ഗുണ്ടർട്ടിന്റെ 132ാമത് ചരമവാർഷിക ദിനം ഇന്ന്
ഇവിടെയുണ്ട് ഗുണ്ടർട്ടിന്റെ ‘ലോക ചരിത്രശാസ്‌ത്രം’

ഹെർമൻ ഗുണ്ടർട്ടിന്റെ ‘ലോകചരിത്രശാസ്‌ത്രം’ ഗ്രന്ഥവുമായി ഡോ. ജി എസ് ഫ്രാൻസിസ്
പി ദിനേശൻ
Published on Apr 25, 2025, 02:30 AM | 1 min read
തലശേരി
മലയാളഭാഷക്ക് മഹത്തായ സംഭാവന നൽകിയ ജർമൻ ഭാഷാപണ്ഡിതൻ ഹെർമൻ ഗുണ്ടർട്ടിന്റെ ‘ലോകചരിത്രശാസ്‌ത്രം’ ഗ്രന്ഥം 174 വർഷത്തിനിപ്പുറവും ഭദ്രം. സിഎസ്‌ഐ വൈദികൻ തലശേരി കായ്യത്ത് റോഡിലെ ഡോ. ജി എസ് ഫ്രാൻസിസിന്റെ പുസ്‌തക ശേഖരത്തിലാണ് അമൂല്യമായ ഈ ഗ്രന്ഥവും ഇടംപിടിച്ചത്. തലശേരി നെട്ടൂരിൽ 1845ൽ സ്ഥാപിച്ച കല്ലച്ചുകൂടത്തിൽനിന്ന് അച്ചടിച്ചതാണ് മുന്നൂറിലേറെ പേജുള്ള ഈ ഗ്രന്ഥം. ടെലിച്ചറി മിഷൻ പ്രസിൽ 1851ലാണ് അച്ചടിച്ചതെന്ന് ആമുഖത്തിൽ പരാമർശമുണ്ട്. തലമുറകൾ കൈമാറിയാണ് പുസ്‌തകം ഫ്രാൻസിസിന്റെ കൈവശമെത്തിയത്. ബാസൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 1845 ഒക്‌ടോബർ 23നാണ് കല്ലച്ചുകൂടം സ്ഥാപിച്ചത്. സി കണ്യൻ കിട്ടു എന്ന തമിഴ്‌നാട്ടുകാരന്റെ സഹായത്തോടെയാണ് ഗുണ്ടർട്ട് തലശേരി മിഷൻ പ്രസ് നടത്തിവന്നത്. പുസ്‌തകത്തിലെ കൈയക്ഷരം കണ്യൻ കിട്ടുവിന്റേതാണെന്നാണ് അനുമാനം. 1864വരെ ഈ പ്രസ് പ്രവർത്തിച്ചു. പിന്നീട് ലെറ്റർ പ്രസിലേക്ക് മാറി. സഭാപ്രവർത്തകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ഇ കെ സത്യവ്രതനാണ് ആദ്യം ഈ പുസ്‌തകം ലഭിച്ചത്. ഗുണ്ടർട്ടിനുശേഷം സെമിനാരി പ്രവർത്തനങ്ങൾ നടത്തിയ സത്യവ്രതനിൽനിന്ന് മകൻ ജോർജ് സത്യസന്ധന്റെ കൈകളിലെത്തി. തലശേരി ബിഇഎംപി സ്‌കൂളിൽ പ്രധാനാധ്യാപകനായിരുന്ന ജോർജിൽനിന്നാണ് അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് ഫ്രാൻസിസിന് പുസ്‌തകം ലഭിച്ചത്. വിദ്യാർഥികൾക്കുള്ള പഠനാവശ്യത്തിന് തയാറാക്കിയ ഗ്രന്ഥത്തിൽ ക്രിസ്‌തുവിന് മുൻപുള്ള ലോകചരിത്രമാണുള്ളത്. ഇതിന്റെ ഒന്നാം കാണ്ഡമാണിത്. സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥർ ജി എസ് ഫ്രാൻസിസിന്റെ വീട്ടിലെത്തി പുസ്‌തകം പരിശോധിച്ചിരുന്നു. പുസ്‌തകം കേടുകൂടാതെ സൂക്ഷിച്ചതിന് പ്രത്യേകം അഭിനന്ദിക്കുകയുംചെയ്‌തു. ചരിത്രവിദ്യാർഥികൾ പുസ്‌തകം പരിശോധിക്കാനും പഠിക്കാനും ഇവിടെ എത്താറുണ്ടെന്ന് ഡോ. ജി എസ് ഫ്രാൻസിസ് പറഞ്ഞു. ജർമനിയിലെ കാൽവ് നഗരത്തിൽ 1893 ഏപ്രിൽ 25ന് അന്തരിച്ച ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ 132ാമത് ചരമവാർഷിക ദിനമാണ് വെള്ളിയാഴ്‌ച.









0 comments