പാലക്കാട്–കോഴിക്കോട് ഗ്രീൻഫീൽഡ് പാത ഭൂമി ഏറ്റെടുക്കലും ദേശീയപാത 85ല്‍ കൊച്ചി-–മൂന്നാര്‍ നവീകരണവും പുരോഗമിക്കുന്നു
print edition കുതിപ്പിന്റെ പാതയിൽ

തൃശൂർ കേച്ചേരി–അക്കിക്കാവ് ബൈപാസ്
എസ് കിരൺബാബു
Published on Nov 19, 2025, 04:38 AM | 3 min read
ഒന്പത് വർഷം മുന്പുള്ള കേരളത്തിലെ റോഡുകളുടെ ദയനീയാവസ്ഥ ആരും മറന്നിട്ടില്ല. കുളംതോണ്ടിയ റോഡുകളിൽ വാഴവച്ച് നാട്ടുകാർ തെരുവിലിറങ്ങിയ നാളുകളോട് വിടചൊല്ലിയാണ് ഇക്കാലം കുതിക്കുന്നത്. ദേശീയപാത മുതൽ നാട്ടിടവഴികൾവരെ നവകേരളത്തിന്റെ വികസനരേഖയാകുന്നു. സമയബന്ധിതമായ സ്ഥലമേറ്റെടുക്കലും ഇൗടുറ്റ നിർമാണവും ഉറപ്പാക്കി പൊതുമരാമത്തുവകുപ്പ് നിശ്ചയദാർഢ്യത്തോടെ മുന്നിട്ടിറങ്ങുന്പോൾ റോഡുകൾ യാത്രകളെ സുന്ദരമാക്കാതിരിക്കുന്നതെങ്ങനെ...
തിരുവനന്തപുരം
നവകേരളത്തിലേക്കുള്ള ചുവടുവയ്‌പ്പായി സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസനം ലോകോത്തര നിലവാരത്തിൽ കുതിക്കുകയാണ്. നവസാങ്കേതികവിദ്യയുടെ സഹായത്തോടെ പരിസ്ഥിതിസൗഹൃദമായി നാടിന്റെ മുഖച്ഛായ മാറുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിരവധി റോഡുകൾ, മേൽപാലങ്ങൾ, അടിപ്പാതകൾ... ഒമ്പതര വർഷം കേരളം സഞ്ചരിച്ചത് വികസനത്തിന്റെ പാതയിലൂടെയാണ്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 6144.703 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിച്ചു. പൊതുമരാമത്ത് വിഭാഗത്തിലെ 60 ശതമാനത്തിലേറെ റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലായി. 8200 കിലോമീറ്റർ നവീകരിച്ചു. 35,000 കോടി രൂപ റോഡുകൾക്കായി അനുവദിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന സാധ്യതകൾകൂടികണ്ട് പോർട്ട് കണക്ടിവിറ്റി ഉൾപ്പെടെ 17 ദേശീയപാതാപദ്ധതികൾ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. കുതിരാൻ ടണൽ നിർമാണം എൽഡിഎഫ് സർക്കാർ പൂർത്തിയാക്കി. സംസ്ഥാനത്തിന്റെ സ്വപ്നമായ വയനാട് തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു.
റണ്ണിങ് കോണ്‍ട്രാക്ട്
പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിന് ‘റണ്ണിങ് കോണ്‍ട്രാക്ട്’ എന്ന പുതിയ സംവിധാനം നടപ്പാക്കി. 90 ശതമാനത്തിലധികം റോഡും റണ്ണിങ് കോണ്‍ട്രാക്ട് പരിധിയില്‍ കൊണ്ടുവന്നു. ഗുണനിലവാരം ഉറപ്പാക്കാൻ ‘പിഡബ്ല്യുഡി ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിങ്’ മൊബൈൽലാബുകൾ പുറത്തിറക്കി. പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ നേരിട്ടെത്തി പരിശോധിക്കുന്ന സംവിധാനമാണിത്.
ദേശീയപാതയ്‌ക്ക് കേരളം നൽകി 5580.73 കോടി
രാജ്യത്ത് ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കേരളമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു. ദേശീയപാതക്ക് ഭൂമിയേറ്റെടുക്കാൻ 5580.73 കോടി രൂപയാണ് കേരളം നൽകിയത്. ദേശീയപാത വികസനത്തിന് രാജ്യത്ത് ആദ്യമായി ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം വഹിച്ചു.

