ആർഎസ്എസ് കൊലയാളി സംഘങ്ങൾ ലഹരിക്കടത്തിലും സജീവം

തലശേരി
നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ആർഎസ്എസ് കൊലയാളി സംഘങ്ങൾ ക്വട്ടേഷൻ, ലഹരിക്കടത്ത്, പിടിച്ചുപറി തുടങ്ങിയ മേഖലകളിലും സജീവം. ലഹരിക്കടത്ത് കേസിൽ പാനൂർ കുറ്റേരി കെ സി മുക്കിലെ അരുൺ ഭാസ്കറിനെ ബംഗളൂരുവിൽനിന്ന് ഇടുക്കി കട്ടപ്പന പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തതോടെ രാസലഹരി വിൽപ്പനയിലും സ്വയംസേവക സാന്നിധ്യം തെളിഞ്ഞു. എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അരുൺ ഭാസ്കറെന്ന് ഇതോടെ തെളിയുകയാണ്. സിപിഐ എം മാഹി പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായിരുന്ന കണ്ണിപ്പൊയിൽ ബാബു വധക്കേസ് പ്രതിയാണ് അരുൺ ഭാസ്കർ. പാനൂർ പാലക്കൂൽ, എലാങ്കോട് എന്നിവിടങ്ങളിൽനിന്ന് 8.35 ലക്ഷം രൂപ 2019 സെപ്തംബറിൽ കവർച്ചചെയ്ത കേസിലും ഇയാൾ പ്രതിയായിരുന്നു. മോഷണത്തിൽമാത്രമല്ല, ക്വട്ടേഷനിലും സ്വയം സേവകർ കഴിവ് തെളിയിച്ചു. പള്ളൂരിലെ മൂന്നംഗ സംഘമാണ് എൻആർ കോൺഗ്രസ് നേതാവ് വളവിൽ സുധാകരനെ ആക്രമിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തത്. രണ്ടു കാലും അടിച്ചൊടിക്കാനായിരുന്നു ക്വട്ടേഷൻ. പള്ളൂർ ഗ്രാമത്തിലെ പൂശാരിക്കോവിലിനടുത്ത നിജേഷ് പിടിയിലായി. ആർഎസ്എസ് ശാഖ മുഖ്യശിക്ഷക് കരീക്കുന്നുമ്മൽ സുനി, ഒ പി രജീഷ് എന്നിവർ ഒളിവിലാണ്. ഇവരും കണ്ണിപ്പൊയിൽ ബാബു വധക്കേസ് പ്രതികളാണ്. കൊലയാളികൾക്ക് നേതൃപദവി കൊലപാതകക്കേസിലും ക്വട്ടേഷൻ ഇടപാടിലും ഉൾപ്പെട്ടവർക്ക് നേതൃപദവിയിലേക്കും ബിജെപിയിൽ സംവരണമുണ്ട്. കോടിയേരി നങ്ങാറത്ത്പീടികയിലെ കെ പി ജിജേഷ് വധക്കേസ് പ്രതിയാണ് ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് പ്രഭീഷ്കുമാർ. മത്സ്യത്തൊഴിലാളി കോടിയേരി പുന്നോൽ താഴെവയലിലെ കെ ഹരിദാസൻ വധക്കേസിൽ മുഖ്യ പ്രതിയാണ് ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ്. നേതൃനിരയിലേക്ക് ആർഎസ് എസ്–ബിജെപി നേതൃത്വം പരിഗണിക്കാത്തവരാണ് ക്വട്ടേഷനിലൂടെയും എംഡിഎംഎയടക്കമുള്ള രാസലഹരി വിറ്റും പണം തട്ടിപ്പറിച്ചും ജീവിക്കുന്നത്.







0 comments