മഹിളാ കോൺഗ്രസിലും രാജി ; തൃക്കാക്കരയിൽ ജില്ലാസെക്രട്ടറി വിമത

കാക്കനാട്
തൃക്കാക്കര നഗരസഭയിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് വിമതയായി മത്സരിക്കാൻ മഹിളാ കോൺഗ്രസ് ജില്ലാസെക്രട്ടറിയും. മുൻ നഗരസഭ കൗൺസിലർകൂടിയായ ലിജി സുരേഷാണ് പാട്ടുപുര വാർഡിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇവിടെ സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്നാണിത്. നിലവിലെ കൗൺസിലറും എ ഗ്രൂപ്പ് നേതാവുമായ വി ഡി സുരേഷിന്റെ ഭാര്യയാണ്.
ലിജി പാട്ടുപുര ഡിവിഷൻ ആവശ്യപ്പെട്ടെങ്കിലും ഇവിടെ ഐ ഗ്രൂപ്പിലെ യുവനേതാവിന്റെ ഭാര്യയ്‌ക്കാണ് സീറ്റ് നൽകിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം തൃക്കാക്കരയിൽ കോൺഗ്രസിൽനിന്നുള്ള രാജിയും വിമതരായി മത്സരത്തിനിറങ്ങുന്നതും തുടരുകയാണ്. കർഷക കോൺഗ്രസ് തൃക്കാക്കര സെൻട്രൽ മണ്ഡലം പ്രസിഡന്റ് നാസർ തൃക്കാക്കര, കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു ആന്റണി, തൃക്കാക്കര സെൻട്രൽ മണ്ഡലം വൈസ് പ്രസിഡന്റ് സുനീർ കെ ബാവ, തൃക്കാക്കര നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റ് വി ഇ ബെന്നി, നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റ് സാബു പടിയഞ്ചേരി എന്നിവർ രാജിവച്ച് വിമതസ്ഥാനാർഥികളായി രംഗത്തുണ്ട്. തൃക്കാക്കര ഈസ്റ്റ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അബ്‌ദുൽ നാസർ കോൺഗ്രസിൽനിന്ന് രാജിവച്ച് ചിറ്റേത്തുകരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി.
പെരുമ്പാവൂരിൽ മണ്ഡലം സെക്രട്ടറി എസ്ഡിപിഐയിൽ
നഗരസഭയിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി സുലൈഖ മുഹമ്മദ് രാജിവച്ച് എസ്‌ഡിപിഐയിൽ ചേർന്നു. 26-ാം വാർഡിൽ കോൺഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് രാജി.
യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ സഫീർ മുഹമ്മദിന്റെ അമ്മയാണ് സുലൈഖ. പാർടി പ്രവർത്തകയല്ലാത്ത ജെമീല ഷാജുവിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയിൽ പങ്കെടുത്തിട്ടുള്ള സുലൈഖ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുമെന്നാണ് വിവരം.








0 comments