തൃശൂരിനെ ഒരു ഗോളിന് തോൽപ്പിച്ചു
print edition സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ; ജയത്തോടെ കലിക്കറ്റ് ഒന്നാമത്

തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റിന്റെ ഫെഡ്രികോ ബുവാസോ തൃശൂരിനെതിരെ ഗോൾ നേടുന്നു
കെ എ നിധിൻനാഥ്
Published on Nov 19, 2025, 04:36 AM | 1 min read
തൃശൂർ
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ കാലിക്കറ്റ് എഫ്‌സി ജയത്തോടെ ഒന്നാമതെത്തി. തൃശൂർ മാജിക് എഫ്‌സിയെ ഒരു ഗോളിന് കീഴടക്കി. അർജന്റീനക്കാരൻ ഫെഡ്രികോ ബുവാസോയാണ് വിജയഗോൾ നേടിയത്. ഏഴ് കളിയിൽ 14 പോയിന്റുമായാണ് കാലിക്കറ്റ് തലപ്പത്തെത്തിയത്. തൃശൂർ 13 പോയിന്റോടെ രണ്ടാമതാണ്.
കാലിക്കറ്റ് എഫ്‌സിയുടെ തുടർച്ചയായ മൂന്നാം ജയമാണ്. 86–ാം മിനിറ്റിലാണ് സ്വന്തം തട്ടകത്തിൽ തൃശൂരിന്റെ ഹൃദയം തകർത്ത ഗോൾ വന്നത്. പകരക്കാരനായി എത്തിയ ഷഹബാസ് അഹമ്മദ് വലതുവിങ്ങിൽ നിന്ന് നൽകിയ ക്രോസിന് തലവെച്ച ബുവാസോ പന്ത് വലയിലെത്തിച്ചു.
മിന്നും ഫോമിൽ സ്വന്തം കാണികൾക്ക് മുന്നിൽ രണ്ടാം ഹോം മാച്ചിന് ഇറങ്ങിയ തൃശൂരിന് കാലിടറി. കളിയുടെ ആദ്യ മിനിറ്റ് മുതൽ കാലിക്കറ്റിന്റെ മുന്നേറ്റമായിരുന്നു. രണ്ട് തവണ കോർണർ വഴങ്ങിയാണ് മാജിക് എഫ്‌സി അപകടം അതിജീവിച്ചത്. മികച്ച പ്രതിരോധ നിരയുള്ള തൃശൂരിനെ കാലിക്കറ്റിന്റെ മുന്നേറ്റക്കാർ പലപ്പോഴും പരീക്ഷിച്ചു. പന്ത് ബോക്‌സിലെത്തിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.
തൃശൂരിന്റെ മുന്നേറ്റങ്ങൾ പലപ്പോഴും ഇവാൻ മാർക്കോവിച്ചിന്റെ ഒറ്റയാൾ നീക്കങ്ങളിൽ ഒതുങ്ങി. പിന്തുണ നൽകാൻ ആളില്ലാതെ വന്നതോടെ മുന്നേറ്റത്തിന്റെ മൂർച്ച നഷ്ടമായി. കാലിക്കറ്റ് ഗോൾ നേടിയശേഷം പ്രതിരോധ താരം മാൽസൺ ആൽവസിനെ മുന്നേറ്റ നിരയിൽ ഇറക്കി നടത്തിയ പരീക്ഷണവും ഫലം കണ്ടില്ല. പരിക്ക് മൂലം കഴിഞ്ഞ കളികളിൽ ആൽവസ് ഇറങ്ങിയിരുന്നില്ല.
തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ കളി കാണാൻ 10,580 പേരെത്തി. ഇരുടീമുകളും കോഴിക്കോട്ട് ഏറ്റുമുട്ടിയപ്പോൾ തൃശൂർ ഒരു ഗോളിന് ജയിച്ചിരുന്നു.








0 comments