പാണപ്പുഴയിൽ 50 ഏക്കർ തിരിച്ചുപിടിച്ച് സർക്കാർ

പരിയാരം
സ്വകാര്യവ്യക്തികൾ കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ റവന്യു അധികൃതർ നടപടി തുടങ്ങി. പാണപ്പുഴ വില്ലേജിൽ വ്യാപകമായി സ്വകാര്യവ്യക്‌തികൾ ഭൂമി കൈയേറിയിട്ടുണ്ട്. ഇതിൽനിന്നാണ് 50 ഏക്കറിലധികം ഭൂമിയാണ് സർക്കാർ ഇതുവരെ തിരിച്ചുപിടിച്ചത്. പാണപ്പുഴ, പറവൂർ, ആലക്കാട് പ്രദേശങ്ങളിലാണ് നടപടി. ജില്ലയിൽ ഏറ്റവുമധികം മിച്ചഭൂമിയുള്ളതു പാണപ്പുഴ വില്ലേജിലാണ്. 1000 ഏക്കർ ഭൂമി. ഇതിൽ 600 ഏക്കർ അർഹർക്ക് പതിച്ചുനൽകി. ബാക്കിയുള്ളതിൽനിന്ന് 150 ഏക്കർ സർക്കാർ ഭൂമി ചിലർ അനധികൃതമായി കൈയേറിയിരുന്നു. ഈ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിയാണ് പയ്യന്നൂർ താലൂക്ക് അധികൃതർ നടത്തുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി ആലക്കാട് ദേശം റി.സ നമ്പർ 26/1-ൽ സ്വകാര്യവ്യക്തികൾ കൈയേറിയ 12 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു. തുടർന്ന് സർക്കാർ ഭൂമിയാണെന്ന ബോർഡും സ്ഥാപിച്ചു. ഭൂമി കൈയേറിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും തഹസിൽദാർ ടി മനോഹരൻ പറഞ്ഞു. കൈയേറ്റഭൂമി തിരിച്ചുപിടിക്കാൻ തഹസിൽദാർ ടി മനോഹരനൊപ്പം പാണപ്പുഴ വില്ലേജ് ഓഫീസർ രാജേഷ് രാമംഗലത്ത്, കെ രാമചന്ദ്രൻ, മനോജ് പെരിയാട്ട് എന്നിവരുമുണ്ടായി.







0 comments