ദേശാഭിമാനി പ്രചാരണത്തിന് ആവേശത്തുടക്കം

ദേശാഭിമാനി പ്രചാരണത്തിന് തുടക്കം കുറിച്ച് തളാപ്പിലെ കണ്ണൂര്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ വാർഷിക വരിക്കാരുടെ ലിസ്‌റ്റ് സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷിന്, ബാങ്ക് പ്രസിഡന്റ് എല്‍ വി മുഹമ്മദ് കൈമാറുന്നു
കണ്ണൂർ ജനകീയ വിഷയങ്ങളും വികസന മുന്നേറ്റങ്ങളും പുരോഗമനപക്ഷത്തുനിന്ന് ജനശ്രദ്ധയിലെത്തിക്കുന്ന നാടിന്റെ തൂലിക ‘ദേശാഭിമാനി’യുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശത്തുടക്കം. അഴീക്കോടൻ രക്തസാക്ഷി ദിനമായ ചൊവ്വാഴ്‌ച മുതൽ സി എച്ച് കണാരൻ അനുസ്മരണ ദിനമായ ഒക്ടോബർ 20വരെയാണ് പ്രചാരണം. നിലവിലുള്ള വാർഷികവരി പുതുക്കിയും കൂടുതൽ വരിക്കാരെ ചേർത്തും ദേശാഭിമാനിയെന്ന ജനകീയ ജിഹ്വയെ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. ജില്ലാതല ക്യാന്പയിൻ തളാപ്പിലെ കണ്ണൂര്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഹെഡ് ഓഫീസിൽ നടന്നു. മുഴുവന്‍ ജീവനക്കാരും ദേശാഭിമാനി വാര്‍ഷിക വരിക്കാരായി. ലിസ്റ്റ് സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷിന്, ബാങ്ക് പ്രസിഡന്റ് എല്‍ വി മുഹമ്മദ് കൈമാറി. ബാങ്ക് സെക്രട്ടറി സി വി മധുസൂദനന്‍, അസി. സെക്രട്ടറി കെ വി ഗണേശൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വ്യാജവാർത്തകൾ നിരന്തരം സൃഷ്ടിച്ച് നാടിനെ അസ്വസ്ഥമാക്കുന്ന വലതുപക്ഷ മാധ്യമതാൽപര്യങ്ങളെ ചെറുക്കുന്ന ധർമംകൂടിയാണ് ദേശാഭിമാനി നിർവഹിക്കുന്നത്. അത്തരത്തിലുള്ള ജനപക്ഷ പ്രവർത്തനത്തിന് വലിയതോതിലുള്ള സ്വീകാര്യതയും ലഭിക്കുന്നു. കോവിഡിനുശേഷം എല്ലാ അച്ചടി മാധ്യമങ്ങൾക്കും തിരിച്ചടി നേരിട്ടപ്പോൾ, ഇന്ത്യൻ റീഡർ ഷിപ്പ് സർവേ പ്രകാരം പ്രചാരണത്തിൽ മുന്പന്തിയിലാണ് ദേശാഭിമാനി. ചൊക്ലിയിലെ ചുമട്ടുതൊഴിലാളികളെല്ലാം വരിക്കാർ ചുമട്ടുതൊഴിലാളി യൂണിയൻ ചൊക്ലി ഡിവിഷനിലെ മുഴുവൻ തൊഴിലാളികളും ദേശാഭിമാനി വാർഷിക വരിക്കാരായി. ചൊക്ലി മൊയാരം മന്ദിരത്തിലെ മാമൻ വാസു സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പത്രത്തിന്റെ വാർഷിക വരിസംഖ്യയും ലിസ്റ്റും ജില്ലാ പ്രസിഡന്റ് പി പുരുഷോത്തമൻ ഏറ്റുവാങ്ങി. എൻ ടി കെ റിഥീഷ് അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി വൈ ചിത്രൻ, നിഷാന്ത് പെരിങ്ങത്തൂർ, ആർ പി ശ്രീധരൻ, കെ ടി കെ പ്രദീപൻ എന്നിവർ സംസാരിച്ചു.








0 comments