സ്വപ്‌നച്ചുവട്

കാൽക്കീഴിൽ കിളിമഞ്ചാരോ

സുസ്മിതും ഗംഗാധരനും കിളിമഞ്ചാരോയിലെ ഉഹുരു കൊടുമുടിയിൽ
avatar
ബബിഷ ബാബു

Published on Oct 05, 2025, 02:30 AM | 1 min read

തലശേരി ​

ആഫ്രിക്കയുടെ മേൽക്കൂരയായി നിന്ന കിളിമഞ്ചാരോ മഹാപർവതം സുസ്മിതിന്റെയും ഗംഗാധരന്റെയും കാൽക്കീഴിൽ അനുസരണയോടെനിന്നു. ആ ഉയരത്തിൽനിന്നവർ കനത്തുപെയ്യുന്ന മഞ്ഞിന്റെ മറനീക്കി, കേരളത്തെ, ലോകത്തെ നോക്കി പുഞ്ചിരിച്ചു. പിന്നെ അവർ പതിയെ ആ വലിയ മോഹത്തിന്റെ നെറുകയിൽനിന്ന്‌ താഴേക്കിറങ്ങി. ട്രക്കിംഗ് കൂട്ടായ്മയായ ഗ്ലോബ് ട്രക്കേഴ്സ്സിലെ 15 അംഗങ്ങളിലെ രണ്ടുപേരായിട്ടാണ്‌ തലശേരിയിലെ സുസ്മിത് എസ് മോഹനും കണ്ണൂരിലെ ഗംഗാധരനും കിളിമഞ്ചാരോ പർവതാരോഹണത്തിനിറങ്ങിയത്‌. മൈനസ് താപനില, ഓക്സിജൻ കുറയൽ തുടങ്ങിയ പ്രതിബന്ധങ്ങളായെല്ലാം അതിജീവിച്ചാണ് കിളിമഞ്ചാരോയെ അറുപത്തിയെട്ടുകാരനായ ഗംഗാധരനൊപ്പം സുസ്‌മിത്‌ കീഴടക്കിയത്‌. പർവതാരോഹണത്തിനിടെ കുടിവെള്ളം ഐസായതും ഓക്സിജൻ ലെവൽ 60 ശതമാനത്തിലേക്കെത്തിയതുമെല്ലാം വെല്ലുവിളിയായി. പക്ഷേ, ഏഴ്‌ വൻകരകളിലെ കൊടുമുടികളിലൊന്ന് കീഴടക്കുകയെന്ന വലിയ ലക്ഷ്യത്തിന്റെ മുന്നിൽ അവയെല്ലാം നിഷ്‌പ്രഭമായി. സെപ്‌തംബർ നാലിന്‌ കെനിയയിലെത്തിയ യാത്രാസംഘം പിന്നീട് ടാൻസാനിയയിലേക്ക് കടന്നു. കിളിമഞ്ചാരോയിലെ ഉഹുരു കൊടുമുടി സമുദ്രനിരപ്പിൽനിന്ന് 5895 മീറ്റർ (19341 അടി) ഉയരത്തിലാണ്‌. വയോധികരടങ്ങുന്ന സംഘം ഇവിടേക്കുള്ള പ്രവേശന കവാടമായ മോഷി പട്ടണത്തിലെത്തിയശേഷം ഗൈഡുകളോടൊപ്പമാണ്‌ പർവതാരോഹണം തുടങ്ങിയത്‌. എട്ടിന് അർധരാത്രി ഉഹുരുവിലേക്കുള്ള അവസാനഘട്ടം ആരംഭിച്ചു. രാവിലെ ഒമ്പതോടെ ഏഴ് ദിവസത്തെ ട്രക്കിങ് പൂർത്തിയാക്കി ഉഹുരു പീക്കിലെത്തി. 40 ശതമാനംപേർ മാത്രം വിജയകരമായി പൂർത്തിയാക്കുന്ന അത്യധികം വിഷമകരമായ ഉഹുരു പീക്ക്‌ സംഘത്തിന്‌ മുഴുവനും കീഴടക്കാനായത്‌ അഭിമാന നേട്ടമായി. അസാപ്പിൽ പ്രോഗ്രാം മാനേജരായ സുസ്മിത് നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. നാലുവർഷമായി മലകയറ്റത്തിലേക്ക് മാറിയിട്ട്. നൂറോളം ട്രക്കിങ്‌ നടത്തിയ സുസ്‌മിത്‌ കിളിമഞ്ചാരോ പർവതാരോഹണത്തിനായി 27 ട്രക്കിങ്ങുകളാണ്‌ ജനുവരി മുതൽ ആഗസ്‌ത്‌ വരെയായി പൂർത്തീകരിച്ചത്‌. യാത്രാച്ചെലവിന്‌ 132 സുഹൃത്തുക്കൾ പണം സമാഹാരിച്ച് നൽകി. യുകെയിലുള്ള ഭാര്യ സ്വാതിയും മകൻ ഏദനും അമ്മ സജിതയും സുസ്മിത്തിന്റെ സ്വപ്നങ്ങൾക്ക്‌ പിന്തുണയേകി. . ആർമി എൻജിനിയറിങ് വിഭാഗത്തിൽനിന്ന്‌ വിരമിച്ച ഗംഗാധരൻ അഞ്ചുവർഷമായി ട്രക്കിങ്ങിലുണ്ട്‌. അധികമാർക്കും കാണാനാകാത്ത ഉയരക്കാഴ്ചകൾ ഏറെ സന്തോഷിപ്പിക്കുന്നതായി ഗംഗാധരൻ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home