എന്തു രസമാണി സദ്യ

അജയകുമാർ പെരിങ്ങോം
Published on Jul 14, 2025, 03:00 AM | 1 min read
മാത്തിൽ
ആഴ്‌ചയിലൊരു ദിവസം ചിക്കൻ കറി, വെള്ളിയാഴ്‌ചകളിൽ വെജിറ്റബിൾ ബിരിയാണിയും പുഴങ്ങിയ മുട്ടയും, മറ്റ് ദിവസങ്ങളിൽ സാമ്പാർ, പുളിശേരി എന്നിങ്ങനെ മാറിമാറിവരും. അവിയൽ, കൂട്ടുകറി, പച്ചടി, വെജിറ്റബിൾ സാലഡ്, സോയാബീൻ മസാല, തോരൻ തുടങ്ങിയ വിഭവങ്ങളും കൂട്ടിനുണ്ടാകും. മാസത്തിൽ ഒരിക്കൽ പായസവും. മാത്തിൽ എം വി എം കുഞ്ഞിവിഷ്ണുനമ്പീശൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ മെനുവാണിത്. ‘പുപ്പമ്മ’ എന്ന് കുട്ടികൾ സ്‌നേഹപൂർവം വിളിക്കുന്ന വടശ്ശേരിയിലെ പുഷ്പലതയുടെ കൈപ്പുണ്യം കൂടിച്ചേരുമ്പോൾ രുചിയുടെ ‘മേളപ്പെരുക്ക’ത്തിലാണ് മാത്തിൽ സ്‌കൂളിലെ ഉച്ചഭക്ഷണം. തിങ്കൾ, ബുധൻ ദിവസങ്ങളിൽ കുട്ടികൾക്ക് പാലും നൽകുന്നുണ്ട്. അഞ്ചുമുതൽ എട്ടുവരെയുള്ള 420 കുട്ടികൾക്കാണ് ഉച്ചയ്‌ക്ക് ആവി പറക്കുന്ന രുചികരമായ ഭക്ഷണം ഒരുക്കുന്നത്. പച്ചക്കറികൾ മിക്കവാറും സ്‌കൂളിൽ കൃഷിചെയ്യുന്നതാണെന്നതും ഇവിടത്തെ ഭക്ഷണം വേറിട്ടതാക്കുന്നു. ജന്മദിനാഘോഷമുൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ കുട്ടികളും രക്ഷിതാക്കളും പച്ചക്കറികൾ സംഭാവനയായി നൽകാറുണ്ട് രാവിലെ 6.30 ന് സ്‌കൂളിലെത്തി മനസ്സും വയറും ഒരുപോലെ നിറയ്‌ക്കുന്ന ഭക്ഷണംവച്ച് വിളമ്പി പണികൾതീർത്ത് 2.45ന് മടങ്ങുന്ന പുഷ്‌പയ്‌ക്ക് സഹായിയായി ശ്രുതിയുമുണ്ട്. അധ്യാപക ചുമതല കെ ഷീബ, കെ രേഷ്മ എന്നിവർക്കാണ്. എസ്എംസി കൺവീനർ കെ ഗോവിന്ദനും പഞ്ചായത്തംഗം കെ പങ്കജാക്ഷനും ഉച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ട് സഹായങ്ങൾക്കും ഉണ്ടാകാറുണ്ട്. സൂപ്പർ ബിരിയാണിയും കിടിലിൻ ഫുഡും എന്ന് കുട്ടികൾ ആവേശത്തോടെ പറയുന്നത് കേൾക്കുന്നത് തന്നെ സന്തോഷമെന്ന് പുഷ്‌പ പറയുന്നു.









0 comments