ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കണ്ണൂർ അത്‌ലറ്റിക്സ് അക്കാദമി ജേതാക്കൾ

ബബിഷ ബാബു
Published on Aug 10, 2025, 03:00 AM | 1 min read
തലശേരി വാശിയേറിയ ട്രാക്ക്- ഫീൽഡ് മത്സരങ്ങൾക്കൊടുവിൽ രണ്ടാംതവണയും വിജയകിരീടമണിഞ്ഞ് കണ്ണൂർ അത്‌ലറ്റിക്സ് അക്കാദമി. മൂന്നു ദിവസങ്ങളിലായി തലശേരി നഗരസഭാ സ്റ്റേഡിയത്തിലും ധർമടം ബ്രണ്ണൻ കോളേജ് സായി സിന്തറ്റിക് സ്റ്റേഡിയത്തിലുമായി നടന്ന ജില്ലാ അത്‌ലറ്റിക്സ് മീറ്റിൽ 182 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 264 പോയിന്റുനേടിയാണ് അക്കാദമി ജേതാക്കളായത്. ഗവ. മുൻസിപ്പൽ വിഎച്ച്എസ്എസ് കണ്ണൂർ 190 പോയിന്റുമായി രണ്ടാംസ്ഥാനത്തും തലശേരി അത്‌ലറ്റിക് ക്ലബ് 157 പോയിന്റുമായി മൂന്നാംസ്ഥാനത്തുമുണ്ട്. ക്യാപ്റ്റൻ അക്കാദമി ചെറുപുഴ മീന്തുള്ളി 106, ഫാസ്റ്റ് അക്കാദമി കാങ്കോൽ 73 എന്നിങ്ങനെയും പോയിന്റുനേടി. അവസാന ദിനം ഒരു മീറ്റ് റെക്കോഡാണ് പിറന്നത്. മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ 5 മീറ്റ് റെക്കോഡുകൾ പിറന്നു. ശനിയാഴ്ച വൈകിട്ട് സമാപന സമ്മേളനവും സമ്മാനദാനവും സാഫ് ഗെയിംസ് മെഡൽ ജേതാവ് വി ടി ഷിജില ഉദ്ഘാടനംചെയ്തു. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷനായി. ഷിനിൽ കുര്യാക്കോസ്, യു ഷാജി എന്നിവർ സംസാരിച്ചു. മിന്നലായി പ്രിതുന്റെ വേഗം അണ്ടർ 20 പുരുഷ വിഭാഗം 5000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ അത്‌ലറ്റിക് അക്കാദമിയുടെ പ്രിതുൻ മധുവാണ് 17.33.50 സെക്കൻഡിൽ ഓടി അവസാന ദിനത്തിൽ റെക്കോഡിട്ടത്. 2022ൽ കണ്ണൂർ അത്‌ലറ്റിക്സ് അക്കാദമിയുടെ കെ അമലിന്റെ 18.18.25 എന്ന റെക്കോഡാണ് പ്രിതുൻ തകർത്തത്. എസ്എൻ കോളേജിലെ ബികോം ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. ഈ മത്സരത്തിൽ ബ്രെയ്ക്ക് ദ റെക്കോഡും പിറന്നു. ഇ കെ നായനാർ സ്മാരക മന്ദിരം പെരുന്താറ്റിലിന്റെ ഹെവിത്ത് റോജി 17.43.10 എന്ന സമയത്തിൽ ഓടിയെത്തിയാണ് ഇൗ നേട്ടം കരസ്ഥമാക്കിയത്. ട്രാക്കിലെ സ്വർണക്കുതിപ്പ് ട്രാക്ക് മത്സരങ്ങളിൽ 3 സ്വർണം നേടി പി എസ് സിബിൻ കുതിച്ചു. അണ്ടർ 16 വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, റിലേ എന്നിവയിലാണ് ഒന്നാംസ്ഥാനം. ക്യാപ്റ്റൻ അക്കാദമി മീന്തുള്ളിയിലാണ് പരിശീലനം. കോഴിച്ചാൽ ജിഎച്ച്എസ്‌സിൽ പ്ലസ് വൺ വിദ്യാർഥിയാണ്.









0 comments