ലഹരി എന്ന ഭീകരരൂപി
ലഹരിവിപത്തിനെതിരെ കണ്ണൂർ സെൻട്രൽ ജയിലിന്റെ ഇൻസ്‌റ്റലേഷൻ

കണ്ണൂർ
സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി വസ്‌തുക്കളുടെ മാതൃക ചേർത്തൊരു മനുഷ്യരൂപം. ലഹരിയുടെ ഭീകരതയെക്കുറിച്ചാണ് കണ്ണൂർ സെൻട്രൽ ജയിലിന്റെ ഇൻസ്‌റ്റലേഷൻ സംവദിക്കുന്നത്. ഗുളികകൾ, എംഡിഎംഎ, സ്‌റ്റാമ്പുകൾ, കഞ്ചാവ്, സിറിഞ്ചുകൾ, സിഗരറ്റുകൾ, നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ, മദ്യക്കുപ്പികൾ തുടങ്ങിയ ലഹരി പദാർഥങ്ങളുടെ മാതൃകകളാണ് ഇൻസ്‌റ്റലേഷൻ ഒരുക്കാനായി ഉപയോഗിച്ചത്. ജയിൽ അന്തേവാസിയായ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇൻസ്‌റ്റലേഷൻ തയ്യാറാക്കിയത്. ലഹരിക്കടിപ്പെട്ടശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ജയിൽ ജീവനക്കാരനും അന്തേവാസികളുമടക്കമുള്ളവരുടെ അനുഭവങ്ങളും തൊട്ടടുത്ത് സ്ഥാപിച്ച ടിവി സ്‌ക്രീനിലൂടെ നവജീവനം പദ്ധതിയുടെ ഭാഗമായി പ്രദർശിപ്പിച്ചിട്ടുണ്ട്. വാങ്ങാം ഉൽപ്പന്നങ്ങൾ സെൻട്രൽ ജയിലിലെയും വനിതാ ജയിലിലെയും അന്തേവാസികൾ തയ്യാറാക്കിയ വസ്‌ത്രങ്ങളും കരകൗശല വസ്‌തുക്കളും ചെടികളും ഇവിടെ വിൽപ്പനയ്‌ക്കുണ്ട്. മൊമന്റോ, ചുവർ ചിത്രങ്ങൾ, ശിൽപ്പങ്ങൾ എന്നിവയും വാങ്ങാം. സർക്കാർ വാർഷികത്തിന്റെ ഭാഗമാകുന്നതിനായി വനിതാ ജയിലിലെ തടവുകാർ കൂടുതൽ സമയം ജോലിചെയ്‌താണ് മേളയിലെ സ്‌റ്റാളിലേക്കുള്ള വസ്‌ത്രങ്ങൾ തയ്യാറാക്കുന്നത്. ജയിലിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നിടത്തും കൂടുതൽ ആളുകളെത്തുന്നു. തൂക്കിക്കൊല്ലുന്നതടക്കമുള്ള ഡമോൺസ്‌ട്രേഷനും ജയിലിലെ സെല്ലും ഇവിടെ കാണാം.









0 comments