print edition ട്രംപിന്റെ പ്രതികാര തീരുവ ; ഇന്ത്യയുടെ യുഎസ് കയറ്റുമതിയിൽ 9 ശതമാനം ഇടിവ്

ന്യൂഡൽഹി
ട്രംപിന്റെ 50 ശതമാനം പ്രതികാര തീരുവ നിലവിൽ വന്നതിന് പിന്നാലെ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഗണ്യമായ ഇടിവ്. ഒക്‌ടോബറിൽ മുൻവർഷത്തെ അപേക്ഷിച്ച് ഒന്പത് ശതമാനത്തോളം ഇടിവുണ്ടായി. സെപ്‌തംബറിൽ 12 ശതമാനം ഇടിഞ്ഞിരുന്നു. ആഗസ്‌ത് മുതലാണ് ട്രംപിന്റെ 50 ശതമാനം പ്രതികാര തീരുവ നിലവിൽ വന്നത്. ടെക്‌സ്റ്റൈൽസ്, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലാണ് വലിയ ഇടിവുണ്ടായത്.
കയറ്റുമതി കുറയുകയും യുഎസിൽ നിന്നുള്ള ഇറക്കുമതി വർധിക്കുകയും ചെയ്‌തതോടെ അമേരിക്കയുമായി നിലനിന്നിരുന്ന വ്യാപാരമിച്ചത്തിലും വലിയ കുറവുണ്ടായി. ഏപ്രിലിൽ 317 കോടി ഡോളറായിരുന്ന വ്യാപാരമിച്ചം ഒക്‌ടോബറിൽ 145 കോടി ഡോളറായി കുറഞ്ഞു. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ 690 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽനിന്ന് യുഎസിലേക്കുണ്ടായത്. ഇൗ ഒക്‌ടോബറിൽ കയറ്റുമതി 630 കോടി ഡോളറായി കുറഞ്ഞു.
60 കോടി ഡോളറി(5280 കോടി രൂപ)ന്റെ ഇടിവാണ് കയറ്റുമതിയിൽ സംഭവിച്ചത്. ഇന്ത്യയുടെ ആകെ കയറ്റുമതിയിലും ഒക്‌ടോബറിൽ 11.8 ശതമാനത്തിന്റെ കുറവുണ്ടായി. 3438 കോടി ഡോളറിന്റേതാണ് ആകെ കയറ്റുമതി. ഇറക്കുമതിയാകട്ടെ 7606 കോടി ഡോളറിന്റേതാണ്. 4168 കോടി ഡോളറി (3.67 ലക്ഷം കോടി രൂപ) ലേക്ക് വ്യാപാരക്കമ്മി വർധിച്ചു.









0 comments