കവരംപിള്ളിയിൽ പുലിയെ കണ്ടതായി സംശയം

വരന്തരപ്പിള്ളി
കവരംപിള്ളിയിൽ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാർ. ബുധനാഴ്ച രാത്രി ഒമ്പതോടെ കവരംപിള്ളി മുളന്തറ ബിനോജിന്റെ വീടിന് സമീപത്തെ റബർത്തോട്ടത്തിലാണ് ജീവിയെ കണ്ടത്. രാത്രി എന്തോ അലറുന്ന ശബ്ദം കേട്ടാണ് ബിനോജ് വീടിന് പുറത്തിറങ്ങി നോക്കിയത്. ടോർച്ചടിച്ചു നോക്കിയപ്പോൾ ഒരു ജീവി ഇരിക്കുന്നതായി കണ്ടു. മൊബൈലിൽ ജീവിയുടെ വീഡിയോ പകർത്തി. ടോർച്ച് തെളിച്ചപ്പോൾ എഴുന്നേൽക്കുകയും ഇരുളിലേക്ക് മറയുകയും ചെയ്യുകയായിരുന്നുവെന്ന് ബിനോജ് പറയുന്നു. തുടർന്ന് വനപാലകരെ അറിയിച്ചു. ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം, പാലപ്പിള്ളി കാരികുളം പാഡിക്ക് സമീപം പുലിയുടെ ആക്രമണത്തിൽ ചത്തതെന്നു സംശയിക്കുന്ന നിലയിൽ പശുക്കുട്ടിയുടെ ജഡം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് തോട്ടത്തിൽ ജഡം കണ്ടത്. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടികൾ ചാവുകയും ജനങ്ങൾ പുലി ഭീതിയിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരമായി പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments