സമൂഹത്തിന്‌ സൗഖ്യം പകർന്ന ഭിഷഗ്വരൻ

ഐഎംഎ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എ എൻ ഷംസീറിനുമൊപ്പം ഡോ. സി കെ ജയകൃഷ്‌ണൻനമ്പ്യാർ (ഫയൽചിത്രം)

ഐഎംഎ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എ എൻ ഷംസീറിനുമൊപ്പം ഡോ. സി കെ ജയകൃഷ്‌ണൻനമ്പ്യാർ (ഫയൽചിത്രം)

avatar
പി ദിനേശൻ

Published on May 01, 2025, 03:00 AM | 2 min read

തലശേരി

വേദനയിൽ പിടയുന്ന രോഗികൾക്ക്‌ സൗഖ്യംപകർന്ന ആതുരസേവകൻ മാത്രമായിരുന്നില്ല ചൈനയിലെ ആശുപത്രിയിൽ അന്തരിച്ച ഡോ. സി കെ ജയകൃഷ്‌ണൻനമ്പ്യാർ. സാമൂഹ്യപ്രതിബദ്ധയോടെ ഐഎംഎ തലശേരി ശാഖയെ നയിച്ച മികച്ച സംഘാടകൻകൂടിയായിരുന്നു അദ്ദേഹം. ഐഎംഎ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ച 2022–-23 കാലത്താണ്‌ ലഹരിക്കെതിരായ പോരാട്ടത്തിന്‌ തലശേരിയിൽ തുടക്കംകുറിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എ എൻ ഷംസീറും പങ്കെടുത്ത സമ്മേളനത്തിൽ ആരംഭിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിൽ സമൂഹത്തെയാകെ അണിനിരത്താൻ പ്രയത്‌നിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ പോരാട്ടത്തിന്റെ മുൻനിരയിലേക്ക്‌ ഡോക്ടർമാരെയും നയിച്ചു. ഡോ. നദീം അബൂട്ടി സെക്രട്ടറിയും ജയകൃഷ്‌ണൻനമ്പ്യാർ പ്രസിഡന്റുമായ കമ്മിറ്റി വ്യത്യസ്‌തമായ ഒട്ടേറെ പ്രവർത്തനങ്ങൾ അക്കാലത്ത്‌ നടത്തിയതായി ഐഎംഎ മുൻ ദേശീയ പ്രസിഡന്റ്‌ ഡോ. ബാബു രവീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ മികച്ച ഐഎംഎ പ്രസിഡന്റിനുള്ള 2022ലെ പുരസ്‌കാരവും ഡോ ജയകൃഷ്‌ണൻനമ്പ്യാർക്കായിരുന്നു. 2019–-20, 2020–--21കാലത്ത്‌ ഐഎംഎ തലശേരി ശാഖയുടെ സെക്രട്ടറിയായിരുന്നു. മികച്ച ഡോക്ടർ എന്നതിലുപരി നല്ല മനുഷ്യസ്‌നേഹിയുമായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ്‌ രോഗം കീഴ്‌പ്പെടുത്തിതുടങ്ങിയത്‌. മുംബൈ ടാറ്റ ആശുപത്രിയിൽ ചികിത്സക്ക്‌ ശേഷം നാട്ടിലെത്തി തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. തലശേരി പ്രസ്‌ഫോറം നവവത്സരാഘോഷ ചടങ്ങിലാണ്‌ ഒടുവിൽ പങ്കെടുത്തത്‌. 1992ൽ കർണാടകത്തിലെ ഗുൽബർഗ എം ആർ മെഡിക്കൽ കോളജിൽനിന്നാണ്‌ എംബിബിഎസ് പൂർത്തിയാക്കിയത്‌. 1998ൽ മംഗളൂരു കെഎംസിയിൽനിന്നും എംഎസ് ഓർത്തോപീഡിക്സിലും 2002ൽ ബ്രിട്ടനിൽനിന്നും എംസിഎച്ച് ഓർത്തോപീഡിക്സിലും ബിരുദം നേടി. പരിയാരം മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്സ് വിഭാഗത്തിലായിരുന്നു തുടക്കം. തലശേരി, കൂത്തുപറമ്പ്‌ സഹകരണ ആശുപത്രികളിലെ ഓർത്തോപീഡിക്‌സ്‌ വിഭാഗത്തിന്റെ നട്ടെല്ലായിരുന്നു. മുഖ്യമന്ത്രിയും സ്‌പീക്കറും അനുശോചിച്ചു തലശേരി പ്രമുഖ ഓർത്തോപീഡിക്‌ സർജനും ഐഎംഎ തലശേരി ശാഖ മുൻ പ്രസിഡന്റുമായ ഡോ. സി കെ ജയകൃഷ്‌ണൻനമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച സർജനെന്ന നിലയിൽ അംഗീകാരം നേടിയ ഡോക്ടറുടെ അകാലവേർപാട്‌ സമൂഹത്തിന്‌ വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച ഡോക്ടർ എന്നതിലുപരി ദയയും സ്നേഹവും ഉള്ള ഒരു വ്യക്തിയായിരുന്നു ജയകൃഷ്‌ണൻനമ്പ്യാറെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ അനുസ്‌മരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനുശോചിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home