വിനീഷിന് നാടിന്റെ 
അന്ത്യാഞ്ജലി

ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ കൊലപാതകശ്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനീഷ് (ഫയൽചിത്രം)
വെബ് ഡെസ്ക്

Published on Sep 03, 2025, 03:00 AM | 1 min read

പാനൂർ

ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ കൊലപാതകശ്രമത്തിൽനിന്ന്‌ തലനാരിഴക്ക് രക്ഷപ്പെട്ട്‌, ഏഴുവർഷമായി ചികിത്സയിലായിരുന്ന സിപിഐ എം പ്രവർത്തകൻ പൊയിലൂർ തൂവക്കുന്നിലെ കുട്ടക്കെട്ടിൽ വിനീഷിന് നാടിന്റെ അന്ത്യാഞ്ജലി. 2018 നവംബർ 18ന് രാത്രി പത്തോടെ സഹോദരിയുടെ വീട്ടിലേക്ക്‌ പോകുംവഴിയാണ്‌ തൂവ്വക്കുന്ന് അയ്യപ്പമഠത്തിന് സമീപംവച്ച്‌ വിനീഷിന്‌ വെട്ടേറ്റത്‌. ആർഎസ്എസ് അക്രമിസംഘം വിനീഷിന്റെ ശരീരമാസകലം വെട്ടി. പതിനഞ്ചോളം വെട്ടാണ് ഏറ്റത്. വയറിനേറ്റ ആഴത്തിലുള്ള പരിക്കിൽ വൃക്കകൾക്കും തകരാറുണ്ടായി. കാലുകളുടെ എല്ലുകൾക്ക് പരിക്കേറ്റതിനാൽ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ന്യുമോണിയ ബാധിച്ചത്. ആരോഗ്യസ്ഥിതി മോശമായതോടെ കണ്ണ‍ൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചൊവാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. സിപിഐ എം പൊയിലൂർ ലോക്കൽ സെക്രട്ടറി വി എം ചന്ദ്രൻ, നേതാക്കളായ പി അജിത്ത് കുമാർ, ഇ ബാലൻ, എം മോഹനൻ, കെ ജിജിത്ത് ഉൾപ്പെടെയുള്ളവർ ചെമ്പതാക പുതപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, ഏരിയാസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള ഉൾപ്പെടെയുള്ള നിരവധി നേതാക്കളും, പാർടി പ്രവർത്തകരും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ചൊവ്വ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home