കൈമെയ്‌ മറന്ന് രക്ഷാപ്രവർത്തനം

 തീപിടിത്തമുണ്ടായ കടകളിൽനിന്ന്‌ തെറിച്ചുവീണ പാത്രങ്ങൾ.
വെബ് ഡെസ്ക്

Published on Oct 10, 2025, 03:00 AM | 2 min read

കണ്ണൂർ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു തളിപ്പറന്പ്‌ നഗരമധ്യത്തിൽ തീ ആളിപ്പടർന്നത്. വിദ്യാർഥികളും ജീവനക്കാരും തൊഴിലാളികളുമുൾപ്പെടെയുള്ളവർ തിരികെ വീട്ടിലേക്ക്‌ മടങ്ങാനും സാധനങ്ങൾ വാങ്ങാനും ധൃതിയിൽ ബസ്‌ സ്‌റ്റാൻഡിലേക്കും റോഡിലേക്കും കടകളിലേക്കും മറ്റും സഞ്ചരിക്കുന്ന നേരം. കച്ചവട സ്ഥാപനങ്ങളൊക്കെ സജീവം. ചെരിപ്പ് കടയായ ‘മാസ്ട്രോ'യിലാണ് ആദ്യം തീപിടിച്ചത്. പിന്നെ തൊട്ടടുത്ത ഷാലിമാർ സ്റ്റോറിലും ഫൺസിറ്റി കളിപ്പാട്ടക്കടയിലും മൊബൈൽ ഷോപ്പിലും. തുടർന്ന് മുഴുവൻ കടകളിലേക്കും വ്യാപിച്ചു. മണിക്കൂറിനുള്ളിൽ നഗരകേന്ദ്രം തീഗോളമായി. അണുവിട വൈകാത്ത രക്ഷാപ്രവർത്തനത്തിനാണ്‌ പിന്നീട്‌ നഗരം സാക്ഷ്യംവഹിച്ചത്‌. തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിൽനിന്നാണ് ആദ്യ രക്ഷാസംഘമെത്തിയത്. പിന്നാലെ പയ്യന്നൂർ, പെരിങ്ങോം, മട്ടന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് നിലയങ്ങളിൽനിന്നുമെത്തി. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി ആകെ പതിനഞ്ച് യൂണിറ്റ് സേനയെ വിന്യസിച്ചു. ദേശീയ പാതയോരത്ത് ടാങ്കറുകൾ സജ്ജമാക്കി. ഷോപ്പിങ് കോംപ്ലക്സിന്റെ വശങ്ങളിലേക്കും വെള്ളമെത്തിച്ചു. നാട്ടുകാരും തൊഴിലാളികളും ഡിവൈഎഫ്ഐ പ്രവർത്തകരും രാഷ്ട്രീയ പാർടി പ്രവർത്തകരും രംഗത്തിറങ്ങി. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ മാറ്റാനുള്ള ഇടപെടലുകൾ ദ്രുതഗതിയിൽ നടത്തി. കോംപ്ലക്സിലെ മറ്റ് കടകളിലേക്കും തീ ആളിപ്പടരുമെന്ന് ഉറപ്പായപ്പോൾ മരുന്ന്, പണം ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങൾ എടുത്തുമാറ്റി. കുടിവെള്ളമെത്തിക്കുന്ന മിനി ടാങ്കറുകൾ വിവരം ലഭിച്ചതിനനുസരിച്ച് തളിപ്പറമ്പ് ചിറവക്കുനിന്ന് വെള്ളമെത്തിച്ചു നൽകി. പൊലീസും ട്രാഫിക് പൊലീസും ഗതാഗതം നിയന്ത്രിച്ചു. രാത്രി 9.30ന്‌ ദേശീയപാതയിൽ ഒരു ഭാഗത്തൂടെ ഗതാഗതം പുന:സ്ഥാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി എം കൃഷ്ണൻ, കലക്ടർ അരുൺ കെ വിജയൻ, സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ, നഗരസഭാ പ്രതിപക്ഷ നേതാവ്‌ ഒ സുഭാഗ്യം എന്നിവർ സംഭവസ്ഥലത്തെത്തി. എസ് പി അനൂജ് പലിവാൾ, ഡിവൈഎസ്പിമാരായ കെ ഇ പ്രേമചന്ദ്രൻ, വിനോദ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുഭാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


