ഗോദയിലുണ്ട്‌, 
അഭിമാന താരം

ചിത്ര ചന്ദ്രമോഹൻ ശിഷ്യരോടൊപ്പം
avatar
സി എ പ്രേമചന്ദ്രൻ

Published on Nov 19, 2025, 12:13 AM | 1 min read

തൃശൂർ

തെരഞ്ഞെടുപ്പു പര്യടനത്തിനിടയിലും തന്റെ ശിഷ്യരുടെ വിജയം ഉറപ്പിക്കാൻ ചിത്രയെത്തി. ഇന്ത്യയുടെ അഭിമാന വെയ്റ്റ് ലിഫ്റ്റിങ്‌ താരവും നിലവിൽ കോച്ചുമായ ചിത്ര, കലിക്കറ്റ്‌ സർവകലാശാല മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ പരിശീലിപ്പിക്കാനാണ്‌ എത്തിയത്‌. തൃശൂർ അക്വാട്ടിക്‌ കോംപ്ലക്‌സിൽ ചൊവ്വാഴ്‌ച നടന്ന മത്സരത്തിൽ തന്റെ കുട്ടികൾ ഇന്ത്യൻ റെക്കോഡ്‌ തിരുത്തി വിജയം കുറിച്ചപ്പോൾ ചിത്രയുടെ മനം നിറഞ്ഞു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും പിന്തുണവേണമെന്നും പറഞ്ഞപ്പോൾ കുട്ടികളും വിജയാശംസകൾ നേർന്നു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി വളർക്കാവ് ഡിവിഷനിൽ നിന്നാണ്‌ ചിത്ര ചന്ദ്രമോഹൻ ജനവിധി തേടുന്നത്‌. വെയ്റ്റ് ലിഫ്റ്റിങ്ങിൽ 2003 മുതൽ 2010വരെ നാഷണൽ ചാന്പ്യനായിരുന്നു ചിത്ര. 2008ൽ സായ് യുടെ കോച്ചായി നിയമനം കിട്ടിയിട്ടും വീണ്ടും മത്സര രംഗത്തിറങ്ങി. ആറുവർഷം ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്നു. അക്കാലത്ത്‌ ശിഷ്യരും മലയാളികളുമായ എം എസ്‌ മുനീറ, കാർത്തിക്‌ എന്നിവർ കോമൺവെൽത്ത്‌ ഗെയിംസിൽ ആദ്യമായി ഗോൾഡ്‌ മെഡൽ നേടി. സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌ ഉൾപ്പടെയുള്ള ഉന്നത സർക്കാർ ജോലികൾ കിട്ടിയിട്ടും രാജിവച്ച്‌ കായിക മേഖലക്കായി ജീവിതം സമർപ്പിച്ചു. കേരള സ്‌പോർട്‌സ്‌ ക‍ൗൺസിലിലും സായിലും 17 വർഷം കോച്ചായി. ഇ‍ൗ കാലയളവിൽ നൂറുക്കണക്കിന്‌ കുട്ടികൾക്ക്‌ മെഡൽ നേടി. ഇതിൽ നൂറോളം കുട്ടികൾക്ക്‌ സർക്കാർ ജോലിയും ലഭിച്ചു. പലപ്പോഴും സ്വന്തം പണം ചെലവാക്കി കുട്ടികളെ വളർത്തിയെടുക്കും. നിലവിൽ വെയ്‌റ്റ്‌ലിഫ്‌റ്റിങ്ങിൽ സംസ്ഥാന സ്‌പോർട്‌സ്‌ ക‍ൗൺസിലിന്റെ കോച്ചാണ്‌. സംസ്ഥാന വെയ്‌റ്റ്‌ലിഫ്‌റ്റിങ് അസോസിയേഷൻ സെക്രട്ടറി, ഇന്ത്യൻ വെയ്‌റ്റ്‌ലിഫ്‌റ്റിങ് ഫെഡറേഷൻ ജോ. സെക്രട്ടറി, ഒളിന്പിക്‌ അസോസിയേഷൻ ജോ. സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്‌. ഇ‍ൗ മേഖയിലാകെ ചിട്ടയോടെ കാര്യങ്ങൾ നിർവഹിച്ചു. കായിക രംഗത്തും ഭരണ നിർവഹണത്തിലും കഴിവു തെളിയിച്ചു. വിമല കോളേജിൽ നിന്നാണ്‌ സോഷ്യോളജിയിൽ ബിഎ, എംഎ ബിരുദം നേടിയത്‌. മയക്കുമരുന്നുൾപ്പടെ വ്യാപന കാലത്ത്‌ യുവജനങ്ങളിൽ കായിക ലഹരി പടർത്തണമെന്ന്‌ ചിത്ര പറഞ്ഞു. നാട്ടിടങ്ങളിൽ വായനശാലകളും ക്ലബ്ബുകളും സജീവമാക്കിയാൽ നാടുണരുമെന്നും അതിനായി പ്രവർത്തിക്കുമെന്നും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home