അധ്യയന വർഷാരംഭം

സ്കൂൾ വാഹനങ്ങളുടെ പരിശോധന കർശനമാക്കി മോട്ടോർവാഹനവകുപ്പ്

തളിപ്പറമ്പ് ആർടി ഓഫീസ് പരിധിയിലെ സ്കൂൾ വാഹന പരിശോധനയിൽനിന്ന്
വെബ് ഡെസ്ക്

Published on Jun 01, 2025, 03:00 AM | 2 min read

തളിപ്പറമ്പ്

തിങ്കളാഴ്ച പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ മോട്ടോർ വാഹനവകുപ്പ് സ്കൂൾ വാഹനങ്ങളുടെ കർശന പരിശോധന ആരംഭിച്ചു. വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതോടൊപ്പം സ്കൂൾ അധികൃതർക്കും സ്കൂൾ വാഹന ഡ്രൈവർമാർക്കും ബോധവൽക്കരണം നൽകി അപകടരഹിത അധ്യയന വർഷം ഉറപ്പിക്കുന്നതിനാണിത്. സ്കൂൾ വാഹനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങളും അവയുടെ ശരിയായ പ്രവർത്തനവും ഉറപ്പാക്കുന്നതിനൊപ്പം യന്ത്രസംവിധാനങ്ങളുടെ പരിശോധനയും കാലപ്പഴക്കവും പരിശോധിച്ചാണ് ഫിറ്റ്നസ് നൽകുക. ഫിറ്റ്നസില്ലാത്തതോ പരിശോധയ്ക്ക് ഹാജരാക്കത്തതോ ആയ സ്കൂൾ ബസുകളിലെ യാത്ര തടയും. നടപടിയും എടുക്കും. വേഗപ്പൂട്ട്, വാഹനത്തിന്റെ സഞ്ചാരപാത തിരിച്ചറിയാനുള്ള ജിപിഎസ്, അപകടം സംഭവിച്ചാൽ അടിയന്തര സന്ദേശം കൈമാറാനുള്ള പാനിക്ക് ബട്ടൺ, സുരക്ഷാ കാമറകൾ, സുരക്ഷാ വാതിലുകൾ, പ്രധാന വാതിലുകളിൽ ഇരുവശത്തും കൈവരികൾ, പ്രഥമശുശ്രൂഷാ കിറ്റ്, കുട്ടികളുടെ ബാഗുൾപ്പെടെ സൂക്ഷിക്കാനുള്ള റാക്ക് തുടങ്ങി വാഹനത്തിന്റെ കളർ, റിഫ്ലക്ടിങ് സ്റ്റിക്കർ എന്നിവയും പരിശോധിക്കുന്നു. അതോടൊപ്പം പൊലീസ് (100), അഗ്നിരക്ഷാസേന (101), ആംബുലൻസ് (108), ചൈൽഡ് ഹെൽപ്പ് ലൈൻ (1098) എന്നീ അടിയന്തര ഫോൺ നമ്പറുകൾ വാഹനത്തിനുപിറകിൽ എഴുതിയിരിക്കണം. സ്കൂളിന്റെ പേരും മേൽവിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസറുടെ മൊബൈൽ നമ്പർ ഉൾപ്പെടെ വിവരങ്ങൾ ബസിന്റെ ഇരുവശങ്ങളിലും പിൻവശത്തും വേണം. ഈ നോഡൽ ഓഫീസർക്കാണ് വാഹനത്തിന്റെ പ്രവർത്തനക്ഷമത, രേഖകൾ, കാലാവധി, ഡ്രൈവിങ് ലൈസൻസ് എന്നിവ പരിശോധിച്ച് നിയമസാധുത ഉറപ്പുവരുത്തേണ്ട ചുമതല. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ സുരക്ഷാമിത്രയിൽ അപ്ലോഡ് ചെയ്യേണ്ടതും നോഡൽ ഓഫീസർമാരാണ് 311 വാഹനങ്ങൾക്ക് ഫിറ്റ്നസ് 
43 എണ്ണം തിരിച്ചയച്ചു തളിപ്പറമ്പ് തളിപ്പറമ്പ് സബ് ആർടി ഓഫീസിനുകീഴിൽ നടന്ന പരിശോധനയിൽ 311 വാഹനങ്ങൾ ഫിറ്റ്നസ് നേടി സ്റ്റിക്കർ പതിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 43 വാഹനം മാനദണ്ഠം പാലിക്കാതെ പുനപരിശോധയ്ക്കായി തിരിച്ചയച്ചു. ആർടി ഓഫിസ് പരിധിയിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന കാഞ്ഞിരങ്ങാട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ഗ്രൗണ്ട് പരിസരത്തായിരുന്നു. ജോയിന്റ്‌ ആർടിഒ ഷാനവാസ് കരീമിന്റെ നേതൃത്വത്തിൽ എംവിഐമാരായ പി വി രതിഷ്, ടി വൈകുണ്ഠൻ, എഎംവിഐമാരായ ബി സുജിത്, കണ്ണൻ, വി രമേശൻ, സി എൻ പത്മരാജൻ, ടി ധനുഷ് എന്നിവരാണ് പരിശോധന നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home