3 പേർക്ക് പരിക്ക്
മലപ്പട്ടത്ത് യൂത്ത് കോൺഗ്രസുകാർ സിപിഐ എം ഓഫീസ് ആക്രമിച്ചു


സ്വന്തം ലേഖകൻ
Published on May 15, 2025, 02:30 AM | 2 min read
ശ്രീകണ്ഠപുരം
യൂത്ത് കോൺഗ്രസുകാർ സിപിഐ എം മലപ്പട്ടം ലോക്കൽ കമ്മറ്റി ഓഫീസ് ആക്രമിച്ചു. അക്രമത്തിൽ മൂന്നുപേർക്ക് പരിക്ക്. രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന പദയാത്രയുടെ മറവിലാണ് ആക്രമണം. ജാഥയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസുകാർ പ്രകോപന മുദ്രാവാക്യം വിളിച്ച് ഓഫീസ് ആക്രമിക്കുകയായിരുന്നു. ഓഫീസിൽ പത്രം വായിച്ചിരിക്കുകയായിരുന്ന സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ടി കെ സുലേഖ, ലോക്കൽ കമ്മിറ്റി അംഗം ടി വി ജിതേഷ്, എ ബാലകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മയ്യിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. ചൂളിയാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ചെന്നും സ്തൂപം തകർത്തെന്നും പ്രചരിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് മലപ്പട്ടത്ത് സംഘർഷം തുടങ്ങിയത്. ഇത് രണ്ടാംതവണയാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ മലപ്പട്ടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘർഷം സൃഷ്ടിക്കുന്നത്. ധീരജിനെ കുത്തിയ കത്തി കൈയിലുണ്ടെന്ന പ്രകോപനമുദ്രാവാക്യത്തോടെയായിരുന്നു ആക്രമണം. വൈകിട്ട് ആറോടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ യൂത്ത് കോൺഗ്രസ്സുകാർ അടൂരിൽ സംഘടിച്ചാണ് പ്രകടനമായി മലപ്പട്ടം സെന്ററിലെത്തിയത്. മലപ്പട്ടം സെന്ററിൽ പൊതുയോഗം നടത്താനും യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് സമീപത്തെ സിപിഐ എം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫീസിനുനേരെ കല്ലുകളും കുപ്പികളും എറിഞ്ഞത്. കൂട്ടമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസ് തകർക്കാനും ശ്രമിച്ചു. വൻ പൊലീസ് സംഘം നിലയുറപ്പിച്ചതോടെയാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, ഏരിയാ സെക്രട്ടറി എം സി രാഘവൻ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
യൂത്ത് കോൺഗ്രസ് ഗൂഢാലോചന: സിപിഐ എം
ശ്രീകണ്ഠപുരം
മലപ്പട്ടത്തുണ്ടായ സംഘർഷം യൂത്ത് കോൺഗ്രസ് ഗൂഢാലോചനയാണെന്ന് സിപിഐ എം ശ്രീകണ്ഠപുരം ഏരിയാകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അടൂരിൽനിന്നാരംഭിച്ച ജാഥ അഞ്ചുകിലോമീറ്റർ പിന്നിട്ട് മലപ്പട്ടം സെൻട്രലിൽ എത്തിയപ്പോൾ സിപിഐ എം ഓഫീസ് ആക്രമിക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന പാർടിനേതാക്കൾ ഉൾപ്പെടെ മൂന്നുപേർക്ക് കല്ലേറിൽ പരിക്കേറ്റു. സിപിഐ എം ശക്തികേന്ദ്രമായ മലപ്പട്ടത്ത് ബോധപൂർവം അക്രമം സൃഷ്ടിച്ച് സംസ്ഥാനത്താകെ പ്രചാരണം നടത്തുകയെന്ന ഗൂഢാലോചനയാണ് പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുകൂടിയായ രാഹുൽ മാങ്കൂട്ടത്തലിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. സമാധാന സന്ദേശ ജാഥ എന്ന പേരിൽ സംഘടിപ്പിച്ച അക്രമജാഥയാണ് മലപ്പട്ടത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നത്. മാധ്യമപ്രവർത്തകരുടെയും പൊലീസിന്റെയും കൺമുന്നിൽവച്ചാണ് അക്രമങ്ങൾ അരങ്ങേറിയത്. സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായിട്ടില്ല. വിവിധ പ്രദേശങ്ങളിൽനിന്ന് വാഹനങ്ങളിലെത്തിയ യൂത്ത് കോൺഗ്രസ് അക്രമിസംഘമാണ് സംഘർഷമുണ്ടാക്കിയത്. കേരളത്തിൽ സിപിഐ എം അക്രമം സംഘടിപ്പിക്കുന്നുവെന്ന് വരുത്തുന്നതിന് ബോധപൂർവം സംഘടിപ്പിച്ച ജാഥയാണിത്. ഓഫീസ് ആക്രമിച്ചിട്ടും മൂന്നുപേർക്ക് പരിക്കേറ്റിട്ടും സിപിഐ എം ജാഗ്രത പാലിച്ചതുകൊണ്ടാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. യൂത്ത് കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകിട്ട് മലപ്പട്ടത്തെ ബഹുജനങ്ങളെയാകെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.









0 comments