വാഗ്‌ദാനങ്ങൾ ഉറപ്പായും പാലിക്കുന്ന ഇടതുപക്ഷത്തിന്റെ ചരിത്രമറിയുന്ന കേരളീയസമൂഹം ആഹ്ലാദത്തോടെയാണ് പ്രകടനപത്രിക ഏറ്റെടുത്തത്
print edition വാക്ക് ഉറപ്പ് ; എൽഡിഎഫ് പ്രകടനപത്രിക

തിരുവനന്തപുരം
നാടിന്റെ വികസനത്തെക്കുറിച്ച് സുവ്യക്തമായ കാഴ്‌ചപ്പാടും ജനക്ഷേമ പദ്ധതികളുടെ തുടർച്ചയ്‌ക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങളും മുന്നോട്ടുവയ്‌ക്കുന്ന പ്രകടനപത്രിക പുറത്തിറക്കിയത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് ആത്മവിശ്വാസം വർധിപ്പിച്ചു.
നൽകുന്ന വാഗ്‌ദാനങ്ങൾ ഉറപ്പായും പാലിക്കുന്ന ഇടതുപക്ഷത്തിന്റെ ചരിത്രമറിയുന്ന കേരളീയസമൂഹം ആഹ്ലാദത്തോടെയാണ് പ്രകടനപത്രിക ഏറ്റെടുത്തത്. സാധാരണക്കാർ മുതൽ അതത് മേഖലയിലെ വിദഗ്‌ധർവരെ സമൂഹമാധ്യമങ്ങളിലടക്കം എൽഡിഎഫ് മാനിഫെസ്‌റ്റോയോട് ക്രിയാത്മകമായി പ്രതികരിച്ചു. എല്ലാവർക്കും ക്ഷേമവും പുരോഗതിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി പ്രകടനപത്രികയ്‌ക്ക് രൂപംനൽകിയത്. തദ്ദേശസ്ഥാപനങ്ങളിലെ സവിശേഷ സാഹചര്യങ്ങൾ പരിഗണിച്ച് പ്രദേശിക വികസന–ക്ഷേമപ്രവർത്തനങ്ങൾകൂടി ഉൾപ്പെടുത്തിയാകും താഴേത്തട്ടിൽ പത്രിക പൂർണമായി അവതരിപ്പിക്കുക. ഇതിനുള്ള മാർഗനിർദ്ദേശം എൽഡിഎഫ് നേതൃത്വം നൽകിക്കഴിഞ്ഞു.
നവകേരള സൃഷ്ടിയിലൂന്നിയ എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തിന് അനുരൂപമായാണ് പ്രകടനപത്രികക്ക് രൂപം നൽകിയിരിക്കുന്നത്. പ്രാദേശിക ഭരണസംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവയ്‌ക്കുന്നു. തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കുന്നതും വികസനത്തിന് തദ്ദേശീയമായ വിഭവങ്ങൾ കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതും അടക്കമുള്ള നിർദ്ദേശങ്ങളാണ് പ്രധാനം. പത്തുവർഷമായി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫ് ഭരണത്തിലാണ്. ഒന്പതുവർഷത്തിലേറെയായി എൽഡിഎഫ് സർക്കാരും. ഇൗ സമവാക്യം നാടിന്റെ പൊതുവികസനത്തിനും സാമൂഹ്യപുരോഗതിക്കും മുതൽക്കൂട്ടാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
കേരളത്തിന്റെ തുടർവികസനത്തിന് എൽഡിഎഫിന്റെ വിജയത്തുടർച്ച അനിവാര്യമാണെന്ന ബോധ്യമാണ് പൊതുവിലുള്ളത്. പ്രകടനപത്രിക ഇൗ വിലയിരുത്തലിന് കൂടുതൽ ഉറപ്പുനൽകുന്നു.
തമസ്‌കരിച്ച് മാധ്യമങ്ങൾ
ജനക്ഷേമവും വികസനവും ഉറപ്പാക്കി എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക ജനങ്ങളിലെത്താതിരിക്കാൻ ജാഗ്രതപുലർത്തി മുഖ്യധാരാ മാധ്യമങ്ങൾ. കേവല ദാരിദ്ര്യം അവസാനിപ്പിക്കും, 20 ലക്ഷം വനിതകൾക്ക് തൊഴിൽ നൽകും, അർഹരായ എല്ലാവർക്കും വീടും ഭക്ഷണവും ഉറപ്പുവരുത്തും, വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ മുന്നേറ്റത്തിന് തുടർപദ്ധതികളുണ്ടാകും തുടങ്ങി സുപ്രധാന വാഗ്‌ദാനങ്ങളാണ് പത്രികയിലുണ്ടായിരുന്നത്. എന്നാൽ, പ്രധാന പത്രങ്ങൾ ഉൾപേജിൽ അപ്രധാനമായി വാർത്തനൽകി. സിപിഐ എം വിരുദ്ധ വാർത്തകൾക്ക് നൽകിയതിന്റെ നാലിലൊന്നുപോലും പരിഗണന നൽകാതിരിക്കാൻ ശ്രദ്ധിച്ചു. ടെലിവിഷൻ ചാനലുകളും മറിച്ചായിരുന്നില്ല.













0 comments