"കുട്ടിയുടെ പുഴ ’ ഒഴുകും, നാലാം ക്ലാസുകാരിലൂടെ

സ്വന്തം ലേഖിക
Published on May 16, 2025, 02:30 AM | 1 min read
കണ്ണൂർ
‘കുട്ടിയുടെ പുഴ’ എഴുതുമ്പോഴുള്ള അനുഭവം അധ്യാപകർക്ക് മുന്നിൽ പങ്കുവയ്‌ക്കുമ്പോൾ പ്രേമജ ടീച്ചറുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിൽ രണ്ടാം ക്ലാസ് അധ്യാപകർക്കുള്ള പരിശീലനത്തിനാണ് പ്രേമജ ഹരീന്ദ്രൻ എത്തിയത്. എസ്‌സിഇആർടി പരിഷ്‌കരിച്ച നാലാംക്ലാസിലെ മലയാള പാഠപുസ്‌തകത്തിൽ പ്രേമജയുടെ കഥകൂടി ഉൾപ്പെട്ടതോടെയാണ് അനുഭവം പങ്കുവയ്‌ക്കാനായി അധ്യാപകർക്ക് മുന്നിലെത്തിയത്. യുവത ബുക്സ് പ്രസിദ്ധീകരിച്ച ‘നിലാവിന്റെ കുഞ്ഞുങ്ങൾ’ എന്ന കഥാസമാഹാരത്തിലെ ‘കുട്ടിയുടെ പുഴ’ എന്ന കഥയാണ് നാലാം ക്ലാസിലെ ഒന്നാം വോള്യം പാഠപുസ്തകത്തിൽ ചേർത്തത്. കുട്ടികളുടെ ഭാവനാലോകത്തിലെ നിഷ്കളങ്കമായ ചിന്തകൾ വരച്ചിടുന്ന ‘കുട്ടിയുടെ പുഴ’ എന്ന രചന കുട്ടികളിൽ പ്രകൃതിയോട് ഇഷ്ടം വളർത്തുകയും പ്രകൃതി നിരീക്ഷണത്തിനുള്ള താൽപ്പര്യം വളർത്തുകയും ചെയ്യും. ആനയിടുക്ക് ഗവ. എൽപിഎസിലെ പ്രധാനാധ്യാപികയാണ് പ്രേമജ ഹരീന്ദ്രൻ ഇതിനോടകം 13 ബാലസാഹിത്യകൃതികളും ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കവിതാ വിഭാഗം പുരസ്കാരം പൂമാല എന്ന കൃതിക്ക് ലഭിച്ചു. 2022ൽ ‘ഭൂമിയിലെ നക്ഷത്രങ്ങൾ’ എന്ന പുസ്തകം കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരവും നേടി . പ്രഭാഷണ രംഗത്തും കുട്ടികൾക്കുള്ള ക്യാമ്പുകളിലും സജീവമാണ്. കണ്ണൂർ ആകാശവാണിയിലെ കാവ്യാഞ്ജലി പരിപാടിയിൽ കവിതകൾ ചൊല്ലി അവതരിപ്പിക്കാറുണ്ട്. അധ്യാപക പരിശീലനങ്ങളുടെ സംസ്ഥാനതല റിസോർസ് പേഴ്‌സൺ ആയി പ്രവർത്തിക്കുന്നുണ്ട്. ഏച്ചൂരിലെ റിട്ട. അധ്യാപകനായ കെ പി ഹരീന്ദ്രനാണ് ഭർത്താവ്. അരുൺഹരി, നിവേദ് ഹരി എന്നിവർ മക്കളാണ്.









0 comments