മലപ്പുറം കുറ്റിപ്പുറം മിനി പമ്പയിലെ ദേശീയപാതയും മേൽപ്പാലവും
ഗുജറാത്തും മധ്യപ്രദേശും ഉൾപ്പെടെ വലിയ സംസ്ഥാനങ്ങളൊന്നും തുക ചെലവഴിക്കാത്തിടത്താണിത്. ഇവിടങ്ങളെ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ ദേശീയപാത നിർമാണത്തിന്റെ ചെലവ് മുഴുവൻ വഹിക്കുന്നത് കേന്ദ്രമാണ്.
കേരളത്തേക്കാൾ പലമടങ്ങ് വലിപ്പമുള്ള ഉത്തർപ്രദേശ് ഇൗ കാലയളവിൽ നൽകിയത് വെറും 2301 കോടി രൂപയാണ്. ഹരിയാന– 3114 കോടി, ബിഹാർ– 733, ഡൽഹി– 654, കർണാടകം– 276, തമിഴ്നാട്– 235 കോടി എന്നിങ്ങനെയുമാണ് നൽകിയത്. എറണാകുളം ബൈപാസ് (എൻഎച്ച് 544), കൊല്ലം -–ചെങ്കോട്ട ഗ്രീൻഫീൽഡ് (എൻഎച്ച് 744), വിഴിഞ്ഞം നാവായിക്കുളം റിങ് റോഡ് എന്നിവയ്ക്കായി 2370.59 കോടി രൂപയുടെ ബാധ്യതയും സംസ്ഥാന സർക്കാർ ഏറ്റെടുത്തു.
അടുത്ത വർഷം തുറക്കും
കാസര്‍കോട്– തിരുവനന്തപുരം ദേശീയപാത 66 വികസനം 2026ൽ പൂര്‍ത്തിയാകും. എൽഡിഎഫ് സർക്കാറിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലാണ് ഇത് സാധ്യമാക്കിയത്. നീലേശ്വരം ടൗൺ ആർഒബി, ഇടപ്പള്ളി-വൈറ്റില– അരൂർ, കാരോട്– മുക്കോല, മുക്കോല –കഴക്കൂട്ടം, കഴക്കൂട്ടം ആകാശപാത എന്നിങ്ങനെ അഞ്ച് റീച്ചുകൾ നേരത്തെ പൂർത്തിയായി.

മലയോര ഹൈവേയുടെ കോഴിക്കോട് കക്കാടംപൊയിലിൽനിന്നുള്ള ദൃശ്യം. കോടഞ്ചേരി– കക്കാടംപൊയിൽ 34 കിലോമീറ്റർ റീച്ച് ഫെബ്രുവരി 15നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. 12 മീറ്റർ
വീതിയിലാണ് റോഡ് ഫോട്ടോ: ജഗത് ലാൽ
ന്യൂജെൻ നിർമാണവിദ്യ
സംസ്ഥാനത്തെ റോഡുകളും പാലങ്ങളും പൊതുകെട്ടിടങ്ങളും നിർമിക്കാൻ ന്യൂജെൻ നിർമാണവിദ്യയാണ് പൊതുമരാമത്ത് വകുപ്പ് ഉപയോഗിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ഈടുനിൽക്കുന്നതും കാലാവസ്ഥയ്ക്ക് അനിയോജ്യമായതുമാണിവ. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സമഗ്രപഠനവും നടത്തുന്നു. വാഹനപ്പെരുപ്പമുള്ള റോഡുകളിലെ സ്റ്റോൺ മാട്രിക്സ് അസ്‌ഫാൾട്ട് (എസ്എംഎ) ടാറിങ്, ടാർ മിശ്രിതത്തിന് പകരം പ്രത്യേക സിമന്റ് മിശ്രിതം ഉപയോഗിക്കുന്ന വൈറ്റ് ടോപ്പിങ്, സിമന്റിനെക്കാൾ കരുത്തുറ്റ അൾട്രാ -ഹൈ-പെർഫോമൻസ് ഫൈബർ റൈൻഫോഴ്സ്ഡ് കോൺക്രീറ്റ് ഉപയോഗിച്ചുള്ള നിർമാണം തുടങ്ങിയവയാണ് പ്രധാനം.

നാട് അനുഭവിച്ചറിഞ്ഞ വികസനം : പി എ മുഹമ്മദ് റിയാസ് (പൊതുമരാമത്ത് മന്ത്രി)
പശ്ചാത്തല വികസനമേഖലയുടെ ഹബ്ബായി കേരളം മാറുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഒമ്പതര വർഷത്തിനിടെ ഉണ്ടായത്. മികച്ച റോഡുകളും പാലങ്ങളും മേല്‍പ്പാലങ്ങളും കെട്ടിടങ്ങളും നാട് നേരിട്ട് അനുഭവിച്ചറിഞ്ഞ വികസനമാണ്.
ദേശീയപാത വികസനവും അതിവേഗം പുരോഗമിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പ്രവൃത്തിയാണ് എല്‍ഡിഎഫ് യാഥാര്‍ഥ്യമാക്കുന്നത്. 444 കി.മീ. പൂര്‍ത്തിയായി. ആറുവരിയിലേക്ക് മാറുന്ന ഓരോ റീച്ചും ഗതാഗതത്തിന് തുറന്നു. മൂന്നാർ - ബോഡിമേട്ട്, നാട്ടുകാൽ - താണാവ് പാത പ്രവർത്തിയും പൂർത്തിയാക്കി. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് 15301.04 കോടിയിലധികം രൂപ കിഫ്ബി പദ്ധതികളില്‍ ചെലവഴിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റോഡ് വികസന പദ്ധതികള്‍ക്ക് വേണ്ടി മാത്രം 35,000 കോടിയോളം അനുവദിച്ചു.








0 comments