കുതിപ്പ് തുടങ്ങി 6:0

എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ച മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറത്ത് നടന്ന ആഹ്ലാദപ്രകടനം
കണ്ണൂർ
ജനാധിപത്യോത്സവം തുടങ്ങുംമുമ്പ് എൽഡിഎഫ് മുന്നിൽ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എങ്ങോട്ടാകുമെന്ന കേളികൊട്ടാണ് ജില്ലയിൽനിന്ന് കേട്ടത്. ആന്തൂർ നഗരസഭ, മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലായി ആറ് തദ്ദേശ വാർഡിലെ എൽഡിഎഫിന്റെ എതിരില്ലാത്ത മുന്നേറ്റം സംസ്ഥാനത്താകെ എൽഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇതാണ് മലപ്പട്ടമെന്ന സത്യം കോണ്‍ഗ്രസും ചില മാധ്യമങ്ങളും സിപിഐ എമ്മിനെതിരെ കള്ളപ്രചാരണം നടത്താൻ കരുവാക്കിയ, മലപ്പട്ടം പഞ്ചായത്ത് അടുവാപ്പുറത്തെ രണ്ട് വാര്‍ഡുകളിലാണ് എല്‍ഡിഎഫിന് എതിരില്ലാത്തത് എന്ന കാര്യം ശ്രദ്ധേയം. വാര്‍ഡ് അഞ്ച് അടുവാപ്പുറം നോര്‍ത്തിൽ ഐ വി ഒതേനനും വാര്‍ഡ് ആറ് അടുവാപ്പുറം സൗത്തിൽ സി കെ ശ്രേയയുമാണ് ജയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അടുവാപ്പുറത്ത് തമ്പടിച്ചാണ് മലപ്പട്ടത്തിനെതിരെ നാലുമാസം മുമ്പ് വ്യാപക കള്ളപ്രചാരണം നടത്തിയത്. മാധ്യമങ്ങൾ ആ നുണപ്രചാരണം ആഴ്ചകളോളം കൊണ്ടാടി. പക്ഷേ, ജനാധിപത്യ മനസ്, തക്ക സമയത്ത് അതിനൊക്കെ മറുപടി നൽകി. അടുവാപ്പുറത്ത് ഗാന്ധിസ്തൂപം തകര്‍ത്തെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസാണ് കേരളം മുഴുവൻ വ്യാജപ്രചാരണം തുടങ്ങിയത്. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിമരത്തില്‍ ഇന്ദിരാഗാന്ധിയുടെയും നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ പതിപ്പിച്ചാണ് ഗാന്ധി സ്തൂപമെന്ന് പ്രചരിപ്പിച്ചത്. ഈ സ്തൂപം കോണ്‍ഗ്രസുകാർതന്നെ തകര്‍ത്ത് സിപിഐ എമ്മിനെതിരെ ആയുധമാക്കി. പത്രിക കൊടുക്കാൻപോലും കോണ്‍ഗ്രസിന് ആളില്ലാത്ത സ്ഥലത്താണ് മാങ്കൂട്ടത്തിലും സംഘവും കുത്തിത്തിരുപ്പ് നടത്തിയത് എന്നോർക്കണം. അടുവാപ്പുറം നോർത്തിൽ ജയിച്ച ഐ വി ഒതേനന്‍ പട്ടികജാതി ക്ഷേമസമിതി ഏരിയാ കമ്മിറ്റി അംഗവും സിപിഐ എം ചൂളിയാട് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. അടുവാപ്പുറം സൗത്തില്‍ ജയിച്ച സി കെ ശ്രേയ ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി അംഗമാണ്. ഉജ്വല വിജയത്തിൽ അടുവാപ്പുറത്ത് എല്‍ഡിഎഫ് ആഹ്ലാദപ്രകടനം നടത്തി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ പി രമണി, പി പി ലക്ഷ്മണന്‍, ഇ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇതാ വീണ്ടും ആന്തൂർ ധർമശാല വികസനക്കുതിപ്പിലൂടെ മുന്നേറുന്ന ആന്തൂരിന്റെ മൂന്നാമങ്കത്തിലും എതിരാളികളില്ലാത്ത മുന്നേറ്റം. കോലീബി കൂട്ടുകെട്ടിന്റെ ഭാഗമായി മുഴുവൻ വാർഡിലും സ്ഥാനാർഥികളെ നിർത്താൻ നടത്തിയ യുഡിഎഫ് ശ്രമം ഇത്തവണ രണ്ടിടത്ത് പാളി. 