അല്ലലില്ലാതെ ഓണം

സ്വന്തം ലേഖകർ
Published on Sep 07, 2025, 02:00 AM | 2 min read
കണ്ണൂർ
ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഇക്കുറി ഏവരും അല്ലലില്ലാത്ത ഓണം ആഘോഷിച്ചു. ക്ലബ്ബുകളും സാംസ്‌കാരിക കേന്ദ്രങ്ങളും യുവജന സംഘടനകളുമെല്ലാം സജീവമായി പരിപാടികൾ സംഘടിപ്പിച്ചു. ഓണവും നബിദിനവും ഒന്നിച്ചുവന്നത് ആഘോഷങ്ങളുടെ മാറ്റുകൂട്ടി. നബിദിന ഘോഷയാത്രയിൽ മാവേലി വേഷധാരി വന്നതും മധുരം കൈമാറിയതും നാടിന്റെ സാഹോദര്യത്തെ ഒരിക്കൽക്കൂടി അടയാളപ്പെടുത്തി. ഗൃഹസന്ദർശന യാത്രയും പൂക്കള മത്സരവും വിവിധ പരിപാടികളും നടന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളിലുൾപ്പെടെ വലിയ ജനത്തിരക്കായിരുന്നു. വിലക്കയറ്റം പിടിച്ചുനിർത്തിയും ഇഷ്‌ടംപോലെ സാധനങ്ങൾ സപ്ലൈകോയും സഹകരണ സംഘങ്ങളും വഴി വിതരണംചെയ്‌തും ക്ഷേമപെൻഷനുകളും ബോണസും നേരത്തേ കൈകളിലെത്തിച്ചും സർക്കാർ കൂടെനിന്നതും ഓണം കളറാക്കി.
സജീവമായി വിനോദസഞ്ചാര കേന്ദ്രങ്ങളും
തിരുവോണദിനത്തിൽ സജീവമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. പയ്യാമ്പലം ബീച്ച്, പാലക്കയംതട്ട്, പഴശ്ശി ഡാം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, വയലപ്ര പാർക്ക്, ചൂട്ടാട് ബീച്ച് തുടങ്ങിയ ഇടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അടുത്തടുത്ത ദിവസങ്ങളിൽ അവധി വന്നതിനാൽ കുടുംബസമേതമായിരുന്നു ഓണംനാളിലെ വിനോദയാത്ര. പലയിടത്തും ഉച്ചയ്‌ക്കുശേഷമാണ് തിരക്കേറിയത്. ചെറിയ മഴയും കോടമഞ്ഞുമുൾപ്പെടെയുള്ള കാലാവസ്ഥ പാലക്കയംതട്ട് ഉൾപ്പെടെയുള്ള മലയോര കേന്ദ്രങ്ങളെ പ്രിയങ്കരമാക്കി. കാടുവെട്ടലും പെയിന്റിങ്ങുമുൾപ്പെടെ നടത്തി പാലക്കയംതട്ടിൽ ദിവസങ്ങൾക്കുമുന്നെ ഒരുക്കം തുടങ്ങിയിരുന്നു. കടകളും സജീവമായി. അടുത്ത മാസത്തോടുകൂടി ‘ടെന്റ് സ്റ്റേ’ ഉൾപ്പെടെ ഒരുക്കി പൂർണ സജ്ജമാകുമെന്ന് ഡിടിപിസി അധികൃതർ അറിയിച്ചു. ആദ്യദിനങ്ങളെ അപേക്ഷിച്ച് ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് പഴയങ്ങാടി വയലപ്ര പാർക്കിൽ തിരക്കേറിയത്. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചൂട്ടാട് ബീച്ചുകളിൽ ഉച്ചയ്‌ക്കുശേഷമായിരുന്നു കൂടുതൽ ജനങ്ങളെത്തിയത്. ഓണം നാളിലെ തിരക്ക് മുന്നിൽക്കണ്ട് പൊലീസും ടൂറിസം വകുപ്പും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരുന്നു. ഗതാഗത നിയന്ത്രണവും പരിശോധനകളുമുണ്ടായി.
കുടുംബശ്രീ സദ്യ വിളമ്പി, 20.54 ലക്ഷത്തിന്
സ്വന്തം ലേഖിക
കണ്ണൂർ ഓലനും കാളനും അവിയലും രണ്ടുതരം പായസവുമുള്ള ഓണസദ്യ വിറ്റ് കുടുംബശ്രീ നേടിയത് 20.54 ലക്ഷം രൂപ. ജില്ലയിൽ 15520 സദ്യയാണ് കുടുംബശ്രീ വീട്ടിൽ എത്തിച്ചുനൽകിയത്. കുടുംബശ്രീ ജില്ലാ മിഷനാണ് സംരംഭകരെ കോർത്തിണക്കി രണ്ടാഴ്‌ച മുന്പ് മുതൽ ഓണസദ്യയ്‌ക്ക് ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങിയത്. ഇതിനായി 11 ബ്ലോക്കുകളിലും കോൾ സെന്ററും സജ്ജമാക്കി. ഓർഡറുകൾ ലഭിക്കുന്നതിന് അനുസരിച്ച് യൂണിറ്റുകളുമായി ബന്ധപ്പെടുത്തി സദ്യ വീട്ടിൽ എത്തിച്ചു. ജില്ലയിൽ മുപ്പത്തിനാല് സംരംഭകരാണ് ഓണസദ്യ ഉണ്ടാക്കി നൽകിയത്. സദ്യയുടെ വിഭവങ്ങൾക്ക് അനുസരിച്ച് 150 രൂപ മുതലാണ് വിലയീടാക്കിയത്. 25 വിഭവങ്ങളുമായ് എത്തുന്ന 349 രൂപയുടെ പ്രീമിയം ഓണ സദ്യയും 199 രൂപയുടെ ഓണ സദ്യയും, 149 രൂപയുടെ മിനി ഓണ സദ്യയും ആണ് യൂണിറ്റുകൾ നൽകിയത്. തളിപ്പറമ്പ്, ഇരിക്കൂർ,പയ്യന്നൂർ,കണ്ണൂർ ,പേരാവൂർ,കൂത്തുപറമ്പ് ,എടക്കാട്,ഇരിട്ടി,പാനൂർ,തലശ്ശേരി,കല്ല്യാശ്ശേരി എന്നീ ബ്ലോക്കുകൾ കേന്ദ്രീകരിച്ചു കാൾ സെന്ററുകൾ വഴിയാണ് ഓർഡറുകൾ സ്വീകരിച്ചു ഡെലിവറി ചെയ്തത്. കുടുംബശ്രീ ഓണ സദ്യ വലിയ വിജയമായതോടെ അടുത്ത വർഷം സി ഡി എസുകൾ കേന്ദ്രീകരിച്ചു കൊണ്ട് ജില്ല മുഴുവൻ ആയും സദ്യ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകൾ.









0 comments