ജർമനി സ്ലൊവാക്യയെ ആറ് ഗോളിന് തകർത്തു , ഡച്ച് ലിത്വാനിയയെ നാല് ഗോളിന് കീഴടക്കി , പോളണ്ട്, സ്ലൊവാക്യ, ചെക്ക് പ്ലേ ഓഫിന്
print edition ജർമനി, ഡച്ച് ലോകകപ്പിന് ; 34 ടീമുകൾ യോഗ്യത നേടി ഇനി 14 സ്ഥാനം ബാക്കി

സ്ലൊവാക്യയ്--ക്കെതിരെ ജർമനിക്കായി ഗോളടിച്ച നിക്ക് വോൾട്ട്‌മെയ്‌ഡിന്റെ (വലത്ത്) ആഹ്ലാദം
ബെർലിൻ
ഇരുപത്തൊന്നാം തവണയും ഫുട്‌ബോൾ ലോകകപ്പ് കളിക്കാൻ ജർമനി വരുന്നു. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ സ്ലൊവാക്യയെ ആറ് ഗോളിന് നിലംപരിശാക്കിയാണ് മുൻ ചാന്പ്യൻമാരുടെ കുതിപ്പ്. ലിത്വാനിയയെ നാല് ഗോളിന് മറികടന്ന് നെതർലൻഡ്‌സും മുന്നേറി. ഇതോടെ അടുത്ത വർഷത്തെ ലോകകപ്പിലേക്ക് 34 ടീമുകൾ യോഗ്യത നേടി. ഇനി 14 സ്ഥാനം ബാക്കി. യൂറോപ്പിൽ നിന്ന് ഏഴ് ടീമുകളാണ് ഉറപ്പാക്കിയത്. ഒന്പത് സ്ഥാനം ശേഷിക്കുന്നു.
സെപ്‌തംബറിൽ സ്ലൊവാക്യയോട് അപ്രതീക്ഷിതമായി വഴങ്ങിയ തോൽവിയിൽ ജർമനി പതറിയിരുന്നു. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ ജൂലിയൻ നാഗെൽസ്‌മാന്റെ സംഘം കരുത്തുകാട്ടി. അതേ സ്ലൊവാക്യയെ സ്വന്തം തട്ടകത്തിൽ തകർത്തുകളഞ്ഞു. ഇരട്ടഗോളുമായി ലിറോയ് സാനെ തിളങ്ങി. നിക്ക് വോൾട്ട്‌മെയ്‌ഡ്, സെർജി നാബ്രി, റിഡിൽ ബാകു, യുവതാരം അസാൻ ഒയെദ്രാഗോ എന്നിവരും ലക്ഷ്യം കണ്ടു. രണ്ട് ഗോളിന് അവസരമൊരുക്കിയ ഫ്‌ളോറിയൻ വിറ്റ്‌സും ജർമൻ നിരയിൽ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു.
തോറ്റെങ്കിലും സ്ലൊവാക്യ രണ്ടാംസ്ഥാനക്കാരായി പ്ലേ ഓഫിൽ കടന്നു. ആംസ്‌റ്റർഡാമിൽ ഡച്ചിന്റേത് ആധികാരിക പ്രകടനമായിരുന്നു. ലിത്വാനിയക്കെതിരെ ടിയാനി റെയ്‌ൻഡേഴ്‌സ്, കോഡി ഗാക്‌പോ, സാവി സിമ്മൺസ്, ഡൊണ്യെൽ മലെൻ എന്നിവരാണ് റൊണാൾഡ് കൂമാന്റെ സംഘത്തിനായി ലക്ഷ്യം കണ്ടത്. മാൾട്ടയെ 3–2ന് മറികടന്ന് പോളണ്ട് പ്ലേ ഓഫിലെത്തി. റോബർട്ട് ലെവൻഡോവ്‌സ്‌കി പോളണ്ടിനായി ഗോളടിച്ചു.
യോഗ്യത നേരത്തേ ഉറപ്പാക്കിയ കരുത്തരായ ക്രൊയേഷ്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ മോണ്ടിനെഗ്രോയെ 3–2ന് കീഴടക്കി. ജിബ്രാൾട്ടറിനെ തകർത്ത ചെക്ക് റിപ്പബ്ലിക് പ്ലേ ഓഫിലുമെത്തി.








0 comments