ഓസ്‌ട്രേലിയൻ പാർലമെന്റ്‌ പ്രതിനിധി സംഘം തലശേരി സന്ദർശിച്ചു

ഓസ്‌ട്രേലിയൻ  എംപിമാരുടെ പ്രതിനിധി സംഘത്തിന് സ്പീക്കർ എ എൻ ഷംസീറും നഗരസഭാ ചെയർമാൻ  കെ എം ജമുനാറാണിയും ചേർന്ന് സ്നേഹോപഹാരം നൽകുന്നു
വെബ് ഡെസ്ക്

Published on Jun 07, 2025, 11:43 PM | 1 min read

തലശേരി

ഓസ്‌ട്രേലിയൻ എംപിമാരുടെ പ്രതിനിധി സംഘം വെള്ളിയാഴ്ച തലശേരി സന്ദർശിച്ചു. സ്‌പീക്കർ എ എൻ ഷംസീറിന്റെ ക്ഷണമനുസരിച്ചാണ് സംഘം തലശേരിയിലെത്തിയത്. കഴിഞ്ഞ നവംബറിൽ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന 67-–-ാമത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്‌പീക്കർ പങ്കെടുത്തിരുന്നു. ഈ സമയത്ത് ഓസ്‌ട്രേലിയൻ പാർലമെന്റ്‌ അംഗങ്ങളെ കേരളം സന്ദർശിക്കാനും ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടാനും ക്ഷണിച്ചിരുന്നു. തലശേരി കോട്ട, ഗുണ്ടർട്ട് മ്യൂസിയം, സെന്റ്‌ ആംഗ്ലിക്കൻ ചർച്ച്, ജവഹർ ഘട്ട്, കടൽപ്പാലം, കോടിയേരി മലബാർ കാൻസർ സെന്റർ, തായലങ്ങാടി സ്ട്രീറ്റ് തുടങ്ങിയ കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു. ഓസ്‌ട്രേലിയൻ സന്ദർശനവേളയിൽ ഇതിഹാസ ക്രിക്കറ്റ് താരം ബ്രെറ്റ്‌ലി കൈയൊപ്പിട്ട്‌ സ്പീക്കർക്ക് നൽകിയ ക്രിക്കറ്റ് ബാറ്റും ബോളും തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചത് അഭിമാനമാണെന്ന് സംഘം വിലയിരുത്തി. തലശേരിയിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം ഹബ് രൂപപ്പെടുത്തുന്നതിന്റെ സാധ്യതകളും തലശേരി നഗരസഭാ ഹാളിൽ നടന്ന ചർച്ചയിൽ വിഷയമായി. നോർത്തേൺ മെട്രോ പൊളിറ്റൻ റീജ്യൻ മെമ്പർ ഷീന വാട്ട് എംപി, ഡപ്യൂട്ടി ഗവ. വിപ്പ് ബെലിന്റ വിൽസൺ എംപി, ലജിസ്‌ല്ലേറ്റീവ് കൗൺസിൽ ഗവ. വിപ്പ് ലീ ടാർലാമിസ് എംപി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിനിധി സംഘത്തെ ചെയർമാൻ കെ എം ജമുനാറാണി, സെക്രട്ടറി എൻ സുരേഷ് കുമാർ, കൗൺസിലർമാർ, ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home