തൊഴിൽ 
നഷ്ടപ്പെട്ടത്‌ 
ഇരുന്നൂറിലധികം പേർക്ക്‌

തളിപ്പറന്പ്‌ നഗരത്തിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ തൊഴിൽ നഷ്‌ടപ്പെട്ടത്‌ ഇരുന്നൂറിലധികംപേർക്ക്‌. വ്യാഴാഴ്‌ച വൈകിട്ട്‌ തീപിടിത്തത്തിനിടെ പണമോ ബാഗോ ഒന്നും എടുക്കാതെ ഇറങ്ങിയോടിയ വ്യാപാരികളും തൊഴിലാളികളുമാണ്‌ ഒറ്റദിനംകൊണ്ട്‌ തൊഴിൽരഹിതരായത്‌. കെ വി കോംപ്ലക്‌സിലെ 50 സ്ഥാപനങ്ങളിലും കടകളിലുമായി ഇരുന്നൂറിലധികംപേരാണ്‌ ജോലി ചെയ്യുന്നത്‌. ഷാലിമാർ സ്‌റ്റോറിൽമാത്രം ഇരുപതിലധികംപേർ ജോലി ചെയ്യുന്നുണ്ട്‌. തീപിടിത്ത സമയത്ത്‌ സൂപ്പർമാർക്കറ്റ്‌ ഉൾപ്പെടെ എല്ലാ കടകളും തുറന്നനിലയിലായിരുന്നു. തീഅണയ്‌ക്കാനുള്ള വെള്ളം ചീറ്റിയതിനാൽ മുഴുവൻ കടകളിലെയും സാധനങ്ങൾ വെള്ളം നിറഞ്ഞും ചൂടേറ്റും നശിച്ചു. കനത്ത ചൂടിൽ കോംപ്ലക്‌സ്‌ പൂർണമായും ഉപയോഗ ശൂന്യമായി.


വ്യാപാര മേഖലയെ 
വീണ്ടെടുക്കണം

സർക്കാർതലത്തിലും ഉദ്യോഗസ്ഥതലത്തിലും ദ്രുതഗതിയിലുള്ള നടപടികളാണ് തീ നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ചത്. ആളപായം ഒഴിവാക്കാനായി എന്നതാണ് ഏറ്റവും വലിയ കാര്യം. അതീവജാഗ്രത പുലർത്തി. ഇൻഷുറൻസ് കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നഗരത്തിലെ വ്യാപാര മേഖലയെ വീണ്ടെടുക്കാനുള്ള പ്രവർത്തനവും ഒറ്റക്കെട്ടായി നടത്തണം ഇ പി ജയരാജൻ സിപിഐ എം കേന്ദ്ര 
കമ്മിറ്റി അംഗം


രക്ഷാപ്രവർത്തനത്തിന് 
നാടൊന്നാകെ തളിപ്പറമ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തിൽ വലിയ നാശനഷ്ടമാണുണ്ടായത്. ജനകീയപങ്കാളിത്തത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനവും വലിയ ചരിത്രമായി. ജില്ലാ ഭരണകൂടവും ഫയർഫോഴ്സും പൊലീസും ഒറ്റക്കെട്ടായിനിന്ന് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങി. ആർക്കും പരിക്കുകളുണ്ടായില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. കെ കെ രാഗേഷ് 
സിപിഐ എം ജില്ലാ സെക്രട്ടറി




deshabhimani section

Related News

View More
0 comments
Sort by

Home