എൻആർ കോൺഗ്രസ് നേതാവിനെ ആക്രമിച്ച കേസ്
ആർഎസ്‌എസ് ക്വട്ടേഷൻ സംഘം കസ്‌റ്റഡിയിൽ

മയ്യഴി
എൻആർ കോൺഗ്രസ് നേതാവ് വളവിൽ സുധാകരനെ മാഹി മൈതാനത്തിനടുത്തുവച്ച് ആക്രമിച്ച കേസിൽ ആർഎസ്‌എസ് ക്വട്ടേഷൻ സംഘം കസ്‌റ്റഡിയിൽ. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പള്ളൂർ സ്വദേശിയടക്കം രണ്ടുപേരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്‌തുവരികയാണ്. കൂടുതൽപേർ സംഘത്തിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. ബൈക്കുകളിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമിച്ചതെന്നാണ് സുധാകരൻ പൊലീസിന് നൽകിയ മൊഴി. മദ്യഷാപ്പ് കൈമാറ്റം സംബന്ധിച്ച തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ ഒരു മദ്യഷാപ്പുടമയുടെ ക്വട്ടേഷനിലാണ് ആക്രമണമെന്നാണ് സൂചന. അഴിയൂരിലെ ഒരു സ്ഥാപനത്തിൽവച്ചാണ് അഡ്വാൻസ് തുക കൈമാറിയത്. ഒരു കാലും കൈയും അടിച്ചൊടിക്കാനായിരുന്നു ക്വട്ടേഷൻ. ബഹളം കേട്ട് ആളുകൾ ഓടിയെത്തിയതോടെ സംഘം രക്ഷപ്പെട്ടു. പരിക്കേറ്റ് മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുധാകരനെ കാണാൻ മുഖംമൂടി സംഘത്തിലെ പ്രമുഖനടക്കം എത്തിയിരുന്നു. എത്രമാത്രം പരിക്കേറ്റെന്നും തങ്ങളെ തിരിച്ചറിഞ്ഞോ എന്നും പരിശോധിക്കാനാണ് അക്രമി ആശുപത്രിയിലെത്തിയത്. ഭരണകക്ഷിയായ എൻആർ കോൺഗ്രസിന്റെ മാഹിയിലെ പ്രമുഖ നേതാവാണ് വളവിൽ സുധാകരൻ. മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഇടപെട്ടാണ് അന്വേഷണം ഊർജിതമാക്കിയത്. ഏതുവിധേനയും പ്രതികളെ രക്ഷിക്കാൻ ആർഎസ്‌എസ്–-ബിജെപി ഉന്നതതല ഇടപെടലുണ്ട്. ചോദ്യം ചെയ്യുകയാണെന്നും കസ്‌റ്റഡിയിലെടുത്തിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.







0 comments