print edition എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യത ; ബംഗ്ലാദേശിനോടും തോറ്റു

ഇന്ത്യൻ താരം വിക്രംപ്രതാപ് സിങ്ങിന്റെ (നടുവിൽ) മുന്നേറ്റം തടയുന്ന ബംഗ്ലാദേശ് താരങ്ങൾ
ധാക്ക
എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റു. ധാക്കയിൽ നടന്ന കളിയിൽ ഒരു ഗോളിനാണ് തോൽവി. നേരത്തെ പുറത്തായ ഇന്ത്യ ആദ്യ ജയം തേടിയാണ് ഇറങ്ങിയത്. അഞ്ച് കളിയിൽ രണ്ട് സമനിലയും മൂന്ന് തോൽവിയുമായി അവസാന സ്ഥാനത്താണ് ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന സംഘം. ഇരു ടീമുകളും തമ്മിലുള്ള ആദ്യ മുഖാമുഖം സമനിലയിലാണ് അവസാനിച്ചത്.
രണ്ട് ടീമുകളും പുറത്തായ സാഹചര്യത്തിൽ അപ്രസക്തമായിരുന്നു കളി. എങ്കിലും യോഗ്യതാ റൗണ്ടിൽ ആദ്യജയം തേടിയിറങ്ങിയ ഇന്ത്യയെ നിരാശപ്പെടുത്തുന്നതായി ഫലം. പ്രത്യേകിച്ചും റാങ്കിങ് പട്ടികയിൽ ഏറെ പിന്നിലുള്ള ബംഗ്ലാദേശിനോടുള്ള തോൽവി. ഇന്ത്യ 136–ാം റാങ്കിലും ബംഗ്ലാദേശ് 183–ാം സ്ഥാനത്തുമാണ്.
കളിയുടെ തുടക്കത്തിൽ ലല്ലിയൻസുവാല ചാങ്‌തെയ്‌ക്ക് അവസരം കിട്ടിയതാണ്. ബംഗ്ലാദേശ് ഗോൾ കീപ്പർ മിതുൽ മർമയുടെ പിഴവിൽ പന്ത് പിടിച്ചെടുത്ത ചാങ്‌തെ ഒഴിഞ്ഞ വല ലക്ഷ്യമാക്കി അടിതൊടുത്തു. പക്ഷേ, ബംഗ്ലാദേശിന്റെ മിന്നുംതാരമായ ഹംസ ചൗധരി ഗോൾവരയ്‌ക്ക് മുന്നിൽ തലകൊണ്ട് തടുത്ത് അപകടമൊഴിവാക്കി. ഇതിനിടെ ഷെയ്‌ഖ് മൊർസാലിൻ ഇന്ത്യൻ വലയിൽ പന്തെത്തിച്ചു. ഇടവേളയ്‌ക്കുശേഷം ആക്രമിച്ചുകളിച്ചെങ്കിലും ഇന്ത്യക്ക് ലക്ഷ്യം കാണാനായില്ല. മലയാളി താരം മുഹമ്മദ് സനാൻ പകരക്കാരനായി അവസാന ഘട്ടത്തിൽ കളത്തിലെത്തി. ടീമിലുള്ള ഓസ്‌ട്രേലിയക്കാരൻ റ്യാൻ വില്യംസിന് ഇറങ്ങാനായില്ല. ഫിഫയുടെ അനുമതി കിട്ടാത്തതാണ് കാരണം. മാർച്ചിൽ ഹോങ്കോങ്ങുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.








0 comments