കൗതുകമായി ബര്‍മപ്പാലം മിനിയേച്ചര്‍

കണ്ണൂർ
കൗതുകമുണർത്തി ബർമ പാലത്തിന്റെ മിനിയേച്ചറുമായി അഗ്‌നിരക്ഷാസേന. രണ്ടാം ലോകമഹായുദ്ധ കാലത്ത് ലോകമെമ്പാടുമുള്ള സായുധ സേനകൾക്കിടയിൽ പ്രചാരം നേടിയ ബർമ പാലത്തിന്റെ മാതൃകയാണ് എന്റെ കേരളം മേളയിൽ അഗ്‌നിരക്ഷാസേന ഒരുക്കിയയത്. പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, യുദ്ധം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ റോഡുകളും നടപ്പാതകളും തകരുമ്പോൾ ഒറ്റപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ വടം, പ്ലാസ്റ്റിക് കയർ, ഇരുമ്പ് കയർ എന്നിവ ഉപയോഗിച്ചു താൽക്കാലികമായി നിർമിക്കുന്നതാണ് ബർമ പാലം. താഴെയായി നടക്കാൻ ഒരു കയറും പിടിക്കാൻ മുകളിൽ ഇരുവശങ്ങളിലും രണ്ട് കയറുകളുമായി ലളിതമായി ഇവ നിർമിക്കാം. ഒരു തൂണിൽനിന്ന് മറ്റൊരു കൃത്രിമ തൂണിലേക്ക് കെട്ടിയുണ്ടാക്കിയ പാലമാണ് പൊലീസ് മൈതാനിയിൽ നിർമിച്ചത്. മേള സന്ദർശിക്കുന്നവർക്ക് ഈ പാലത്തിലൂടെ നടക്കാം. നാഗ്‌പുർ ഫയർഫോഴ്സ് അക്കാദമിയിൽനിന്നാണ് കണ്ണൂരിലെ സേനാംഗങ്ങൾ പാലം നിർമാണ പരിശീലനം നേടിയത്. അടിയന്തര രക്ഷാപ്രവർത്തനത്തിന് സിവിൽ ഡിഫൻസ് വളന്റിയർമാർക്കും പാലം നിർമാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്.









0 comments