വിജയവഴിയിലേക്ക് ഇടറാതെ

കണ്ണപുരം
വെല്ലുവിളികളെ വിജയവഴിയാക്കി ബഡ്സ് സ്കൂൾ കുട്ടികളുടെ പ്രവേശനോത്സവം. ജില്ലയിലെ ബഡ്‌സ്/ബിആർസി സ്ഥാപനങ്ങളുടെ ജില്ലാ പ്രവേശനോത്സവം കണ്ണപുരം ചുണ്ട ബഡ്സ് സ്കൂളിൽ വർണാഭമായി. വിശിഷ്ടാതിഥികളെയും നവാഗതരെയും ബാൻഡ് വാദ്യത്തിന്റെയും പിഴക്കാത്ത ചുവടുകളുടെയും അകമ്പടിയോടെ സ്വീകരിച്ച് മധുരം നൽകി. എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കലക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ എം വി ജയൻ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി, ജില്ലാ പ്രോജക്ട് മാനേജർ പി വിനേഷ്, ബ്ലോക്ക് കോ–-ഓഡിനേറ്റർ കവിത വർമ, സിഡിഎസ് ചെയർമാൻ വി സുനില, ബാലപഞ്ചായത്ത് പ്രസിഡന്റ് കെ അശ്വന്ത്, പ്രിൻസിപ്പൽ ഇ നീതു എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. അധ്യാപകരുടെ നേതൃത്വത്തിൽ പദ്ധതിരേഖയും അവതരിപ്പിച്ചു. ജില്ലയിലെ 32 ബഡ്‌സ് സ്ഥാപനങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. ബഡ്‌സ് സ്‌കൂൾ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും കലാ, കായിക, സ്വയം തൊഴിൽ പരിശീലനവും നൽകി സമൂഹത്തിന്റെ ഭാഗമായി വളർത്തുക ലക്ഷ്യമിട്ട് കുടുംബശ്രീ മിഷൻ നേതൃത്വത്തിലാണ് ബഡ്‌സ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. 18 വയസ്സിന് താഴെയുള്ളവരാണ് സ്കൂളുകളിൽ പഠിക്കുക. 18 കഴിഞ്ഞവർ റീഹാബിലിറ്റേഷൻ സെന്ററുകളിലേക്ക് മാറും. കുട്ടികളുടെ മാനസികോല്ലാസത്തിനും ശാരീരികവ്യായാമത്തിനും വേണ്ട എല്ലാവിധ ഉപകരണങ്ങളും യന്ത്ര സജ്ജീകരണങ്ങളും സ്ഥാപനങ്ങളിൽ സജ്ജമാക്കി. നിലവിൽ 1084 വിദ്യാർഥികളാണ് ബഡ്‌സ് സ്ഥാപനങ്ങളിൽ പഠിക്കുന്നത്. പുതുതായി 70 കുട്ടികൾ പ്രവേശനംനേടി. സി കെ സുമേഷ് കുട്ടികൾക്ക് ബാഗ് സമ്മാനിച്ചു.









0 comments