ഉൽപ്പന്നങ്ങൾ വിറ്റഴിക്കും
ആറളംഫാമിൽ ഗോത്രശ്രീ കർഷക കമ്പനി തുടങ്ങി

ഇരിട്ടി
ആദിവാസി സംരംഭങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ആറളംഫാമിൽ ഗോത്രശ്രീ കർഷക കമ്പനി തുടങ്ങി. നബാർഡ് ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി നടപ്പാക്കിയ പദ്ധതി പ്രവർത്തനങ്ങളുടെ തുടർച്ചയായി സെന്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്‌മെന്റാണ് ഗോത്രശ്രീ കമ്പനിക്ക് രൂപം നൽകിയത്. ആദിവാസി പുനരധിവാസ മേഖലയിൽ 2017 മുതൽ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണ് കമ്പനി. പത്ത് ആദിവാസി കർഷകർക്കുള്ള കമ്പനിയിൽ ആയിരം രൂപ ഓഹരിയുള്ള 410 പേരാണ് അംഗങ്ങൾ. ആറളംഫാം ആദിവാസി സംരംഭങ്ങളായ ഫ്‌ളോർ മിൽ, കശുവണ്ടി സംസ്‌കരണ യൂണിറ്റ്, തയ്യൽ യൂണിറ്റുകൾ എന്നിവ കമ്പനിക്ക് ആസ്തിയായുണ്ട്. ഇറച്ചിക്കോഴി ഫാം, മഞ്ഞൾ, എള്ള്, കുറുന്തോട്ടി എന്നിവയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷി പദ്ധതി എന്നിവ തുടങ്ങും. ഉൽപ്പന്ന സംഭരണ, വിൽപ്പനക്കായി കോട്ടപ്പാറയിലും കക്കുവയിലും കേന്ദ്രങ്ങൾ ആരംഭിച്ചു. കക്കുവയിൽ വിപണന കേന്ദ്രം ഫാം എംഡി എസ് സുജീഷ് ഉദ്ഘാടനംചെയ്തു. ഉന്നതി മൂപ്പൻ മോഹനൻ അധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. കെ പി നിതീഷ് കുമാർ മുഖ്യാതിഥിയായി. ഡയറക്ടർമാരായ കുമാരൻ കോട്ടി, കെ കെ മിനി, ഷൈല ഭരതൻ, വത്സല മോഹൻ എന്നിവർ സംസാരിച്ചു. സിആർഡി പ്രോഗ്രാം ഓഫീസർ ഇ സി ഷാജി പദ്ധതി വിശദീകരിച്ചു.








0 comments