സ്വാദിഷ്ടം വൈവിധ്യം ഏര്യം സ്‌കൂളിലെ ഉച്ചയൂൺ

ശ്രീകാന്ത് പാണപ്പുഴ
Published on Jul 26, 2025, 03:00 AM | 1 min read
പാണപ്പുഴ
ഏര്യം വിദ്യാമിത്രം യുപി സ്കൂളിൽ ഉച്ചഭക്ഷണം വിഭവങ്ങളാൽ സമൃദ്ധമാണ്. സ്വാദിഷ്ടവും ആകർഷകവും വൈവിധ്യവുമായ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് സ്കൂളിലെ ഉച്ചഭക്ഷണം. സർക്കാറിന്റെ പുതിയ ഉച്ചഭക്ഷണ മെനു പരിഷ്‌കാരത്തിന്റെ ഭാഗമായി ഫ്രൈഡ് റൈസ്, വെജിറ്റബിൾ ബിരിയാണി എന്നിവയും കുട്ടികൾക്ക് നൽകുന്നുണ്ട്. കൂടാതെ ഊണിന് മൂന്ന് കറികൾ നൽകുന്നുണ്ട്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയാണ് ബിരിയാണി, പായസം തുടങ്ങിയവ നൽക്കാൻ കഴിയുന്നത്. മാസത്തിൽ രണ്ട് തവണ ചിക്കൻകറി ഉൾപ്പെടെ നൽകുന്നുണ്ട്. പിടിഎ നേതൃത്വത്തിലാണ് ഉച്ചഭക്ഷണ പരിപാടി സംഘടിപ്പിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്ന പത്മാക്ഷി, മഞ്ജു എന്നിവരാണ് ഇവർക്ക് സഹായമായി രക്ഷിതാക്കളും മദർ പിടിഎ അംഗങ്ങളും ഉണ്ട്. സമീപത്തെ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ജൈവ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ വർഷത്തെ പച്ചക്കറിത്തോട്ടത്തിന് ആലക്കാട് പ്രവാസി സംഘമാണ് നേതൃത്വം നൽകിയത്. തങ്ങൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽ വിളവെടുക്കുന്ന പച്ചക്കറി ഉൽപ്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നത് കുട്ടികൾക്ക് ഏറെ സന്തോഷവും കൃഷിയോടുള്ള താൽപര്യവും വളർത്തുന്നു. കുട്ടികൾക്ക് പാലിനൊപ്പം ഹോർലിക്സ്, ബൂസ്റ്റ് എന്നിവയും ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകുന്നുണ്ട്. സർക്കാരിൽനിന്ന് ലഭിക്കുന്ന ഫണ്ടിന് പുറമെ രക്ഷിതാക്കളിൽനിന്നും ഉച്ചഭക്ഷണത്തിനുള്ള തുക കണ്ടെത്തുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ സി മനോജ്, പിടിഎ പ്രസിഡന്റ് എസ് വി ബഷീർ, എംപിടിഎ പ്രസിഡന്റ് നഫീസത്ത് മിസ്‌രിയ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഉച്ചഭക്ഷണ പരിപാടി നന്നായി നടത്തുന്നത്.









0 comments