വിള്ളലും കുന്നിടിച്ചിലും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ദിവസം കഴിയുംതോറും വിള്ളലിന്റെ വ്യാപ്തി വർധിക്കുകയാണ്. കൂറ്റൻപാറകളും വൻമരങ്ങളും കുന്നിലുണ്ട്. കുന്നിനു താഴെ കെ നാരായണൻ, കാർത്തികേയൻ, കെ കൃഷ്ണൻ, പോള ഗോവിന്ദൻ, നാണി, ദിനേശൻ ഉൾപ്പെടെ 16 കുടുംബങ്ങളാണ് താമസിക്കുന്നത്. പാറക്കല്ലുകൾ ഉൾപ്പെടെ താഴേക്ക് പതിച്ചാൽ വൻഅപകട സാധ്യത നിലനിൽക്കുന്നുണ്ട്. തളിപ്പറമ്പ് ആർഡിഒ സി കെ ഷാജി, തഹസിൽദാർ പി സജീവൻ എന്നിവർ പരിശോധന നടത്തി. മഴ ശക്തമായാൽ കുന്നിന്റെ താഴ്‌വാരത്തുള്ള വീടുകളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വീട്ടുകാരോടും നാട്ടുകാരോടും ജാഗ്രതയോടെയിരിക്കാൻ ആർഡിഒ സി കെ ഷാജി നിർദേശം നൽകി. അന്തൂർ നഗരസഭാ വൈസ് ചെയർമാൻ വി സതിദേവി, സ്ഥിരംസമിതി ചെയർമാന്മാർ, കൗൺസിലർമാർ, വില്ലേജ് അധികൃതർ, മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹസാഡ് അനലിസ്റ്റ് എന്നിവർ സ്ഥലം സന്ദർശിച്ചു.








0 comments