2015ൽ രൂപീകരിച്ച ആന്തൂർ നഗരസഭയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 14 പേരാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ആളെ കണ്ടെത്തണമെന്ന നിർദേശം യുഡിഎഫ് നൽകിയിരുന്നെങ്കിലും ആറുപേരാണ് എതിരില്ലാതെ ജയിച്ചത്. ഇത്തവണ സ്ഥാനാർഥികളെ കണ്ടെത്താൻ പതിനെട്ടടവും പയറ്റിയെങ്കിലും മോറാഴയിലും പൊടിക്കുണ്ടിലും നിർത്താനായില്ല. മൂന്നുതവണയും എതിരാളികളില്ലാതെ വിജയം ഉറപ്പിക്കാൻ സാധിച്ചത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാർഡായ മോറാഴയിലാണ്. 2015ൽ മഹിളാ അസോസിയേഷൻ നേതാവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശ്യാമളയും 2020ൽ ഡിവൈഎഫ്‌ഐ തളിപ്പറന്പ് ബ്ലോക്ക് പ്രസിഡന്റായ സി പി മുഹാസുമാണ് വിജയിച്ചത്. ഇത്തവണ മോറാഴ വീവേഴ്‌സ് സൊസൈറ്റി തൊഴിലാളിയും ജനാധിപത്യ മഹിളാ അസോസിയേഷൻ മോറാഴ വില്ലേജ് പ്രസിഡന്റുമായ കെ രജിതയാണ് വിജയിച്ചത്. ദീർഘകാലം ആന്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ കെ പ്രേമരാജനാണ് പൊടിക്കുണ്ട് വാർഡിൽ ജയിച്ചത്. കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി, ഐആർപി സി ആന്തൂർ ലോക്കൽ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു അഭിമാനമായി കണ്ണപുരം കണ്ണപുരം പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള രണ്ട് സീറ്റിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് ഇവിടെ എൽഡിഎഫ് പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. പഞ്ചായത്തിലും സംസ്ഥാനത്ത് പൊതുവിലും എൽഡിഎഫ് സർക്കാർ നടത്തിയ ജനകീയ മുന്നേറ്റത്തിനുള്ള പിന്തുണകൂടിയാണ് ഈ വിജയം. കണ്ണപുരം 13ാം വാർഡിൽ പി രീതിയും 14-ാം വാർഡിൽ പി വി രേഷ്മയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും സിപിഐ എം പ്രതിനിധികളാണ്. പി വി രേഷ്മ മഹിളാ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ്, കുടുംബശ്രീ സിഡിഎസ് അംഗം, എഡിഎസ് സെക്രട്ടറി, കുടുംബശ്രീ ആരോഗ്യ വളന്റിയർ എന്നീ നിലകളിൽകൂടി പ്രവർത്തിക്കുന്നു. മഹിളാ അസോസിയേഷൻ യൂണിറ്റ് ഭാരവാഹി, ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ ചെറുകുന്ന് ഏരിയാ ട്രഷറർ, റെഡ് വളന്റിയർ ക്യാപ്റ്റൻ എന്നീ നിലകളിൽകൂടി ഇടപെടുന്ന ജനകീയ പ്രവർത്തകയാണ് പി രീതി.









0 comments