ദേ പാർക്ക്‌, ഉത്സവമാക്കി നാട്‌

തൃശൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക ഘോഷയാത്രയിലെ പുലികളി

തൃശൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക ഘോഷയാത്രയിലെ പുലികളി

avatar
കെ എ നിധിൻ നാഥ്‌

Published on Oct 29, 2025, 12:15 AM | 1 min read

തൃശൂർ

പറഞ്ഞ്‌ കേട്ട ലോകം ദാ കൺമുന്നിൽ. കേട്ടുകേൾവിയിൽത്തന്നെ അത്ഭുതം നിറച്ച 336 ഏക്കറിലെ വിസ്‌മയ ലോകത്തിലേക്കുള്ള കവാടം നാടിന്‌ മുന്നിൽ തുറന്നു. നാല്‌ പതിറ്റാണ്ട്‌ നീണ്ട തൃശൂർ സുവോളജിക്കൽ പാർക്ക്‌ എന്ന സ്വപ്‌നം പൂത്തൂരിൽ യാഥാർഥ്യമാകുന്നത്‌ ആഘോഷമാക്കാൻ രണ്ട്‌ ഘോഷയാത്രകളായാണ്‌ ജനം എത്തിയത്‌. പുലികളി, ശിങ്കാരി മേളം, കാളകളി, പൂക്കാവടി തുടങ്ങിയ കലാരൂപങ്ങളും മേളങ്ങളും ഘോഷയാത്രയ്‌ക്ക്‌ അകമ്പടിയായി. പുത്തൂർ പള്ളി പരിസരത്തു നിന്നും പയ്യപ്പിള്ളി മൂലയിൽ പുത്തൂർ സൂ ഹോസ്പിറ്റൽ പരിസരത്തു നിന്നുമായാണ്‌ ഘോഷയാത്രകൾ എത്തിയത്‌. പാർക്കിന്റെ ഉദ്‌ഘാടനം അക്ഷരാർഥത്തിൽ നാടിന്റെ ഉത്സവമായി. ചൊവ്വ രാവിലെ മുതൽ തന്നെ ആളുകൾ പൂത്തൂർ പാർക്ക്‌ പരിസരത്തേക്ക്‌ എത്തി ത്തുടങ്ങി. ചെറുകൂട്ടങ്ങളായി എത്തിയവർ വൈകിട്ടോട്ടെ പ്രദേശം നിറച്ചു. മൃഗശാല എന്ന്‌ ഓർക്കുമ്പോൾ മനസ്സിലേക്ക്‌ വരുന്ന സങ്കൽപ്പങ്ങളെയാകെ മാറ്റി മറിക്കുന്ന വന ലോകത്തിൽ, പക്ഷി–മൃഗാദികൾ തനത്‌ ആവാസ വ്യവസ്ഥയിൽ കഴിയുന്ന കാഴ്‌ചയിലേക്ക്‌ എല്ലാവരും മിഴി നീട്ടി. പാർക്ക്‌ തുറന്നിട്ടില്ലെങ്കിലും ടിക്കറ്റ്‌ ക‍ൗണ്ടർ പ്രവർത്തിക്കുന്ന സ്ഥലം അടക്കമുള്ള ഇടങ്ങൾ തുറന്നിരുന്നു. ഉദ്ഘാടനത്തിനു മുമ്പ്‌ തൈവമക്കളുടെ നാടൻപാട്ടും ജയരാജ് വാര്യർ നയിച്ച സംഗീതനിശയും അരങ്ങേറി. ഉദ്‌ഘാടനത്തിന്‌ എത്തുന്നവർക്ക്‌ ആവശ്യമായ യാത്രാ സ‍ൗകര്യം ഒരുക്കി പുത്തൂർ റൂട്ടിൽ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകൾ സൗജന്യ സർവീസ്‌ നടത്തി. 10 ദിവസം നീണ്ട ഉത്സവമായാണ്‌ പരിപാടികൾ സംഘടിപ്പിച്ചത്‌. ഒക്‌ടോബർ 18ന്‌ കൊടിയേറ്റത്തോടെ തുടങ്ങി ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരികോത്സവം, മാരത്തോൺ, ഭക്ഷ്യമേള, സൈക്കിൾത്തോൺ, വികസന ദീപം തുടങ്ങിയവ വിവിധ ദിവസങ്ങളിൽ നടന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home