കോടിയേരി–സി എച്ച് ചിരസ്‌മരണ
പാട്ടിന്റെ പാലാഴി തീർത്ത് കലോത്സവം

തലശേരി
പടപ്പാട്ടും ചലച്ചിത്രഗാനങ്ങളും നൃത്തച്ചുവടുമായി വിസ്‌മയം തീർത്ത കലാപ്രതിഭകളുടെ സംഗമമായി കലോത്സവം. കോടിയേരി–സി എച്ച് ചിരസ്‌മരണയുടെ ഭാഗമായി പുന്നോലിൽ സംഘടിപ്പിച്ച കലോത്സവം ചലച്ചിത്രതാരം പി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. വി കെ സുരേഷ്‌ബാബു അധ്യക്ഷനായി. എന്തു സിനിമയെടുക്കണമെന്ന് സെൻസർമാർ തീരുമാനിക്കുന്ന കാലമാണിതെന്ന് പി പി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. ബീഫ് ബിരിയാണിയെന്ന വാക്കുപോലും പാടില്ലെന്ന് പറയുന്നു. വിലക്കുകൾക്കും നിയന്ത്രണത്തിനുമെതിരെ സാംസ്‌കാരിക രംഗത്ത് പ്രതിരോധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി സി കെ രമേശൻ, ലോക്കൽസെക്രട്ടറി എ ശശി, കെ പി മനോജ് എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി പങ്കെടുത്തു. സിനിമാഗാനം, വിപ്ലവഗാനം, സിനിമാറ്റിക് ഡാൻസ് മത്സരങ്ങളിലായി മുതിർന്നവരും വിദ്യാർഥികളുമായി 250 ഓളം പേർ പങ്കെടുത്തു. വിജയികൾക്ക് സി എച്ച് കണാരൻ ദിനമായ 20ന് രാവിലെ പുന്നോലിൽ സമ്മാനം നൽകും. സെമിനാർ 15ന് കോടിയേരി–സി എച്ച് ചിരസ്‌മരണയുടെ ഭാഗമായി 15ന് കുട്ടിമാക്കൂലിൽ ‘ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷതയും’ വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്യും. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സംസാരിക്കും. ‘സ്‌ത്രീ ശാക്തീകരണവും കേരള വികസനവും’ സെമിനാർ 16ന് വൈകിട്ട് നാലിന് പൊന്ന്യം സ്രാന്പിയിൽ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. എ ജി ഒലീന സംസാരിക്കും. 20ന് സി എച്ച് കണാരൻ ചരമ ദിനത്തിൽ പുന്നോലിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണയോഗവും.









0 comments