പടന്നപ്പാലം മലിനജല പ്ലാന്റ്‌

കോർപറേഷന്റെ ഭരണപരാജയം സമ്മതിച്ച്‌ 
യുഡിഎഫ് കൗൺസിലർമാരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Oct 26, 2025, 02:30 AM | 1 min read

കണ്ണൂർ

പടന്നപ്പാലത്തെ മലിനജല സംസ്‌കരണപ്ലാന്റ്‌ ഉദ്‌ഘാടനം കഴിഞ്ഞ്‌ ഒന്നരവർഷമായിട്ടും ജനങ്ങൾക്ക് ഗുണഫലം ലഭിച്ചില്ലെന്ന്‌ ഭരണ–പ്രതിപക്ഷ ക‍ൗൺസിലർമാർ. ശനിയാഴ്‌ച ചേർന്ന കണ്ണൂർ കോർപറേഷൻ ക‍ൗൺസിൽ യോഗത്തിലാണ്‌ യുഡിഎഫ്‌ ക‍ൗൺസിലർമാർ ഉൾപ്പെടെ ഭരണപരാജയം ചൂണ്ടിക്കാട്ടി സംസാരിച്ചത്. 2009നുശേഷം തുടങ്ങിയ റസ്‌റ്റോറന്റുകളിലേയും ഹോട്ടലുകളിലെയും വൻകിടസ്ഥാപനങ്ങളിലെയും മലിനജലം ഒഴുക്കാൻ പ്ലാന്റിലേക്ക്‌ കണക്ഷൻ കൊടുത്തിട്ടുണ്ടെന്നും ഇത്‌ അഴിമതിയാണെന്നും ടി രവീന്ദ്രൻ പറഞ്ഞു. മലിനീകരണ നിയന്ത്രണബോർഡിന്റെയും ഇലക്ട്രിസിറ്റി ഇൻസ്‌പെക്ടറേറ്റിന്റെയും അനുമതി കിട്ടാതെയാണ്‌ പ്ലാന്റിലേക്ക്‌ മലിനജല കണക്ഷനുകൾ നൽകിയത്‌. സംസ്ഥാനത്ത്‌ മാതൃകയായ പദ്ധതി കൃത്യമായി നിരീക്ഷിക്കാത്തതിനാൽ ജനങ്ങൾക്ക്‌ ഇതുവരെ ഗുണഫലം ലഭിച്ചില്ല. അദ്ദേഹം പറഞ്ഞു. പടന്നപ്പാലത്ത് ഇപ്പോഴും ദുർഗന്ധം വമിച്ച്‌ പരിസരവാസികൾ ബുദ്ധിമുട്ടിലാണെന്ന്‌ യുഡിഎഫ്‌ ക‍ൗൺസിലർ കെ സുരേഷ്‌ പറഞ്ഞു. അനധികൃതമായി ഉന്നതർക്ക്‌ കണക്ഷൻ നൽകിയത്‌ ഉദ്‌ഘാടനത്തിന്‌ മുമ്പുതന്നെ ക‍ൗൺസിലിൽ ചർച്ചയായിട്ടുണ്ടെന്ന്‌ സ്ഥിരം സമിതി അധ്യക്ഷൻ പി കെ രാഗേഷ്‌ പറഞ്ഞു. അനധികൃതമായി നൽകിയ കണക്ഷനുകൾ പരിശോധിച്ച്‌ ഒഴിവാക്കുകയാണെന്ന്‌ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ മറുപടി നൽകി. മലിനജല സംസ്‌കരണ പ്ലാന്റ്‌ നടത്തിപ്പ്‌ സംബന്ധിച്ച ബൈലോയും മൾട്ടിലെവൽ കാർപാർക്കിങ് കേന്ദ്രത്തിന്റെ ബൈലോയും ക‍ൗൺസിൽ യോഗത്തിൽവച്ചു. ഒരുമാസത്തിനുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാമെന്ന്‌ ഡെപ്യൂട്ടി മേയർ പി ഇന്ദിര പറഞ്ഞു. എൻജിനിയറിങ് വിഭാഗത്തിന്റെ അനാസ്ഥയെയും ഭരണപ്രതിപക്ഷ ക‍ൗൺസിലർമാർ എതിർത്തു. ഇവരുടെ അനാസ്ഥ കാരണം കോർപറേഷനിൽ പദ്ധതികളെല്ലാം മുടങ്ങി കിടക്കുകയാണ്‌. മൂന്നു വർഷത്തെ പദ്ധതികൾ സ്‌പിൽ ഓവറായി. എസ്‌റ്റിമേറ്റ്‌ തയ്യാറാക്കിയ പദ്ധതികൾ വീണ്ടും പുതുക്കേണ്ട അവസ്ഥയിലാണ്‌. കോർപറേഷനിലെ പ്രവൃത്തികൾ തകിടം മറിഞ്ഞിരിക്കുകയാണ്‌. മനപ്പൂർവം ഉദ്യോഗസ്ഥർ പ്രവൃത്തി വൈകിപ്പിക്കുകയാണെന്നും ഡെപ്യൂട്ടി മേയർ പി ഇന്ദിര പറഞ്ഞു. വികസന പദ്ധതികളൊന്നും നടപ്പാക്കാതെ ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറഞ്ഞ്‌ തടിതപ്പാനാകില്ലെന്ന് മുൻ മേയർ ടി ഒ മോഹനൻ പറഞ്ഞു. പി കെ അൻവർ, കെ പ്രദീപൻ, എസ്‌ ഷഹീദ, പി പി വത്സലൻ, കെ വി അനിത, കെ എൻ മിനി , സുരേഷ്‌ബാബു എളയാവൂർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home