ടെസ്‌റ്റ് ക്രിക്കറ്റിൽ 53 വർഷത്തിനിടെ വൻപതനം , സ്‌പിന്നിലും പേസിലും തോറ്റ് ഇന്ത്യൻ ബാറ്റർമാർ
print edition തട്ടകത്തിൽ തെറ്റുന്നു ; ഇന്ത്യക്ക് അവസാന ആറ് ടെസ്‌റ്റിൽ നാലിലും തോൽവി

ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രയ്--ക്കെതിരെ പുറത്തായ ഇന്ത്യയുടെ രവീന്ദ്ര ജഡേജയുടെ നിരാശ
കൊൽക്കത്ത
ഇന്ത്യ ടെസ്‌റ്റ് ക്രിക്കറ്റിൽ സമീപകാലത്തൊന്നും ഇതുപോലെ തകർന്നിട്ടില്ല. 2017 മുതൽ 2024വരെ സ്വന്തംതട്ടകത്തിൽ 28 ടെസ്‌റ്റിൽ നാലെണ്ണത്തിൽ മാത്രമായിരുന്നു തോൽവി. എന്നാൽ കഴിഞ്ഞ പതിമൂന്ന് മാസത്തിനിടെ ആറ് കളിയിൽ നാലും തോറ്റു.
ബാറ്റിലും പന്തിലും സന്പൂർണ പരാജയം. സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചുകളിൽ വിദേശ ബൗളർമാർ അരങ്ങുതകർക്കുന്നു. ദക്ഷിണാ-ഫ്രിക്കയുമായുള്ള ഒന്നാം ടെസ്‌റ്റിൽ സമാന രീതിയിൽ തോറ്റതോടെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശമുയർന്നു കഴിഞ്ഞു. പരിശീലകൻ ഗൗതം ഗംഭീറും മുഖ്യ സെലക്ടർ അജിത് അഗാർക്കറുമാണ് ചോദ്യമുനയിൽ. ഗംഭീറിന് കീഴിൽ ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ ഭാവി ശോഭനമല്ലെന്നാണ് മുൻ താരങ്ങളുടെ വിമർശം. ദുർബലരായ വെസ്‌റ്റിൻഡീസിനെതിരെയുള്ള പരന്പരയാണ് ഇൗ കാലയളവിൽ ആകെയുള്ള നേട്ടം. കഴിഞ്ഞ 53 വർഷത്തിനിടെ ആദ്യമായാണ് ഇതുപോലൊരു തകർച്ച.1969–72 കാലഘട്ടത്തിലാണ് ഇതിന് മുന്പ് ആറ് കളിയിൽ നാലും തോറ്റത്.
2017 ഫെബ്രുവരി മുതൽ 2024 ജനുവരിവരെ 34 ടെസ്‌റ്റാണ് ഇന്ത്യ സ്വന്തം മണ്ണിൽ കളിച്ചത്. 25ലും ജയമായിരുന്നു. ബാറ്റിങ് ശരാശരി 39.95ഉം ബൗളിങ് ശരാശരി 22.11ഉം. ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദിലായിരുന്നു അവസാന തോൽവി. അതിനുശേഷം തുടർച്ചയായി ആറ് കളി ജയിച്ചു. പിന്നാലെയാണ് ന്യൂസിലൻഡുമായുള്ള മൂന്ന് മത്സര പരന്പര നടന്നത്. മൂന്ന് ടെസ്‌റ്റിലും ഇന്ത്യ തോറ്റു. 2024 ഒക്‌ടോബർ മുതലുള്ള ആറ് ടെസ്‌റ്റിൽ രണ്ട് ജയം മാത്രം. ബാറ്റിങ് ശരാശരി 29.28 ആയി താഴ്‌ന്നു. ബൗളിങ് ശരാശരി 24.04.
എല്ലാ മത്സരങ്ങളിലും ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്‌കോർ നേടാനാകാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ന്യൂസിലൻഡിനെതിരെ കഴിഞ്ഞ വർഷം ബംഗളൂരുവിൽ 46 റണ്ണിനാണ് കൂടാരം കയറിയത്. രണ്ട് തവണയാണ് ഒന്നാം ഇന്നിങ്‌സിൽ ലീഡ് നേടാനായത്. അതാകട്ടെ വളരെ ചെറുതും. കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്‌റ്റിൽ അനുകൂല സാഹചര്യമുണ്ടായിട്ടും 30 റണ്ണിന്റെ ലീഡ് മാത്രമാണ് കിട്ടിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളിൽ നാലാം ഇന്നിങ്‌സിൽ ചെറിയ സ്‌കോർ പോലും മറികടക്കാനാകുന്നില്ല. 2024നുശേഷം സ്വന്തംതട്ടകത്തിൽ നടന്ന അഞ്ച് മത്സരങ്ങളിൽ നൂറിനും 250നും ഇടയിലായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഇതിൽ മൂന്നിലും തോറ്റു. 1995–2023 കാലഘട്ടത്തിൽ 16 തവണ ഇതുപോലുള്ള സ്‌കോറുകൾ വന്നപ്പോൾ 14 എണ്ണത്തിലും ജയമായിരുന്നു. രണ്ട് സമനിലയും. ഒരു കളിയും തോറ്റില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇൗഡൻ ഗാർഡൻസിൽ പേസിലും സ്‌പിന്നിലും ഇന്ത്യൻ ബാറ്റർമാർ പതറി. 12 വിക്കറ്റ് സ്‌പിന്നിനും ആറ് വിക്കറ്റ് പേസിനും കൊടുത്തു. വിദേശ ബാറ്റർമാർ ഇന്ത്യൻ പിച്ചുകളിൽ പേസർമാരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്പോൾ ഇന്ത്യൻ ബാറ്റർമാർക്ക് പേസിലും പൊള്ളുകയാണ്.
സ്‌പിൻ ബൗളർമാരുടെ മികവും വ്യത്യസ്‌തമാണ്. 2021 ജനുവരി മുതൽ 2024 ഒക്‌ടോബർ 15വരെ ഇന്ത്യൻ സ്‌പിന്നർമാർ 264 വിക്കറ്റ് നേടി. ബൗളിങ് ശരാശരി 19.53. വിദേശ സ്‌പിന്നർമാർ ഇൗ കാലയളവിൽ 195 വിക്കറ്റാണ് നേടിയത്. ശരാശരി 33.399. ഗംഭീറിന് കീഴിൽ തോറ്റ നാല് ടെസ്‌റ്റിൽ ഇന്ത്യൻ സ്‌പിന്നർമാർ നേടിയത് 54 വിക്കറ്റാണ്. ശരാശരി 23.25. വിദേശ സ്‌പിന്നർമാർ 49ഉം. ശരാശരി 20.97.








0 comments