കേരളത്തിന് 315 റൺ ലീഡ്
print edition രഞ്ജി ട്രോഫി ക്രിക്കറ്റ് ; പൊരുതിക്കയറി കേരളം

സച്ചിൻ ബേബി
ഇൻഡോർ
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം കരുത്ത് വീണ്ടെടുക്കുന്നു. മധ്യപ്രദേശിനെതിരെ 315 റണ്ണിന്റെ ലീഡായി. ഒന്നാം ഇന്നിങ്സിൽ 89 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 226 റണ്ണെടുത്തു. ബാബാ അപരാജിതും(89) സച്ചിൻ ബേബിയുമാണ്(85) ക്രീസിൽ.
സ്‌കോർ: കേരളം 281, 226/3; മധ്യപ്രദേശ് 192
തകരാത്ത നാലാം വിക്കറ്റിൽ സച്ചിനും അപരാജിതും ചേർന്നെടുത്ത 144 റണ്ണാണ് മികച്ച ലീഡ് സമ്മാനിച്ചത്. ഫോമിലേക്ക് തിരിച്ചെത്തിയ സച്ചിൻ 170 പന്തിൽ എട്ട് ഫോറും ഒരു സിക്‌സറുമടിച്ചു. തുടർച്ചയായി രണ്ടാം ഇന്നിങ്സിലും മികവുകാട്ടിയ മറുനാടൻ താരം അപരാജിത് 107 പന്തിൽ 10 ഫോറും രണ്ട് സിക്‌സറും കണ്ടെത്തി. തമിഴ്‌നാട്ടിൽനിന്നുള്ള മുപ്പത്തൊന്നുകാരൻ ഒന്നാം ഇന്നിങ്സിൽ 98 റണ്ണെടുത്തിരുന്നു. ഓപ്പണർമാരായ രോഹൻ കുന്നുമ്മലിനും (7) അഭിഷേക് നായർക്കും (30) അടിത്തറയിടാനായില്ല. മുഹമ്മദ് അസ്‌ഹറുദീന് (2) ക്യാപ്‌റ്റനായശേഷം തിളങ്ങാനായിട്ടില്ല.
മൂന്നാം ദിവസം ആറ് വിക്കറ്റ് നഷ്‌ടത്തിൽ 155 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ മധ്യപ്രദേശിന് ലീഡ് നേടാനായില്ല. കൂട്ടിച്ചേർക്കാനായത് 37 റൺ മാത്രം. കേരളത്തിനായി പേസ് ബൗളർ ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റെടുത്തു. എം ഡി നിധീഷിന് മൂന്ന് വിക്കറ്റുണ്ട്.








0 comments